അമളിയല്ല, ചതിയായിരുന്നു

കറന്‍സി നിരോധനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കാര്യവിവരമുള്ള പലരും നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഇതൊരു തുഗ്ലക്കിയന്‍ നടപടിയാണെന്ന യാഥാര്‍ഥ്യം ബി ജെ പിയുടെ നേതാക്കള്‍ക്കു പോലും ബോധ്യം വന്നിരിക്കുന്നു. അതിലുമപ്പുറത്ത് കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള ഒരു തട്ടിപ്പായിരുന്നു നോട്ട് നിരോധനമെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
Posted on: November 8, 2017 6:43 am | Last updated: November 8, 2017 at 8:04 am
SHARE

നോട്ടുനിരോധനത്തിന്റെ ഒരു വര്‍ഷമെത്തുമ്പോള്‍ ഇന്ത്യക്കാരുടെ വിദേശ ബേങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെ നേതാക്കളുള്‍പ്പെടെ ഇന്ത്യന്‍ ഭരണവര്‍ഗ നേതാക്കള്‍ക്കും ബിസിനസ് ഇടനിലക്കാര്‍ക്കും വരെ  വിദേശ ബേങ്കുകളിലുള്ള രഹസ്യനിക്ഷേപത്തിന്റെ കണക്കുകള്‍.

കള്ളപ്പണക്കാരെ നിയന്ത്രിക്കാനെന്ന വ്യാജേന നോട്ടുനിരോധനമേര്‍പ്പെടുത്തിയ മോദി സര്‍ക്കാര്‍ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഒരൊറ്റ കള്ളപ്പണക്കാരനെയും സ്പര്‍ശിച്ചില്ലെന്നുമാത്രമല്ല, ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമല്ലാത്ത വിദേശനിക്ഷേപകേന്ദ്രങ്ങളിലേക്ക് രാഷ്ട്രസമ്പത്ത് ചോര്‍ത്തിക്കൊണ്ടുപോകുകയായിരുന്നു എന്നതാണ് പാരഡൈസ് രേഖകള്‍ പറയുന്നത്.കള്ളപ്പണം തിരിച്ചുവന്നില്ല. മാത്രമോ, ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ ഞെട്ടിപ്പിക്കുന്ന നിക്ഷേപങ്ങള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ജര്‍മന്‍ പത്രമായ ‘സുഡോയിച്ചേസീറ്റുംഗാ’ണ് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ‘ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേര്‍ണലിറ്റ്‌സ്’ ആണ് ഈ രേഖകള്‍ പരിശോധിച്ച് രഹസ്യനിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.ഇന്ത്യയിലെ അതിസമ്പന്നരുടെ വിദേശനിക്ഷേപങ്ങളെ സംബന്ധിച്ച് ‘പറുദീസ രേഖകള്‍’ പറയുന്നത് 714 ഇന്ത്യക്കാര്‍ക്ക് അനധികൃത നിക്ഷേപം ഉണ്ടെന്നാണ്. ദേശീയതയും കള്ളപ്പണവുമായി ബന്ധപ്പെട്ട ഭീകരവാദവിരുദ്ധതയുമൊക്കെ നോട്ടുനിരോധനത്തെ ന്യായീകരിക്കാനായി ക്യാമ്പയിന്‍ നടത്തിയവര്‍ കള്ളപ്പണസൂക്ഷിപ്പുകാര്‍ കൂടിയായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് കള്ളപ്പണം നിരോധിക്കാനുള്ള ധീരമായ നടപടിയെന്ന് നോട്ടുനിരോധനത്തെ വാഴ്ത്തിയ ബുദ്ധിജീവികളും കോണ്‍ഗ്രസ് നേതാക്കളും (വി ടി ബലറാമിന്റെ മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഓര്‍ക്കുക) ഇത്തരം കള്ളപ്പണക്കാരുടെ പേറോളില്‍ കളിച്ചവരാണെന്ന് മനസ്സിലാക്കേണ്ടിവരുന്നു. 1.34 കോടി രേഖകളാണ് പാരഡൈസ് പേപ്പേഴ്‌സില്‍ ഉള്ളത്. ഇതില്‍ 68 ലക്ഷവും ബ്രിട്ടന്റെ അധികാരപരിധിയിലുള്ള ബര്‍മുഡ ആസ്ഥാനമായുള്ള നിയമസേവനസ്ഥാപനമായ ആപ്പിള്‍ബിയില്‍ നിന്നാണ് ചോര്‍ന്നത്. അര ലക്ഷം രേഖകള്‍ സിംഗപ്പൂരിലെ ഏഷ്യാസിറ്റി ട്രസ്റ്റില്‍ നിന്നാണ് ചോര്‍ന്നത്. ബാക്കിയുള്ള 60 ലക്ഷം രേഖകള്‍ 19 രാജ്യങ്ങളിലെ കോര്‍പറേറ്റ് രജിസ്ട്രികളില്‍ നിന്ന് പുറത്തുവന്നു.

1950 മുതല്‍ 2016 വരെയുള്ള 66 വര്‍ഷത്തെ ബേങ്ക്-കോടതി ഡോക്യുമെന്റുകളും ഇടപാടുകാരുടെ വിവരങ്ങളും ഇമെയിലുകളുമാണ് ഇവയിലുള്ളത്. കള്ളപ്പണത്തെക്കുറിച്ച് വാചകമടിച്ച് ജനങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന കറന്‍സി നിരോധിച്ച ബി ജെ പി ഉള്‍പ്പെടെയുള്ള നേതാക്കളുടെ രഹസ്യനിക്ഷേപ വിവരങ്ങളാണ് പാരഡൈസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മോദി സര്‍ക്കാറിലെ വ്യോമയാന സഹമന്ത്രിയായ ജയന്ത്‌സിന്‍ഹ, രാജസ്ഥാനിലെ മുന്‍ മുഖ്യമന്ത്രി അശോക്‌ഗെഹലോട്ട് തുടങ്ങിയ പ്രമുഖ ബി ജെ പി നേതാക്കള്‍ ഇതില്‍പെടും. കോണ്‍ഗ്രസ് നേതാവായ വീരപ്പമൊയ്‌ലിയുടെ മകന്‍ ഹര്‍ഷമൊയ്‌ലി, കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം, വയലാര്‍രവിയുടെ മകന്‍ രവികൃഷ്ണ, വൈ എസ് ജഗ്‌മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ക്ക് നിക്ഷേപങ്ങളുണ്ട്. ബി ജെ പിയുടെ അരുമയായ വിജയ്മല്യ, അമിതാഭ്ബച്ചന്‍, ഡോ. അശോക്, ഗിമത്‌റായ്ഗുപ്ത, സച്ചിന്‍ പൈലറ്റ്, സ്‌പെക്ട്രം കുംഭകോണത്തിലൂടെ വിവാദനായികയായ നീരാറാഡിയ, മന്യതസഞ്ജയ്ദത്ത് തുടങ്ങിയ ഇന്ത്യക്കാരുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.കള്ളപ്പണം കണ്ടുകെട്ടാനാണെന്ന വ്യാജേന 1000-ന്റെയും 500-ന്റെയും നോട്ടുകള്‍ നിരോധിച്ച മോദി സര്‍ക്കാറിന്റെ നടപടി രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ജനങ്ങളുടെ ഉപജീവനോപാധികളെ തകര്‍ക്കുകയാണുണ്ടായത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന 1000-ന്റെയും 500-ന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കടുത്ത പണദാരിദ്ര്യത്തിലേക്കും ജീവിതപ്രതിസന്ധിയിലേക്കുമാണ് ജനങ്ങളെയാകെ തള്ളിവിട്ടത്. ജനങ്ങളുടെ ഭക്ഷണം, കൂലി, യാത്ര, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂരിപക്ഷം വരുന്ന കറന്‍സികളും പകരം സംവിധാനങ്ങള്‍ സജ്ജീകരിക്കാതെ നിരോധിച്ചത് അക്ഷരാര്‍ഥത്തില്‍ ജനജീവിതത്തെ തകര്‍ക്കുന്ന നടപടിയായിരുന്നു. കറന്‍സി നിരോധനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കാര്യവിവരമുള്ള പലരും നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഇതൊരു തുഗ്ലക്കിയന്‍ നടപടിയാണെന്ന യാഥാര്‍ഥ്യം ബി ജെ പിയുടെ നേതാക്കള്‍ക്കു പോലും ബോധ്യം വന്നിരിക്കുന്നു. അതിലുമപ്പുറത്ത് കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള ഒരു തട്ടിപ്പായിരുന്നു നോട്ട് നിരോധനമെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. നോട്ട് നിരോധനത്തിന് കാരണമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് നാല് ലക്ഷ്യങ്ങളായിരുന്നു.

കള്ളപ്പണം പിടിച്ചെടുക്കുക, അഴിമതി ഇല്ലാതാക്കുക, കള്ളനോട്ട് ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തകര്‍ക്ക് പണമെത്തിക്കുന്നത് ഇല്ലാതാക്കുക. ഇതില്‍ ഒരു ലക്ഷ്യവും കൈവരിച്ചില്ല. കള്ളപ്പണത്തെ തൊട്ടില്ല. അഴിമതി ഭീമമായ മാന യര്‍ന്നതുമായ രൂപങ്ങളാണ് മോദി ഭരണത്തിന്‍കീഴില്‍ ഉണ്ടായത്. ഭീകരര്‍ക്ക് പണം നല്‍കുന്നത് തടയുന്ന കാര്യത്തില്‍ നോട്ടുനിരോധനം ഒരു ഫലവും ചെയ്തില്ല. കഴിഞ്ഞ സെപ്തംബര്‍ 30-നുശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നതും ഭീകരാക്രമണങ്ങളില്‍ 33 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുമായ വസ്തുത എന്താണ് സൂചിപ്പിക്കുന്നത്. പ്രതിരോധസേനയിലെ അംഗങ്ങള്‍ക്ക് 2016-ല്‍ ഉണ്ടായ ജീവഹാനി 2015-ല്‍ ഉണ്ടായ ജീവഹാനിയുടെ ഇരട്ടിയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് പേരിട്ട് മോദി സര്‍ക്കാറും ബി ജെ പി നേതാക്കളും ആഘോഷമാക്കാന്‍ ശ്രമിച്ച കറന്‍സി നിരോധനം യഥാര്‍ഥത്തില്‍ വിലകുറഞ്ഞ ഒരു രാഷ്ട്രീയകളിയാണെന്ന കാര്യം ഇടതുപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതാണ്. കറന്‍സി നിരോധനം കൊണ്ടുമാത്രം കള്ളപ്പണനിയന്ത്രണം സാധ്യമാകില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് കറന്‍സിയിന്‍മേലുള്ള കള്ളപ്പണ നിക്ഷേപം. കള്ളപ്പണത്തിന്റെ 90 ശതമാനത്തിലേറെ വിദേശരാജ്യങ്ങളിലെ നികുതിരഹിത സങ്കേതങ്ങളിലാണ് വന്‍കിടക്കാര്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ളത്.

നോട്ടുനിരോധനത്തിന്റെ ഒരു വര്‍ഷം തികയുമ്പോള്‍ ഈ കള്ളപ്പണ നിക്ഷേപത്തില്‍ നിന്ന് ഒരു രൂപ പോലും തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.സമ്പദ്ഘടന അഭൂതപൂര്‍വമായ തകര്‍ച്ചയിലേക്കാണ് എത്തിയിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചാനിരക്ക് 5.6 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്. നോട്ട് ഉപയോഗിച്ച് ക്രയവിക്രയം നടത്തുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും നഗര സമ്പദ്‌വ്യവസ്ഥയിലും ഗുരുതരമായ ആഘാതമാണ് നോട്ടുനിരോധനം സൃഷ്ടിച്ചത്. സമുന്നതനായ ബി ജെ പി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ യശ്വന്ത്‌സിന്‍ഹ ഒരു ദേശീയപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നോട്ടുനിരോധനവും ജി എസ് ടിയുള്‍പ്പെടെ ബി ജെ പിയുടെ മുന്‍പിന്‍ ആലോചനയില്ലാത്ത നടപടികള്‍ സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ അഗാധമായ ആഘാതങ്ങള്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാവസായിക ഉത്പാദനം ഏതാണ്ട് രണ്ട് ശതമാനം കണ്ട് ഇടിഞ്ഞിരിക്കുന്നു. നിര്‍മാണ മേഖലയില്‍ അത് 2.5 ശതമാനം ആണ്.

മൂലധനചരക്കുത്പാദനം 30 ശതമാനം കുറഞ്ഞിരിക്കുന്നു. സേവനമേഖലയില്‍ ഇടിവ് രേഖപ്പെടുത്തുന്നു. കയറ്റുമതി പ്രധാനങ്ങളായ തുണി, തുകല്‍, ആഭരണം തുടങ്ങിയ മേഖലകളില്‍ നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള ആദ്യ ആഴ്ചകളിലും മാസങ്ങളിലും നാല് ലക്ഷം തൊഴില്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. 3.19 കോടിയോളം പേര്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മേഖലകളില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായി. ചില്ലറ വില്പനമേഖലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. 75 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും വിലയിടിഞ്ഞു. കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും വ്യവസായ നിര്‍മാണ തൊഴിലാളികളെയും ജീവിതോപാധികളില്‍ നിന്ന് പുറന്തള്ളുകയാണ് നോട്ടുനിരോധനം യഥാര്‍ഥത്തില്‍ ചെയ്തത്. തൊഴിലില്ലായ്മ രൂക്ഷമാവുകയും കൂലിയും വരുമാനവുമില്ലാതെ നിതേ്യാപയോഗ സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയാതെ ഇടത്തരക്കാര്‍പോലും പ്രതിസന്ധിയിലാകുകയും ചെയ്തു. നോട്ടുനിരോധനത്തിന്റെ യഥാര്‍ഥ ലക്ഷ്യം കറന്‍സി വിപണിയെ ഡിജിറ്റലൈസേഷന്റെ മറവില്‍ കോര്‍പറേറ്റ്‌വത്കരിക്കുകയാണ്. അത് നവഉദാരവത്കരണ നയം ലക്ഷ്യംവെക്കുന്നതാണ്. ഒടുവില്‍ പുറത്തുവന്ന വിവരങ്ങളനുസരിച്ച് ഇന്ത്യന്‍ സമ്പദ്ഘടനയെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാന്‍ യു എസ് എയ്ഡും ലോകബേങ്കുമൊക്കെ നേരത്തെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ശിപാര്‍ശയാണ് കറന്‍സി നിരോധനമെന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here