ഒ എന്‍ വിയെ ലോകത്തിന് പരിചയപ്പെടുത്തേണ്ടത് ദൗത്യം

Posted on: November 8, 2017 7:07 pm | Last updated: November 8, 2017 at 7:07 pm
ഷാര്‍ജ പുസ്തകോത്സവത്തില്‍ കെ ജയകുമാര്‍ സംസാരിക്കുന്നു. മൊയ്തീന്‍ കോയ സമീപം

മലയാളത്തിന്റെ മണ്‍മറഞ്ഞ മഹാകവി ഒ എന്‍ വി കുറുപ്പിന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. മുന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറും കവിയുമായ കെ ജയകുമാറാണ് കവിതകള്‍ മൊഴിമാറ്റിയിരിക്കുന്നത്. 65 പ്രശസ്തമായ കവിതകളാണ് പുസ്തകത്തിലുള്ളത്. മാധ്യമ പ്രവര്‍ത്തകന്‍ മൊയ്തീന്‍ കോയ, യു എ ഇ പരിസ്ഥിതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും എഴുത്തുകാരിയുമായ മറിയം അല്‍ ശിനാസിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

മഹാനായ കവിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി കൊടുക്കേണ്ടത് കവിയെ വായിച്ച തലമുറയുടെ ദൗത്യമാണെന്ന് ജയകുമാര്‍ പറഞ്ഞു. പലരെ കൊണ്ടും പരിഭാഷ ചെയ്യിപ്പിക്കാം എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിഭാഷക്ക് തുടക്കമിട്ടത്. സ്വന്തമായി ചെയ്യാന്‍ അഞ്ച് കവിതകളാണ് ആദ്യം കൈയിലെടുത്തത്. എന്നാല്‍ ഓരോ കവിത പൂര്‍ത്തിയാവുമ്പോളും അടുത്ത കവിത ജയകുമാര്‍ തന്നെ ചെയ്യൂ എന്ന് കവി അടുത്ത് വന്ന് പറയുന്നത് പോലെ തോന്നി. ആ കരുത്തിലാണ് 65 കവിതകളും പൂര്‍ത്തിയാക്കിയത്. ഒ എന്‍ വിയുടെ കവിതകള്‍ പരിഭാഷപ്പെടുത്തുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് ജയകുമാര്‍ പറഞ്ഞു. സാധാരക്കാരന്റെ മനസിലൂടെയായിരുന്നു ഒ എന്‍ വിയുടെ സഞ്ചാരമെന്നും അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ നോവുകളെ നെഞ്ചിലേറ്റാന്‍ കവി എന്നും മുന്നിലായിരുന്നുവെന്ന് ജയകുമാര്‍ പറഞ്ഞു.

ചവറയിലെ തൊഴിലാളികള്‍ക്ക് നേരെയുള്ള അധികാര വര്‍ഗത്തിന്റെ പീഡനങ്ങളെ കവിത കൊണ്ട് നേരിട്ട കവി അതേ ആയുധം കൊണ്ട് തന്നെയാണ് വടക്കെ ഇന്ത്യയിലെ ഗോതമ്പു പാടത്തെ പെണ്‍ക്കുട്ടിക്ക് വേണ്ടിയും പൊരുതുന്നത്. ചങ്ങമ്പുഴ കവിതകളിലെ കാല്‍പനികത പിന്തുടര്‍ന്ന കവി, ചലിച്ച വഴികള്‍ ഏറെയും സാധാരണക്കാരുടെ ഇടയിലൂടെയായിരുന്നു. മലയാളത്തിന്റെ പ്രഗത്ഭരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലാക്കി ലോകത്തിന് മുന്നില്‍ ചെന്ന് നിന്ന് നോക്കു എന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കണമെന്നും ജയകുമാര്‍ ഓര്‍മിപ്പിച്ചു.