Connect with us

Articles

നവംബര്‍ എട്ട് ഒരു സാമ്പത്തിക വിഷയമല്ല

Published

|

Last Updated

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരു വര്‍ഷം തികഞ്ഞു. സാമ്പത്തിക വ്യവഹാരങ്ങളില്‍ മാത്രം കടന്നുവരാവുന്നതോ ചര്‍ച്ച ചെയ്യപ്പെടേണ്ടതോ ആയ ഒന്നല്ല നവംബര്‍ എട്ട്. ഒരു ജനതയുടെ പ്രതികരണ ബോധത്തിന്റെയും രാഷ്ട്രീയ സാക്ഷരതയുടെയും കൃത്യമായ വിലയിരുത്തപ്പെടലിന്റെ കൂടി ദിവസമായിരുന്നു അത്. ഭരണാധികാരികളാല്‍ നാം കബളിപ്പിക്കപ്പെടുകയും രാജ്യം ഒന്നടങ്കം ഒരു മണ്ടന്‍ പരിഷ്‌കരണത്തില്‍ നെട്ടോട്ടമോടുകയും ഉണ്ടായി. തെരുവിലിറങ്ങേണ്ട ജനത വിധേയപ്പെടലിന്റെഅപകടകരമായ മാതൃക സൃഷ്ടിക്കുകയായിരുന്നു. എ ടി എമ്മിലെയും ബേങ്കിലെയും വരികള്‍ക്കിടയില്‍ നിന്ന് ഒരിക്കല്‍ പോലും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുകേട്ടതേയില്ല. ഇതോടെ രാജ്യത്തെ പ്രതിപക്ഷം കൂടുതല്‍ മെലിയുകയും ചെയ്തു. തെണ്ണൂറുകളിലെ മുതലാളിത്വത്തിന്റെ കടന്നുവരവിനേക്കാള്‍ മാരകമായ രീതിയില്‍ ആ ഒറ്റ ദിവസത്തോട് കൂടി ഇന്ത്യന്‍ പൊതുജീവിതം തച്ചുതകര്‍ക്കപ്പെടുകയായിരുന്നു. ആരാണ് ഭരിക്കുന്നത് ആരാണ് ഭരിക്കപ്പെടുന്നത് എന്ന ചോദ്യം നമ്മുടെ ബൗദ്ധിത മണ്ഡലത്തില്‍ സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട് എന്നതാണ് നോട്ട് നിരോധനം ആകെക്കൂടി ബാക്കിവെക്കുന്നത്.

അന്റോണിയോ ഗ്രാംഷിയാണ്ഫാസിസത്തിന്റെ ഉള്ളടക്കം മുതലാളിത്വമാണെന്ന് പറഞ്ഞുവെച്ചത്. മുസോളിനിയുടെ ഇറ്റലിയെക്കുറിച്ച് ഗ്രാംഷിയുടെ ഈ നിര്‍വചനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പുലര്‍ന്നിരിക്കുകയാണ്. മുതലാളിത്വത്തിന്റെ ഭീകരരൂപമാണ് ഇന്ത്യന്‍ ഫാസിസമെന്ന് പറയേണ്ടിയിരിക്കുന്നു. ഗോള്‍വാള്‍ക്കറുടെ വിചാര ധാരക്കപ്പുറത്തേക്ക് പടര്‍ന്നു പന്തലിച്ചിരിക്കുന്ന കോര്‍പറേറ്റ് സാമ്രാജ്യമാണത്. അതിന്റെ മൂലധനം മത വര്‍ഗീയതയാണ്. നുണയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുകയും ചോരയില്‍ വളരുകയും ചെയ്യുന്ന ഇന്ത്യന്‍ ഫാസിസംമൈക്രോസ്‌കോപ്പിക്ക് മാനിപ്പുലേഷന്റെ പുത്തന്‍ രീതിശാസ്ത്രമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വീകരിക്കുന്നത്. ഒരുപക്ഷേ, ഹിറ്റ്‌ലറുടെ ജര്‍മനിയിലോ മുസോളിനിയുടെ ഇറ്റലിയിലോ ഫ്രാങ്കോയുടെ സ്‌പെയിനിലോ പോലും ഇത്തരം ഭീകരമായ ഒരു സാമാന്യവത്കരണം നടന്നിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ക്ലാസിക്കല്‍ ഫാസിസത്തിന്റെ നിഴല്‍ രൂപമല്ല അതിന്റെ മൂര്‍ത്തി ഭാവമാണ് ഇന്ത്യയില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കേവലമായ ഒരു മതരാഷ്ട്രവാദമാണ് ആര്‍ എസ് എസിന് ഉള്ളത് എന്ന വാദം പുതിയ കാലത്ത് തിരുത്തേണ്ട ഒന്നാണ്. ഇന്ന് അത് കേര്‍പറേറ്റ് താത്പര്യങ്ങള്‍ കൂടി ഇഴചേര്‍ന്നാണ് നിലകൊളളുന്നത്. പെട്ടെന്നുണ്ടായ നോട്ട് നിരോധനവും ജി എസ് ടിയുമൊക്കെ ലക്ഷ്യം വെച്ചത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയല്ല കോര്‍പറേറ്റ് സമൂഹത്തിന്റെ വളര്‍ച്ചയായിരുന്നു. കൊള്ളയടിക്കപ്പെട്ടത് കള്ളപ്പണക്കാരുടെ അലമാരകളായിരുന്നില്ല, കോടിക്കണക്കിന് വരുന്ന ദരിദ്രരുടെ പോക്കറ്റായിരുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ പോലും കുലുങ്ങാതിരുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ നോട്ട് നിരോധനത്തോടെ കീഴ്‌മേല്‍ മറിഞ്ഞത് ഭരണകൂടത്തിന്റെ കോര്‍പറേറ്റ് വത്കരണത്തിന്റെ ഫാസിസ്റ്റ് രീതികള്‍ മൂലമാണ്. എല്ലാവര്‍ക്കും ബേങ്ക് അക്കൗണ്ട് അനിവാര്യമാണ് എന്ന പേരില്‍ എല്ലാം കേന്ദ്രീകൃതമായി ബേങ്കിംഗ് മേഖലയില്‍ കൂട്ടിക്കെട്ടി അതുവഴി രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ പൊതുജീവിതം നിയന്ത്രിക്കാം എന്ന കണക്കു കൂട്ടലായിരുന്നു ഭരണകൂടത്തിന്. ആഗോള സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് ഇന്ത്യന്‍ എക്കോണമിയില്‍ അത് കാര്യമായിപ്രതിഫലിക്കാതിരുന്നതിന്റെ മുഖ്യ കാരണം ഇന്ത്യന്‍ പൊതു ജീവിതം ബേങ്കിംഗ് മേഖലയുമായി അത്ര സജീവമായ ഒരു ബന്ധമല്ല നിലനിന്നിരുന്നത് എന്നതായിരുന്നു. ഓഹരി വിപണികളിലെ വലിയ മാറ്റങ്ങള്‍ പോലും ഇന്ത്യന്‍ പൊതുജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല. അത് കോര്‍പറേറ്റ് സൊസൈറ്റിയില്‍ മാത്രമാണ് പ്രതിഫലിച്ചത്. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. ക്യാഷ് ലെസ് എക്കോണമി എന്ന പുതിയ വാദവും ബേങ്കിംഗ് മേഖലയിലെ തട്ടിപ്പിന്റെ പുതിയ രൂപമാണ്. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്ന തുക പേപ്പര്‍ ട്രാന്‍സാക്ഷനെക്കാളും ഉയര്‍ന്ന തോതിലായിരിക്കും. ആദ്യം എല്ലാം സൗജന്യമായി നല്‍കുകയും അത് അനിവാര്യമായി വരുമ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉപഭോക്താവിനെ കൊള്ളയടിക്കുകയും ചെയ്യുന്ന പതിവു രീതികള്‍ തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുക.

കേന്ദ്രീകൃതമായ ഒരൊറ്റ നികുതി എന്നത് ഒരു വ്യാജ പ്രചാരണമായിരുന്നു എന്നതാണ് ജി എസ് ടി നടപ്പാക്കിയപ്പോള്‍ നാം തിരിച്ചറിയുന്നത്. സത്യത്തില്‍ അത് എക്കണോമിക്കലായ ഒരു കബളിപ്പിക്കലായിരുന്നു. ജി എസ് ടിയുടെ മറപിടിച്ചു മാര്‍ക്കറ്റില്‍ വലിയ കൊള്ളയാണ് നടക്കുന്നത്. സാധാരണക്കാരന് ലഭിച്ചത് ഇരുട്ടടി മാത്രമായിരുന്നു. ജി എസ് ടി കൂടി വന്നതോടെ പൊതുജീവിതം കൂടുതല്‍ ദുസ്സഹമായി. അതിനിടയിലാണ് പാചകവാതക സബ്‌സിഡി കൂടി നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്തകള്‍. നിരന്തരമായ ഇന്ധന വിലവര്‍ധനയും കൂടി ആയതോടെ പൊതു മാര്‍ക്കറ്റില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വന്നിട്ടുണ്ട്. ഈ രീതിയില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ എത്രകണ്ട് മുന്നോട്ട് പോകും? സാമ്പത്തിക ശാസ്ത്രജ്ഞനില്‍ നിന്ന് ചായക്കടക്കാരനിലേക്ക് പ്രധാനമന്ത്രിപദംഎത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിക്കുന്നതാണ് വലിയ അബദ്ധം. ഇതൊരു സാമാന്യവത്കരണം കൂടിയാണ്. മോദി ഇഫക്ട് എന്നത് മോദി ഭരണകാലത്ത് മാത്രം സംഭവിക്കുന്നതായ ഒന്നല്ല. ആസൂത്രിതമായ കോര്‍പറേറ്റ് വത്കരണത്തിന്റെ ഭാഗമായി സ്വാഭാവികമായി രൂപപ്പെടുന്നതാണ്. ഇന്ധന വിലനിര്‍ണയ അധികാരം വിട്ടുനല്‍കിയും ആധാര്‍ പദ്ധതി കൊണ്ടുവന്നും മന്‍മോഹന്‍ ആണ് ഈ കോര്‍പറേറ്റ്‌വത്കരണം തുടങ്ങിവെച്ചത് എന്നത് മറന്നുകൂടാ. പ്രതിപക്ഷത്തിരുന്നു കൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നതിന് സ്വീകാര്യത കിട്ടാതെ പോയതും ഇക്കാരണങ്ങളാല്‍ കൊണ്ടാണ്. അത് കൊണ്ടാണ് രാഷ്ട്രീയ ചിന്തകര്‍ കോണ്‍ഗ്രസിന്റെ വിദൂര ഭാവിയില്‍ പോലും ഉള്ള തിരിച്ചുവരവ് പ്രതീക്ഷിക്കാതിരിക്കുന്നത്.
ബി ജെ പി കേന്ദ്രത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍, കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്കുള്ള ദൂരം ഒരു പശുവിന്റെതാണ് എന്നായിരുന്നു ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിന്റെ പരിഹാസം. ഈ പരിഹാസ്യത്തിന്റെ യുക്തി ബോധത്തെ കൃത്യമായി നിര്‍വചിക്കാവുന്ന രീതിയില്‍ ഇന്ന് ഇന്ത്യന്‍ ഫാസിസം അതിന്റെ പൂര്‍ണതയോടെ നമുക്കുമുന്നില്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. പശു ദൈവം മാത്രമല്ല അത് ഒരു മാര്‍ക്കറ്റ് കൂടിയാണ് എന്നതാണ് കോര്‍പറേറ്റ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ മൂല കാരണം. മതവര്‍ഗീയതയിലൂടെ മാര്‍ക്കറ്റിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുക വഴി പൊതു മാര്‍ക്കറ്റിനെ ഹൈജാക്ക് ചെയ്യുകയാണ് കോര്‍പറേറ്റ് മാര്‍ക്കറ്റ്. രണ്ടാം യു പി എ സര്‍ക്കാറിന്റെ എഫ് ഡി ഐ പദ്ധതിയും ഇത്തരത്തിലുള്ള ഒന്നായിരുന്നു. ലക്ഷ്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 40 ശതമാനത്തോളം വരുന്ന അസംഘടിത മേഖലയുടെ കച്ചവടം പൂട്ടിക്കുക എന്നതായിരുന്നു. മോദി ഭരണത്തില്‍ ഇത് കൂറേ കൂടി പ്രത്യക്ഷത്തില്‍ കാണുന്നുണ്ട്. ഇതിന്റെ ഫലങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ. മാര്‍ക്കറ്റില്‍ മത്സരങ്ങള്‍ കുറയുന്നതോടേ ഒരു കോര്‍പറേറ്റ് കമ്പോള സംസ്‌കാരം രൂപപ്പെടും. അത് ഭീകരമായ വിലക്കയറ്റത്തിലേക്കായിരിക്കും ഇന്ത്യയെ കൊണ്ട് പോവുക. ഇതോടെ ഇപ്പോള്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയ പൊതുവിതരണ സമ്പ്രദായം മെെല്ല നിര്‍ത്തിവെക്കുകയും ചെയ്യും. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പോലുള്ള കോണ്‍ഗ്രസ് ഭരണകാലത്തെ എല്ലാ ക്ഷേമപദ്ധതികളും പൂര്‍ണമായും പരാജയപ്പെടുത്തുക എന്ന ബി ജെ പി സര്‍ക്കാറിന്റെ പുതിയ രാഷ്ട്രീയ നയവും കൂടിയാവുമ്പോള്‍ രാജ്യം പട്ടിണിയിലേക്കായിരിക്കും ചുവടു വെക്കുക. ഒരു ഭാഗത്ത് കോര്‍പറേറ്റ് സമൂഹം തടിച്ചു കൊഴുക്കുകയും മറ്റൊരു ഭാഗത്ത് സിവില്‍ സമൂഹം മെലിഞ്ഞുണങ്ങുകയും ചെയ്താല്‍ അത് മൊത്തം സാമ്പത്തിക സന്തുലിതാവസ്ഥ തന്നെ തകര്‍ക്കും.

തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ സംഭവിച്ച ആഭ്യന്തര ഉത്പാദന വിപണിയിലെ തകര്‍ച്ചക്ക് കാരണം എന്ന നിരീക്ഷണവും തെറ്റാണ്. ഇത് അബദ്ധത്തില്‍ സംഭവിച്ചതായ ഒന്നല്ല. കാലാകാലങ്ങളായി ഇന്ത്യന്‍ ഭരണതലത്തില്‍ ദൃശ്യമായും അദൃശ്യമായും ഇടപെട്ടു കൊണ്ടിരിക്കുന്ന കേര്‍പറേറ്റ് ഫാസിസത്തിന്റെ പ്രതിഫലനമാണ്.
ഒരുപക്ഷേ അതിന് ചെറിയ തോതിലെങ്കിലും പ്രതിരോധം തീര്‍ത്തത് ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ്; അടിയന്തരാവസ്ഥ കാലത്താണെന്ന് പറയേണ്ടി വരും. ഇവിടെയാണ് നമ്മള്‍ ഫാസിസത്തിന്റെ രണ്ട് രൂപങ്ങള്‍ തമ്മിലുളള വൈരുധ്യങ്ങളെ പരിചയപ്പെടുന്നത്. അടിയന്തരാവസ്ഥക്ക് ഫാസിസ്റ്റ് സ്വഭാവം കൈവന്നിരുന്നെങ്കിലും സൂക്ഷ്മാര്‍ഥത്തില്‍ അത് കോര്‍പറേറ്റ് താത്പര്യങ്ങളെക്കാളും ജനകീയ താത്പര്യങ്ങളെയാണ് പരിപോഷിപ്പിച്ചത്. പ്രിവിപഴ്‌സ് നിര്‍ത്തലാക്കിയും ബേങ്കുകള്‍ ദേശസാത്കരിച്ചും ഇന്ദിരാ ഗാന്ധി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പില്‍കാലത്ത് നമ്മുടെ സാമ്പത്തിക മേഖലയെ കെട്ടുറപ്പുള്ളതാക്കി. അക്കാലത്ത് ഇന്ദിരയുടെ സാമ്പത്തിക ഉപദേശകരില്‍ മിക്കവരും ഇടതുപക്ഷചിന്താഗതിക്കാരായ പഴഞ്ചന്‍മാരാണ് എന്ന ആക്ഷേപം ഉണ്ടായിരുന്നു. അവര്‍ക്ക് സോവിയറ്റ് താത്പര്യങ്ങളാണ് ഉണ്ടായിരുന്നതെന്നും പ്രചരിപ്പിച്ചു. എങ്കിലും അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളില്‍ പോലും ഇന്ദിരാഗാന്ധിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വലിയ പ്രതിപക്ഷ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ശേഷം രാജീവ് ഗാന്ധിയുടെ ഭരണത്തിലാണ് പുത്തന്‍ സാമ്പത്തിക നയം എന്ന പേരില്‍ സാമ്പത്തിക ഘടന പൊളിച്ചെഴുതിയതും കേര്‍പറേറ്റ്‌വത്കണം സജീവമായി ആരംഭിക്കുന്നതും. പിന്നീട് നരസിംഹറാവു സര്‍ക്കാറിന്റെ കാലമായപ്പോഴേക്കും അത് ഉഗ്രരൂപം പ്രാപിക്കുകയും ചെയ്തു. അക്കാലത്ത് കോര്‍പറേറ്റ്‌വത്കരണത്തിന് ചുക്കാന്‍ പിടിച്ച ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനാക്കിയതും ഈ സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നു.
ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിലെത്തിയ ഒന്നാംയു പി എ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പു പദ്ധതിയുംപ്രധാനമന്ത്രി ഗ്രാമ് സധക് യോജനയും വിവരാവകാശ നിയമവുമൊക്കെ സര്‍ക്കാറിന്റെ ജനകീയ പ്രതിച്ഛായ ഉയര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലമായപ്പോയേക്കും ടു ജി സ്‌പെക്ട്രവും കോമണ്‍വെല്‍ത്ത് അഴിമതിയും കല്‍ക്കരി കുംഭകോണവുമടക്കം അഴിമതിയുടെ ഘോഷയാത്ര തന്നെ ആരംഭിക്കുകയും പൊതുമേഖലയില്‍ സ്വകാര്യവത്കരണം തുടരുകയും ചെയ്തു. ഇന്ധന വില നിയന്ത്രണാധികാരം എണ്ണകമ്പനികള്‍ക്ക് വിട്ടു നല്‍കിയതോടെ കേര്‍പറേറ്റ് സേവ അതിന്റെ ഔന്നിത്യത്തില്‍ എത്തിനിന്നു. പിന്നീട് എന്‍ ഡി എ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതോടെ ഇന്ധന വില നിര്‍ണയാധികാരം പൂര്‍ണമായും സ്വകാര്യമേഖല കയ്യടക്കി വെക്കുകയുമുണ്ടായി. മോദി അധികാരത്തില്‍ എത്തുന്നതിനു തൊട്ട് മുമ്പ് ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റവും രത്തന്‍ ടാറ്റയും അദാനിയുമടക്കമുള്ള കോര്‍പറേറ്റ് സമൂഹം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തതും വരാനിരിക്കുന്ന കേര്‍പറേറ്റ് ഭരണത്തിന്റെ സൂചനയായിരുന്നു.
കോര്‍പറേറ്റിസവും കമ്മ്യൂണലിസവും കൈകോര്‍ക്കുന്നതാണ് ഇന്ത്യയില്‍ ഇപ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന നവ ഫാസിസം. ഇത് ഇന്ത്യയുടെ പരമ്പരാഗത ദേശീയതാ ഉള്ളടക്കത്തെ പൊളിച്ചെഴുതുകയാണ്. ഭരണകൂട വിധേയത്വം എന്നത് രാജ്യസ്‌നേഹത്തിന്റെ മാനദണ്ഡമായി മാറ്റുകയും ചോദ്യങ്ങള്‍ ഉയരാത്ത ക്ലാസ് റൂമുകളെ സൃഷ്ടിക്കുകയുമാണവര്‍. ബീഫില്‍ തുടങ്ങി അടുക്കളയില്‍ നിന്ന് അക്കാദമികളിലേക്ക് കടന്നുകയറുന്നതിലൂടെ ബൗദ്ധിക തലത്തിലുളള വളര്‍ച്ചകൂടി ഇവര്‍ ലക്ഷ്യം വെക്കുന്നുണ്ട്. എങ്കിലും കലാലയങ്ങള്‍ ഈ സാംസ്‌കാരിക ഫാസിസത്തെ തിരിച്ചറിയുകയും സര്‍ഗാത്മകമായി പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ഇപ്പോഴും ഉള്‍കരുത്ത് നല്‍കുന്നത്.

 

 

---- facebook comment plugin here -----

Latest