പ്രതിദിനം ആയിരം സര്‍വീസുമായി ഇന്‍ഡിഗോ

Posted on: November 8, 2017 11:46 pm | Last updated: November 8, 2017 at 10:48 pm
SHARE

നെടുമ്പാശ്ശേരി: ഇന്ത്യയിലെ ഏറ്റവും വലിയ ലോകോസ്റ്റ് വിമാനകമ്പനിയായ ഇന്‍ഡിഗോ 47 പുതിയ സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതിനായി 28 അധിക വിമാനങ്ങള്‍ ഇന്‍ഡിഗോ സര്‍വീസിനായി എത്തിക്കും. 19 പുതിയ മേഖലകളിലേക്കും സര്‍വീസ് ആരംഭിക്കാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതോടെ 2017 ഡിസംബര്‍ 23 ന് പ്രതിദിനം 1000 വിമാന സര്‍വീസ് എന്ന നാഴികകല്ല് ഇന്‍ഡിഗോ പിന്നിടും. ഇന്‍ഡിഗോ ഇനി ലക്‌നൗ-ഷാര്‍ജ, ഹൈദരാബാദ് – ഷാര്‍ജ, ലക്‌നൗ – ശ്രീനഗര്‍, ഹൈദരാബാദ് – റാഞ്ചി, ലക്‌നൗ – ഡെറാഡൂണ്‍ എന്നീ റൂട്ടുകളില്‍ ആദ്യമായി സര്‍വീസ് ആരംഭിക്കും.

പുതിയതും താങ്ങാനാവുന്നതുമായ വിമാന യാത്രകള്‍ തിരയുന്ന ബിസിനസുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുഖ്യ പരിഗണന നല്‍കിയാണ് പ്രധാനമായും ഫ്‌ളൈറ്റ് സര്‍വീസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളെ യഥാക്രമം ഗുവാഹത്തി, ഭുവനേശ്വര്‍, കൊച്ചി തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു.പ്രതിദിനം ആയിരം വിമാനസര്‍വീസുകള്‍ എന്നത് ഇന്ത്യയില്‍ ഇതുവരെ ഒരു എയര്‍ലൈനും കൈവരിച്ചിട്ടില്ലാത്ത നേട്ടമാണെന്ന് ഇന്‍ഡിഗോ പ്രസിഡന്റും മുഴുവന്‍ സമയ ഡയറക്ടറുമായ ആദിത്യ ഘോഷ് പറഞ്ഞു.