തോമസ് ചാണ്ടിയുടെ കൈയേറ്റം: സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

Posted on: November 8, 2017 11:18 am | Last updated: November 8, 2017 at 4:41 pm

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. കൈയേറ്റ കേസുകളില്‍ സര്‍ക്കാറിന്റെ പൊതു നിലപാടെന്താണെന്ന് ഡിവിഷന്‍ ബഞ്ച് ചോദിച്ചു.

സാധാരണക്കാര്‍ കൈയേറ്റം നടത്തിയാലും സര്‍ക്കാര്‍ നിലപാട് ഇതു തന്നെയാണോയെന്നും പാവപ്പെട്ടവന്റെ കൈയേറ്റം ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനോടാണ് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.

തോമസ് ചാണ്ടിക്കെതിരായ കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഭാഗികമായ അന്വേഷണം മാത്രമാണ് ജില്ലാ കലക്ടര്‍ നടത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശൂരിലെ സിപിഐ നേതാവ് ടി എന്‍ മുകുന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാറിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. കോടതി പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.