ബംഗളൂരു ആസ്ഥാനമായി കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന മൂന്നംഗ സംഘം പിടിയില്‍

Posted on: November 8, 2017 9:53 pm | Last updated: November 8, 2017 at 9:56 pm

താമരശ്ശേരി: ബംഗളൂരു ആസ്ഥാനമായി കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന മൂന്നംഗ സംഘം പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ്, സഹോദരിയുടെ മകന്‍ വിപിന്‍, കാസര്‍ക്കോട് കാഞ്ഞങ്ങാട് കല്ലംചിറ മുക്കൂട്ടില്‍ ഷിഹാബ് എന്നിവരെയാണ് താമരശ്ശേരി ഡി വൈ എസ് പിയുടെ ക്രൈം സ്‌ക്വാഡ് പിടികൂടിയത്. ഉണ്ണികുളം പൂനൂര്‍ പറയരുകണ്ടി സാബുവിനെ അഞ്ചൂറ് രൂപയുടെ കള്ളനോട്ടുകളുമായി കഴിഞ്ഞ ദിവസം എളേറ്റില്‍ വട്ടോളിയിലെ പെട്രോള്‍ പമ്പില്‍ നിന്നും പിടികൂടിയിരുന്നു. നൂറ്റി ഇരുപതോളം നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. സാബുവിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് റൂറല്‍ എസ് പി. എം കെ പുഷ്‌കരന്റെ നിര്‍ദ്ധേശ പ്രകാരം താമരശ്ശേരി ഡി വൈ എസ് പി. പി സജീവന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാടുനിന്നും ഷിഹാബിനെ പിടികൂടിയത്. കര്‍ണാടകയില്‍ നിന്നാണ് കള്ളനോട്ടുകള്‍ ലഭിച്ചതെന്ന മൊഴിയെ തുടര്‍ന്ന് ഷിബാബിനെയുമായി കര്‍ണാടകയിലെത്തിയ പോലീസ് സംഘം സാഹസികമായാണ് ഗോള്‍ഡ് ജോസഫിനെയും വിപിനെയും അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ് പി. എം കെ പുഷ്‌കരന്‍ ഐ പി എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാംഗ്ലൂരിന് സമീപം ഹൊസൂറിലെ ഉള്‍പ്രദേശത്ത് വീട് വാടകക്കെടുത്താണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് സംഘം വീട് കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ 970 നോട്ടുകളും 500 രൂപയുടെ 2400 നോട്ടുകളും ഒരുഭാഗം മാത്രം നാല് നോട്ടുകള്‍ വീതം പ്രിന്റ് ചെയ്ത 700 ഷീറ്റുകളും പോലീസ് കണ്ടെടുത്തു. കൂടാതെ 6 പ്രിന്ററുകള്‍, രണ്ട് ലാപ്‌ടോപ്പ്, സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റിംഗിനുള്ള ഉപകരണങ്ങള്‍, പ്രിന്റിംഗ് മഷി, കളര്‍, 13 കിലോയോളം പേപ്പര്‍ തുടങ്ങിയവയും ഇവിടെ നിന്നും പിടിച്ചെടുത്തു. നേരത്തെ പ്രിന്റിംഗ് പ്രസ്സില്‍ ജോലിക്കാരനായിരുന്ന ഗോള്‍ഡ് ജോസഫ് കള്ളനോട്ട് അച്ചടിയില്‍ വിദഗ്ദനാണെന്നും പിടിക്കപ്പെട്ടാല്‍ വ്യാജ നോട്ടല്ലെന്നും തമാശക്ക് സൂക്ഷിക്കാനുള്ളതാണെന്നും വാദിക്കാനായി നോട്ടില്‍ അക്ഷര തെറ്റുകള്‍ വരുത്തുകയായിരുന്നുവെന്നും റൂറല്‍ എസ് പി പറഞ്ഞു. 2015 ല്‍ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത 20 ലക്ഷത്തിന്റെ കള്ളനോട്ട് കേസില്‍ ഗോള്‍ഡ് ജോസഫും ഷിഹാബും പ്രതിയാണ്. നാല് മാസം ജയിലില്‍ കിടന്ന ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കള്ളനോട്ട് അച്ചടി ആരംഭിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് കേസില്‍ ഇവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ ഷിഹാബ് മുഖേനെയാണ് കള്ളനോട്ട് വിതരണം ചെയ്യുന്നത്. കര്‍ണാടകയിലെ വിതരണക്കാരനായ അങ്കിള്‍ ജോസ് എന്ന ജോസിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ രൂപ ഇതിനകം ഇവര്‍ കേരളത്തിലും കര്‍ണാടകയിലും വിതരണം ചെയ്തതായും ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കഴിയും മുന്നെ കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും റൂറല്‍ എസ് പി കൂട്ടിച്ചേര്‍ത്തു.

കൊടുവള്ളി എസ് ഐ. കെ പ്രജീഷ്, താമരശ്ശേരി ജൂനിയര്‍ എസ് ഐ ജിതേഷ്, ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ രാജീവ് ബാബു, സി പി ഒ മാരായ ഷിബില്‍ ജോസഫ്, ഹരിദാസന്‍, കൊടുവള്ളി സ്റ്റേഷനിലെ എ എസ് ഐ ജ്യോതി, സി പി ഒ അബ്ദുല്‍ റഹീം, സൈബര്‍ സെല്‍ എ എസ് ഐ സത്യന്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളനോട്ടടി സംഘത്തെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.