എം വി രാഘവന്‍: കമ്മ്യൂണിസ്റ്റ് അവസ്ഥാന്തരങ്ങളുടെ പ്രതീകം

Posted on: November 9, 2017 6:09 am | Last updated: November 8, 2017 at 10:11 pm
SHARE

എം വി രാഘവന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എം വി ആര്‍ ഒരു പ്രതീകമായിരുന്നു. ഈ കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസ്ഥാന്തരങ്ങളുടെ പ്രതീകം. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് തൊഴിലെടുക്കാനിറങ്ങേണ്ടിവന്ന ഒരു സാധാരണക്കാരന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങിയ അദ്ദേഹം നേതൃപാടവം കൊണ്ടുമാത്രം പാര്‍ട്ടിയുടെ ഉന്നതങ്ങളിലെത്തി. പഞ്ചായത്ത് പ്രസിഡന്റും എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും നിയമസഭാകക്ഷി സെക്രട്ടറിയുമൊക്കെ ആയതിനുശേഷമാണ് അദ്ദേഹം നേതൃത്വവുമായി ഭിന്നതയിലാകുന്നത്. എ കെ ഗോപാലന്റെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യന്മാരില്‍ പ്രധാനപ്പെട്ട ആളായിരുന്നു എം വി ആര്‍.

എപ്പോഴും ഗൗരവ മുഖഭാവമുള്ള ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളോട് ആ ഗൗരവഭാവമെല്ലാം വെടിഞ്ഞ് തുറന്ന് സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ തന്നാലാവും വിധം പരിഹരിക്കുകയും ചെയ്യുമായിരുന്നു. ഒരു പക്ഷെ, കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഇത്രയധികംപേരെ വ്യക്തിപരമായി നേരിട്ടു സഹായിച്ചുകാണുകയില്ല.
രാഷ്ട്രീയരംഗത്ത് വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണ് സി എം പി രൂപവത്കരണത്തിന്റെ അടിസ്ഥാന ശില. കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെ പറ്റി വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ 1985-86 കളില്‍ സി പി എമ്മില്‍ ഉണ്ടായി. ഇടത് മുന്നണിക്കെതിരായി നിലകൊള്ളുന്ന യു ഡി എഫ് അന്ന് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്.
പാര്‍ട്ടിയില്‍ വിവിധ ഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടി നയത്തെപറ്റി സ്വതന്ത്രവും കാര്യമാത്ര പ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും, ആവശ്യവുമാണെന്നാണ് സി പി എം ഭരണഘടനയില്‍ പറയുന്നത്. അതിന്റ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്തുവാനേ സഹായിക്കുകയുള്ളൂവെന്ന കേന്ദ്രകമ്മിറ്റി കത്തിനെതിരായി എം വി രാഘവന്‍, പുത്തലത്ത് നാരായണന്‍, പി വി കുഞ്ഞിക്കണ്ണന്‍, ഇ കെ ഇമ്പിച്ചിബാവ, ടി ശിവദാസ മേനോന്‍, വി വി ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി വി മൂസാന്‍കുട്ടി, സി കെ ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കേരളത്തില്‍ ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള മുന്നണി പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്ര കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമര്‍ഥിച്ചുകൊണ്ട് ഒരു ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും പാര്‍ട്ടി സമ്മേളനത്തിന് മുമ്പാകെയും അവതരിപ്പിക്കുന്നത്.
ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ മൗലികമായ അവകാശങ്ങള്‍ പോലും രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്നും സി പി എം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യം ബദല്‍ രേഖയില്‍ എടുത്ത് പറഞ്ഞു. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാകുമെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ബദല്‍ രേഖയില്‍ ഒപ്പിട്ടവരെ കൂടാതെ നായനാര്‍ അടക്കമുള്ള പ്രമുഖരായ പല നേതാക്കളും ഈ ഭിന്നാഭിപ്രായ കുറിപ്പിനോട് അന്ന് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

കേരള കോണ്‍., ലീഗ് കക്ഷികളുമായി ഒരു കാലത്തും ബന്ധപ്പെടുകയില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം പാര്‍ട്ടിയെയും ബഹുജന പ്രസ്ഥാനത്തെയും മുസ്‌ലിം-ക്രിസ്ത്യന്‍ ജനസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനേ സഹായിക്കൂ എന്ന് ബദല്‍ രേഖ ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ അനുയോജ്യമായ ഒരു നയമേ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിന്റെ അടിസ്ഥാനത്തിലാണ് എം വി രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സമൂഹത്തിലെ ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുള്ള ജനങ്ങളെയാകെ വര്‍ഗാടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞാലേ ഇടതു പക്ഷത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെടുകയുള്ളൂ.
ബദല്‍ രേഖയെ തുടര്‍ന്ന് തനിക്കെതിരെ കൈക്കൊണ്ട അച്ചടക്കനടപടിക്കെതിരായി സംസ്ഥാന കമ്മിറ്റിക്ക് രാഘവന്‍ നല്‍കിയ കത്തില്‍ പറയുന്നു: ”ശരീഅത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുമ്പോള്‍ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ മതവിരോധികള്‍ എന്ന് മുദ്രകുത്തി മുസ്‌ലിം ജനവിഭാഗങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുമെന്നും അത് കണക്കിലെടുത്താലേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അത് കണക്കിലെടുക്കാത്തതിന്റെ ഫലം മുസ്‌ലിം വര്‍ഗീയവാദികള്‍ ഒന്നിക്കുന്നിടത്തേക്കാണ് ചെന്നെത്തിയത്. മതവിരോധ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തൊരിടത്തും വളര്‍ന്നിട്ടില്ല. നമ്മുടേത് ഒരു മതവിരുദ്ധ പ്രസ്ഥാനവുമല്ല. മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും സിഖുകാരനായാലും ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും അവരെ വര്‍ഗപരമായി അണിനിരത്തുകയാണ് വേണ്ടത്.” അങ്ങനെ, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചുകൊണ്ടും അതിന്റെ അടിസ്ഥാനത്തിലുള്ള ബദല്‍ രേഖ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് സി എം പി രൂപവത്കരിച്ചത്.

രാജ്യത്തെ വര്‍ഗീയ ശക്തികളുടെ ഭരണക്കുത്തക അവസാനിപ്പിക്കാനും അവരുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനും മറ്റാരെക്കാളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മതേതരപ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1987-ല്‍ തന്നെ ബി ജെ പിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷപാര്‍ട്ടികളും ജനാധിപത്യ-മതേതരപാര്‍ട്ടികളും യോജിച്ചുനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നിലയിലുള്ള അഭിപ്രായം ആദ്യമായി പറഞ്ഞ ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എം വി ആര്‍. അന്ന് ഈ അഭിപ്രായത്തെ മാനിക്കാന്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള മതേതരപാര്‍ട്ടികളും തയ്യാറായില്ല. എന്നാല്‍ പിന്നീട് ഈ പാര്‍ട്ടികള്‍ക്കെല്ലാം ബി ജെ പിക്കെതിരായ ഇടതുപക്ഷ-മതേതര ഐക്യത്തിന്റെ പ്രാധാന്യം ബോധ്യമായി. ആ നിലയില്‍ ഒരു നിലപാട് കൈക്കൊണ്ടതുകൊണ്ടാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇടതുപാര്‍ട്ടികള്‍ക്ക് വളരെ മെച്ചപ്പെട്ട സ്ഥാനം ആ സര്‍ക്കാറില്‍ ലഭിക്കുകയും ചെയ്തു.
ബി ജെ പിക്കെതിരായ വിപുലമായ ഇടത്-മതേതരമുന്നണിയെപ്പറ്റി ഗൗരവമായ ചര്‍ച്ച നടക്കുകയാണിപ്പോള്‍. മുഖ്യമതേതര പാര്‍ട്ടി ഇന്നും കോണ്‍ഗ്രസാണ്. കോണ്‍ഗ്രസുമായി സഹകരിച്ചുകൊണ്ട് ബി ജെ പിയെ നേരിടണമോ എന്നുള്ളത് ഇടത് പക്ഷത്തും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യശത്രു ആരെന്ന് നിശ്ചയിച്ച് അവര്‍ക്കെതിരായി അണിനിരത്താന്‍ കഴിയുന്നവരെയെല്ലാം രംഗത്ത് കൊണ്ടുവരണമെന്ന മാര്‍ക്‌സിസ്റ്റ് അടവു നയം ഇപ്പോഴും ചിലര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.
ദേശീയ രാഷ്ട്രീയത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന വര്‍ഗീയ-ഛിദ്രശക്തികളെ ഫലപ്രദമായി നേരിടാന്‍ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന അഭിപ്രായക്കാരനായിരുന്നു അവസാന നാളുകളില്‍ എം വി ആര്‍. അതുകൊണ്ട് തന്നെയാണ് മൂന്ന് പതിറ്റാണ്ടുകാലം താന്‍ നിലകൊണ്ട യു ഡി എഫ് പാളയം ഉപേക്ഷിക്കാനും ഇടതുപക്ഷത്തോടൊപ്പം വീണ്ടും മുന്നോട്ട് പോകാനും അദ്ദേഹം തീരുമാനിച്ചത്.

സി എം പിയില്‍ എന്നും അദ്ദേഹത്തോടൊപ്പം നടന്നിട്ടുള്ള ഒരാളാണ് ഈ ലേഖകന്‍. രാഷ്ട്രീയ പ്രവര്‍ത്തനം കലാസമിതി പ്രവര്‍ത്തനം പോലെയല്ലെന്നും വളരെ ചിട്ടയായും നിരന്തരമായും നടത്തേണ്ട ഒന്നാണെന്നും അദ്ദേഹം പറയുമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്‍ ദിനംപ്രതിയുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഒരു ടൈംടേബില്‍ തന്നെ ഉണ്ടാക്കണമെന്നും ഒരു നിമിഷം പോലും വെറുതെ കളയാതെ രാഷ്ട്രീയ പ്രവര്‍ത്തനം ഫലപ്രദമായി നടത്തണമെന്നുമുള്ള പക്ഷക്കാരനായിരുന്നു അദ്ദേഹം. എം വി ആറില്‍ നിന്നും രാഷ്ട്രീയ കേരളത്തിന് വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here