സഊദിയുടെ ആരോപണം ഏറ്റുപിടിച്ച് അമേരിക്ക: ഇറാനെതിരെ നടപടി വേണമെന്ന്

Posted on: November 8, 2017 10:42 pm | Last updated: November 8, 2017 at 10:42 pm
SHARE

ന്യൂയോര്‍ക്ക്: ഇറാനെതിരായ സഊദി അറേബ്യയുടെ ആരോപണം ഏറ്റുപിടിച്ച് അമേരിക്ക. യമനിലെ ഹൂത്തി വിമതരെ കൂട്ടുപിടിച്ച് സഊദിക്കെതിരെ ഇറാന്‍ സൈനിക ആക്രമണം നടത്തുന്നുവെന്ന ഗുരുതരമായ ആരോപണത്തില്‍ നടപടിയെടുക്കാന്‍ യു എന്നിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇറാനെതിരെ സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ യു എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി ഏറ്റുപിടിച്ചു. സഊദി അറേബ്യയില്‍ ജൂലൈയിലും കഴിഞ്ഞ ദിവസം റിയാദിലുമുണ്ടായ ആക്രമണത്തിന് പിന്നില്‍ യമനിലെ ഹൂത്തി വിമതരാണെന്നും അവര്‍ക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും നല്‍കുന്നത് ഇറാനാണെന്നും നിക്കി വ്യക്തമാക്കി. എന്നാല്‍, സഊദിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ഇറാന്‍ പ്രതികരിച്ചു.
ഇത്തരത്തിലുള്ള മാരകമായ ആയുധങ്ങള്‍ യമനിലെ ഹൂത്തി വിമതര്‍ക്ക് നല്‍കുന്നതോടെ ഒരേസമയം ഇറാന്‍ രണ്ട് യു എന്‍ തീരുമാനങ്ങളെ മറികടന്നെന്നും ഈ സാഹചര്യത്തില്‍ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഐക്യരാഷ്ട്ര സഭയും ലോകരാജ്യങ്ങളും തയ്യാറാകണമെന്നും ഹാലി ആവശ്യപ്പെട്ടു.

ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരെ ട്രംപ് ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ ചെലുത്തുന്ന സമ്മര്‍ദം വിലപോകാതിരിക്കുന്ന സാഹചര്യത്തിലാണ് യു എസ് സഖ്യമായ സഊദിയുടെ ഗുരുതര ആരോപണം വരുന്നത്. ഇത് അമേരിക്ക ഏറ്റുപിടിച്ചതോടെ ഇതിന് പിന്നിലെ രാഷ്ട്രീയ താത്പര്യം വ്യക്തമായിരിക്കുകയാണ്. ഒബാമയുടെ കാലത്ത് ഇറാനുമായി ഉണ്ടാക്കിയ ആണവകരാര്‍ അസ്ഥാനത്താക്കി ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര നിയമത്തിനോ തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കോ വിരുദ്ധമായി ഇറാന്‍ ആണവപദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി വ്യക്തമാക്കിയിരുന്നു.
യമന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തിയ ഹൂത്തി വിമതരെ തകര്‍ക്കാന്‍ രണ്ട് വര്‍ഷം മുമ്പ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച സൈനിക ആക്രമണം ഇപ്പോഴും തുടരുകയാണ്.
ശിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തികളെ തങ്ങള്‍ അനുകൂലിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നില്ലെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള മാരകായുധങ്ങളും സൈനിക പിന്തുണയും നല്‍കി സഊദിക്കെതിരെ യുദ്ധസമാനമായ ആക്രമണത്തിന് തുനിയുകയാണ് ഇറാന്‍ ചെയ്യുന്നതെന്ന് കിരീടാവകാശി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here