മുംബൈയില്‍ നാലിലൊന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളും പുകവലിക്കാര്‍

Posted on: November 8, 2017 7:15 pm | Last updated: November 8, 2017 at 7:15 pm
SHARE

മുംബൈ: മുംബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നാലിലൊന്ന് പേരും പുകവലിക്കാര്‍ എന്ന് പഠന റിപ്പോര്‍ട്ട്. നഗരത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന 10 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പുകവലി അധികരിക്കുന്നത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി യുമായി ചേര്‍ന്ന് മസഗോണിലെ അലി ഖാന്‍ ആശുപത്രി നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

30 സ്‌കൂളുകളിലെ 1000 വിദ്യാര്‍ഥികള്‍ക്കിടയില്‍ ആണ് സര്‍വേ നടത്തിയത്. ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ക്വസ്റ്റനയര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്തായിരുന്നു സര്‍വ്വേ. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും പുകവലിയുടെ ദൂഷ്യഫലങ്ങള്‍ സംബന്ധിച്ച് അറിവില്ലാത്തതാണ് പുകവലി കൂടാന്‍ കാരണമെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈയിലേയും പരിസര നഗരങ്ങളിലേയും ആശുപത്രികളില്‍ യുവാക്കളായ കാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഇത്തരമൊരു സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ വിശദീകരിച്ചു.