Connect with us

Editorial

ഭീകരതക്കെതിരെ സഊദി സര്‍ക്കാറും

Published

|

Last Updated

നയപരമായ സമൂല മാറ്റത്തിന്റെ വാര്‍ത്തകളാണ് ഈയിടെയായി സഊദിയില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തീവ്രസലഫിസത്തിന് രാജ്യത്തെ ചിലര്‍ നല്‍കിവരുന്ന പിന്തുണയും സഹായവും അവസാനിപ്പിച്ച് അവരെ ശക്തമായി നിയന്ത്രിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. രാജ്യത്തിന്റെ മത, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ തീവ്രസലഫി പണ്ഡിതന്മാര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി രാജ്യം പരമ്പരാഗതമായ ഇസ്‌ലാമിലേക്ക് തിരിച്ചുപോകുമെന്ന് രണ്ടാഴ്ച മുമ്പ് റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസ്താവിച്ചിരുന്നു. ലോകരാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കുന്നതിന് തീവ്രചിന്താഗതികള്‍ ഇല്ലാതാക്കുമെന്നും തീവ്രവാദത്തിന്റെ അവശിഷ്ടങ്ങള്‍ രാജ്യം തച്ചുടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പര്യായമാണ് സലഫിസം. ഇസ്‌ലാമിന് ജിഹാദിസ്റ്റ് വ്യാഖ്യാനം നല്‍കി പൂര്‍വ കാല സൂരികളെ തള്ളിപ്പറയുന്ന ഇവര്‍ തോക്കിന്‍മുനയിലൂടെയാണ് തങ്ങളുടെ ആദര്‍ശവും നയങ്ങളും നടപ്പാക്കി വരുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അവര്‍ നടത്തിയ രക്തരൂഷിത ആക്രമണങ്ങള്‍ മുതല്‍ വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ ഇസില്‍ നടത്തുന്ന കൊടുംക്രൂരതകള്‍ വരെ ഇതിന് വ്യക്തമായ തെളിവാണ്. കാലാകാലങ്ങളിലായി വിശ്വാസികള്‍ മഹത്വവും ആദരവും പുലര്‍ത്തി സംരക്ഷിച്ചു വന്നിരുന്ന നിരവധി ഇസ്‌ലാാമിക പൈതൃകങ്ങള്‍ തകര്‍ത്തും നൂറുകണക്കിന് പണ്ഡിതരെ കൊന്നൊടുക്കിയുമായിരുന്നു സലഫിസം സ്ഥാപിച്ചത്. യഥാര്‍ഥ മുസ്‌ലിംകള്‍ തങ്ങള്‍ മാത്രമാണെന്നും മറ്റെല്ലാവരും കൊല്ലപ്പെടേണ്ടവരാണെന്നും വാദിക്കുന്ന ഈ വിഭാഗം പക്ഷപാതിത്വപരവും ആപത്കരവുമായ വംശീയ ശുദ്ധിയില്‍ വിശ്വസിക്കുന്നവരാണ്. സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുന്ന സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക ഇവരുടെ അജന്‍ഡയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇസ്‌ലാമിക സമൂഹങ്ങളില്‍ വിഭാഗീയത വളര്‍ത്തുന്നതിലും പരസ്പരം ശത്രുതയില്‍ നിലനിര്‍ത്തുന്നതിലും ഇവര്‍ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. മുല്ലാ ഉമറിന് താലിബാനിസവും ഉസാമാബിന്‍ ലാദന് അല്‍ഖാഇദയും സ്ഥാപിക്കാന്‍ പ്രചോദനം ലഭിച്ചത് ഈ ചിന്താധാരയില്‍ നിന്നായിരുന്നു. സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും ഇസ്‌ലാമിക മുഖം കൂടുതല്‍ വിശുദ്ധിയോടെ അവതരിപ്പിച്ച സൂഫികളുടെ മഖ്ബറകള്‍ക്ക് നേരെ “കര്‍സേവ” സംഘടിപ്പിച്ചു കൊണ്ടായിരുന്നുവല്ലോ താലിബാനിസത്തിന്റെ മുന്നേറ്റം ആരംഭിച്ചതു തന്നെ. തീവ്രസലഫിസത്തിന്റെ മറ്റൊരു പതിപ്പായ ഇസിലും ഇതിനിടെ സിറിയയില്‍ സ്വഹാബി വര്യനായ ഫുജര്‍ബ്‌നു അദിയ്യ്(റ)വിന്റെ അന്ത്യവിശ്രമസ്ഥാനമടക്കം നിരവധി പുണ്യസ്മാരകങ്ങള്‍ തകര്‍ക്കുകയുണ്ടായി. കൊടിയ വിഷമുള്ള ചിന്താഗതിക്കെതിരായ സഊദി സര്‍ക്കാറിന്റെ നീക്കം ആഗോള മുസ്‌ലിം സമൂഹത്തിന് ഏറെ ആശ്വാസകരമാണ്.

ഭരണ മേഖലയെ അഴിമതി മുക്തമാക്കുന്നതിനും സഊദി ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. സാമ്പത്തിക ആസൂത്രണ വകുപ്പ് മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് നാഷനല്‍ ഗാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന മിത്അബ് ബിന്‍ അബ്ദുല്ല എന്നിവരെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്തു പകരം മുഹമ്മദ് അത്തുവൈജിരി, അമീര്‍ ഖാലിദ് ബിന്‍ അയ്യാഫ് എന്നിവരെ നിയമിച്ചത് ഇതിന്റെ ഭാഗമാണ്. ഒട്ടേറെ ഉദ്യോസ്ഥ പ്രമുഖരുടെ അധികാര സ്ഥാനങ്ങളും തെറിച്ചിട്ടുണ്ട്. വ്യവസായപ്രമുഖനും ശതകോടീശ്വരനുമായ അമീര്‍ വലീദ് ബിന്‍ തലാല്‍, അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല, അമീര്‍ തുര്‍ക്കി ബിന്‍ നാസര്‍, അമീര്‍ ഫഹദ്ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് എന്നിവരുള്‍പ്പെടെ 11 രാജകുടുംബാംഗങ്ങളും നാല് മന്ത്രിമാരും 10 മുന്‍ മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും ഉള്‍പ്പെടെ 50ല്‍ പരം പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയുമുണ്ടായി. 2009ലെ ജിദ്ദ വെള്ളപ്പൊക്കം, കൊറോണ വൈറസ് ബാധ തുടങ്ങിയവ സംബന്ധിച്ച കേസുകള്‍ പുനരന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. അനുമതിയില്ലാതെയും അന്യായമായും ആയുധങ്ങളും സാധന സാമഗ്രികളും വാങ്ങിക്കൂട്ടല്‍, കള്ളപ്പണം വെളുപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം, ഹറം വികസന പദ്ധതിയിലെ അഴിമതി തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതിവിരുദ്ധ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടികളത്രയും. നാല് ദിവസം മുമ്പാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് സമിതിക്ക് രൂപം നല്‍കിയത്. അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും രാജകുടുംബാംഗങ്ങളോ മന്ത്രിമാരോ നിയമത്തിന് അതീതരല്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസ്താവിച്ചിരുന്നു. ഇന്ത്യയെ പോലുള്ള അഴിമതി കൊണ്ട് പൊറുതി മുട്ടിയ രാജ്യങ്ങള്‍ക്ക് മാതൃകയാണ് സഊദി ഭരണകൂടത്തിന്റെ ശക്തമായ ഈ നിലപാട.് ആളുടെ വലിപ്പവും മുഖവും നോക്കാതെയുള്ള കര്‍ശന നടപടികളിലൂടെ മാത്രമേ അഴിമതി തുടച്ചു നീക്കാനാവുകയുള്ളൂ.

 

Latest