നിരോധനത്തിന് ഒരു വര്‍ഷം; നിലക്കാത്ത നോട്ടിടി

Posted on: November 8, 2017 9:10 am | Last updated: November 8, 2017 at 12:51 pm
SHARE

ന്യൂഡല്‍ഹി: എണ്ണിത്തീരാത്ത നോട്ടുകള്‍ക്കും കണ്ടുകെട്ടാത്ത കള്ളപ്പണത്തിനും നടുവെ സാമ്പത്തിക തകര്‍ച്ച മാത്രം സമ്മാനിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒന്നാം വാര്‍ഷികം. 2016 നവംബര്‍ എട്ടിന് രാത്രിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഒറ്റയടിക്ക് നിരോധിച്ചത്. പിന്നീട് രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥക്ക് തുല്യമായിരുന്നു. കൈവശമുള്ള 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനം ബേങ്കുകള്‍ക്ക് മൂന്നില്‍ വരിനിന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനിടെ കുറേ പേര്‍ മരിച്ചുവീണു.
രാജ്യത്തെ കൃഷിയും വ്യാപാരവും വ്യവസായവുമെല്ലാം നോട്ട് നിരോധനം കൊണ്ടുമാത്രം താഴേക്ക് പോയി. ജി ഡി പി മൂക്കുകുത്തി വീണു. ഒരു വര്‍ഷം കൊണ്ട് ഒരു ശതമാനം കുറഞ്ഞ് ജി ഡി പി വളര്‍ച്ചാ നിരക്ക് 5.6 ശതമാനമായി. മൂന്ന് ലക്ഷം ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. തൊഴില്‍ മേഖല തളര്‍ന്നു. ചെറുകിട- ഇടത്തരം വ്യവസായങ്ങളും വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് മേഖലയും വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങി.
സാമ്പത്തിക രംഗം ശുദ്ധീകരിക്കപ്പെടുമെന്നും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമാണെന്നുമായിരുന്നു പ്രധാനമന്ത്രിയും ധനമന്ത്രിയും നോട്ട് നിരോധന കാലത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരികെ വരില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. എന്നാല്‍, 99 ശതമാനം പിന്‍വലിക്കപ്പെട്ട നോട്ടുകളും തിരികെയെത്തി. 15.28 ലക്ഷം കോടി രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകളാണ് ബേങ്കുകളിലേക്ക് തിരിച്ചെത്തിയത്. ഇനിയും തിരിച്ചുവരാത്ത നോട്ടുകള്‍ ഏകദേശം 16,000 കോടിയുടേത് മാത്രമെന്നാണ് ആര്‍ ബി ഐ തന്നെ പറയുന്നത്. ഇതോടെ കള്ളപ്പണം തിരിച്ചുപിടിക്കാമെന്ന വാദം സര്‍ക്കാര്‍ തന്നെ ഉപേക്ഷിച്ചു. രാജ്യം നേരിടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നു മാത്രമാണ് പ്രധാനമന്ത്രിയും സര്‍ക്കാറും പിന്നീട് ന്യായീകരിച്ചത്. എന്നാല്‍, അതിര്‍ത്തിയിലെ സംഘര്‍ഷം നോട്ട് നിരോധനത്തോടെ വര്‍ധിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഏറ്റുമുട്ടലുകള്‍ നടന്നു. ഇതോടെ നോട്ട് നിരോധനത്തിന്റെ പ്രഥമ ലക്ഷ്യം സാമ്പത്തിക രംഗത്തെ ഡിജിറ്റല്‍വത്കരണമാണെന്ന് ധന മന്ത്രി ജെയ്റ്റ്‌ലിയും ധനകാര്യമന്ത്രാലയവും നിലപാട് മാറ്റി.
പ്രധാനമന്ത്രി കിട്ടുന്നിടത്തെല്ലാം ഡിജിറ്റല്‍ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് പ്രസംഗിച്ചു. ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍, ക്യാഷ്‌ലെസ്സ് ഇക്കോണമി എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ന്യായീകരിച്ചു. നോട്ട് നിരോധനം തെളിവുകളില്ലാത്ത വിജയമാണെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നത്. അനധികൃതമായി ബേങ്കുകളില്‍ പണം നിക്ഷേപിച്ച രണ്ട് ലക്ഷം അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഇത് പിടിക്കപ്പെടുന്നതോടെ കള്ളപ്പണം പിടികൂടാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 35,000 കടലാസ് കമ്പനികളിലൂടെ ഏകദേശം 17,000 കോടി രൂപ വെളുപ്പിച്ചതായും ഇതില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് കരിദിനമായി പ്രതിപക്ഷ കക്ഷികളും കള്ളപ്പണവിരുദ്ധ ദിനമായി ബി ജെ പിയും ആചരിക്കും.