‘പറഞ്ഞു തീരാത്ത ഒരു ജീവിതം’ പ്രകാശനം ചെയ്തു

Posted on: November 8, 2017 7:31 pm | Last updated: November 8, 2017 at 7:31 pm
SHARE
‘ഠ’യില്ലാത്ത മുട്ടായികള്‍ സി വി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന് മുമ്പ് അദ്ദേഹവുമായി ചേര്‍ന്നിരുന്ന് ഡോ. എം കെ മുനീര്‍ തയറാക്കിയ ‘പറഞ്ഞു തീരാത്ത ഒരു ജീവിതം’ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഡോ. പി എ ഇബ്‌റീഹം ഹാജിക്ക് നല്‍കിയാണ് കൃതിയുടെ പ്രകാശനം നിര്‍വഹിച്ചത്.

ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന സെഷനില്‍ ജേര്‍ണലിസ്റ്റും ആക്റ്റിവിസ്റ്റുമായ ഭാഷാ സിംഗ്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, അഡ്വ. വൈ എ റഹീം എന്നിവര്‍ സംബന്ധിച്ചു.
പുസ്തകം തയ്യാറാക്കാന്‍ എം ടി വാസുദേവന്‍ നായരാണ് തനിക്ക് പ്രചാദനം പകര്‍ന്നതെന്ന് എം കെ മുനീര്‍ പറഞ്ഞു. ശിഹാബ് തങ്ങളെ പോലൊരു മഹാവ്യക്തിത്വത്തിന്റെ ജീവിതം അടയാളപ്പെടുത്തേണ്ടതുണ്ടെന്നും അത് കേരളീയ പൊതുമണ്ഡലത്തിന് പൊതുസ്വത്താകുമെന്നും എം ടി പറയുകയുണ്ടായി. ശിഹാബ് തങ്ങള്‍ മുമ്പ് ചെയ്തിരുന്ന ഓട്ടോബയോഗ്രഫി രചന അസുഖമായപ്പോള്‍ നിര്‍ത്തി വെക്കുകയും തന്നോട് തുടരാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് മുനീര്‍ പറഞ്ഞു.

അതനുസരിച്ചാണ് ഈ ഗ്രന്ഥരചനക്ക് താന്‍ മുന്നോട്ടു വന്നത്. ശിഹാബ് തങ്ങളെപ്പോലൊരു ഇതിഹാസ പുരുഷന്റെ ജീവിതം പകര്‍ത്താന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും മുനീര്‍ വ്യക്തമാക്കി. ഒലീവ് ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ‘മാജിക് മാജിക്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.