Connect with us

Gulf

'ഹിന്ദുത്വ പ്രചാരണത്തിന് ഇന്ത്യന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു'

Published

|

Last Updated

ദുബൈ: ചരിത്രത്തെ വികലാംഗപ്പെടുത്താനുള്ള ശ്രമം ഇന്ത്യയില്‍ ബോധപൂര്‍വം നടക്കുന്നതായി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനും ഗവേഷകനുമായ ഡോ. കെ കെ എന്‍ കുറുപ്പ്. ചരിത്രത്തില്‍ തന്നെ ഇന്ത്യയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

ഒരു ഹിഡന്‍ അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിറാജ് മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നു ഡോ. കുറുപ്പ്.
ചരിത്രത്തെ അധികാരത്തിന് വേണ്ടി വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദുത്വത്തിന്റെ പ്രചാരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. താജ്മഹലിന്റെയും മറ്റും പേരില്‍ നടക്കുന്നത് അതാണ്. ടിപ്പു സുല്‍ത്താനെ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി കാണുന്നതിന് പകരം പലരും വര്‍ഗീയവാദിയായാണ് അദ്ദേഹത്തെ കാണുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ നായകരില്‍ ഒരാളാണ് ടിപ്പുവെന്ന് ഗാന്ധിജി പോലും പറഞ്ഞിട്ടുണ്ട്.

ഐതിഹ്യങ്ങളെ അതിന്റെ രൂപത്തില്‍ തന്നെ കാണണം. അതിനെ ചരിത്രമാക്കി മാറ്റരുത്, അദ്ദേഹം വ്യക്തമാക്കി.
യഥാര്‍ഥത്തില്‍ കയ്യൂര്‍ സമരം എന്ന് പറയുന്നത് സാമ്രാജ്യത്വ വിരുദ്ധ റാലിയാണ്. ദേശീയ സമരത്തിന്റെ ഭാഗമായാണ് അത് നടന്നിട്ടുള്ളത്. ഇത് പലരും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല.
സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെടുത്തി ജാന്‍സി റാണിയെ ഒരിക്കലും ബി ജെ പി ഉയര്‍ത്തിക്കാട്ടുന്നില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരെ ബോധപൂര്‍വം ഒഴിവാക്കുകയാണ് ബി ജെ പി ചെയ്യുന്നത്.

അടിസ്ഥാനപരമായി കേരളത്തിലെ ജനങ്ങള്‍ക്ക് സാംസ്‌കാരിക ബോധമുള്ളതുകൊണ്ടാണ് ഹിന്ദു-മുസ്‌ലിം ഭിന്നിപ്പ് ഉണ്ടാക്കാന്‍ വര്‍ഗീയ ശക്തികള്‍ക്ക് കഴിയാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചരിത്രത്തെ പോലെ തന്നെ പ്രാധാന്യത്തോടെ കാണേണ്ടതാണ് സാഹിത്യ ചരിത്രമെന്ന് മജ്‌ലിസില്‍ ഗ്രന്ഥകാരന്‍ ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഒരു സമൂഹത്തിന്റെ വേരുകള്‍ കിടക്കുന്നത് അവരുടെ സാഹിത്യത്തിലാണ്. ഒരു ജനതയുടെ ചരിത്രം അടയാളപ്പെടുത്തുന്നത് വ്യത്യസ്ത കാലങ്ങളില്‍ അവര്‍ ഉത്പാദിപ്പിച്ച സാഹിത്യ കൃതികളില്‍ നിന്നാണ്. കേരളത്തിലെ മാപ്പിളതലമുറയുടെ ചരിത്രം ഇനിയും രൂപപ്പെടുത്തിയെടുക്കാനുണ്ട്. അറബി മലയാളത്തില്‍ എഴുതിയ പല കൃതികളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ആ കൃതികളെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താനും നമുക്ക് സാധിച്ചിട്ടില്ല.
അണ്ടത്തോട്, കുളങ്ങരവീട്ടില്‍ ശുജായി മൊയ്തു മുസ്‌ലിയാര്‍ 130 വര്‍ഷങ്ങള്‍ക്കുമുമ്പ് രചിച്ച ഫൈളുല്‍ ഫയാളിന്റെ മലയാള സംഗ്രഹം സാഹിത്യത്തിലെത്തിയിട്ടുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ “തുഹ്ഫത്തുല്‍ മുജാഹിദീന്‍” കോറിയിട്ട കനല്‍വഴികളില്‍നിന്ന് പിറവിയെടുത്ത ഈ ഗ്രന്ഥം കേരളീയ ഉലമ ആക്ടിവിസത്തിന്റെ മഹത്തായൊരു പ്രതീകവും കേരള സാംസ്‌കാര പഠനമേഖലക്കു പുതിയ തായ് വേരുകള്‍ സമ്മാനിക്കുന്നതുമാണ്. ചരിത്ര പഠനത്തിലെ സമകാലിക വിവരങ്ങള്‍ അടയാളപ്പെടുത്തിയ ചരിത്ര പണ്ഡിതന്‍ ഒരുപക്ഷേ ശുജായി മൊയ്തു മുസ്‌ലിയാര്‍ക്ക് മുമ്പും പിമ്പും കേരളത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഖാസി മുഹമ്മദ്, മോയീന്‍കുട്ടി വൈദ്യര്‍, കുഞ്ഞായി മുസ്‌ലിയാര്‍ പോലോത്ത ചരിത്ര പുരുഷന്മാരുടെ സാഹിത്യ സംഭാവനകളെയും ചരിത്ര ജീവിതത്തെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗെയില്‍ പാചക വാതക പൈപ്പ് ലൈന്‍ സംബന്ധിച്ച്, അത് വരേണ്ട ആവശ്യകതയും വികസനവും വേണ്ടത്ര ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനാകുന്നില്ലെന്ന് മജ്‌ലിസില്‍ അഭിപ്രായമുയര്‍ന്നു. ഇരകളെ സംരക്ഷിച്ചുകൊണ്ട് വികസനം നടപ്പാക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്.
സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ്, ഫാസില്‍ അഹ്‌സന്‍, റശീദ് പള്ളിയാലില്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest