ആ കറുത്ത രാത്രിക്ക് ഒരു വര്‍ഷം

Posted on: November 8, 2017 6:43 am | Last updated: November 8, 2017 at 8:04 am
SHARE

നോട്ട് നിരോധത്തിന്റെ ആ കറുത്ത രാത്രിക്ക് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. നോട്ട് നിരോധം കൊണ്ട് നരേന്ദ്രമോദി അവകാശപ്പെട്ട കാര്യങ്ങളൊന്നും നേടാനായില്ലെന്ന് മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും അത് താറുമാറാക്കുകയും ചെയ്തു. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു നോട്ട് നിരോധ പ്രഖ്യാപനം. ജനം അടുത്ത ദിവസം പലരുന്നതിന് മുമ്പേ പഴയ നോട്ടുകള്‍ മാറാനുള്ള നെട്ടോട്ടമായി. ബേങ്കുകള്‍ക്ക് മുന്നില്‍ പകലന്തിയാകുവോളം നീണ്ട വരികള്‍. ഭരണകൂടത്തിന്റെ ചിന്താശൂന്യമായ നടപടി ഉണ്ടാക്കിത്തീര്‍ത്ത ഈ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നഷ്ടമായത് പിഞ്ചുകുഞ്ഞുങ്ങളടക്കം 150 ലധികം ജീവനുകളാണെന്നാണ് അനൗദ്യോഗിക കണക്ക്.

വ്യവസായ മേഖലയിലെ ഉത്പാദനക്കുറവിനെ തുടര്‍ന്നുണ്ടായ 61,500 കോടിയുടെ നഷ്ടം, അധിക ജോലിക്ക് ബേങ്ക് ജീവനക്കാര്‍ക്ക് നല്‍കിയ 35,100 കോടി രൂപ, പുതിയ കറന്‍സിക്കായി 16,800 കോടി, ഗാര്‍ഹിക മേഖലയിലുണ്ടായ നഷ്ടം 15,000 കോടി, നിരോധിച്ച നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് 1.28 ലക്ഷം കോടി എന്നിങ്ങനെ 1284 ലക്ഷം കോടി രൂപ വരും നോട്ട് നിരോധത്തിന് രാജ്യം നല്‍കേണ്ടി വന്ന വില. ബേങ്ക് മേഖലയെയും നിരോധം ആകെ താറുമാറാക്കി. നിക്ഷേപം വര്‍ധിച്ചതിന് ആനുപാതികമായി വായ്പ വിതരണം നടന്നില്ല. ചെറുകിട വന്‍കിട വ്യവസായങ്ങള്‍ തകര്‍ച്ച നേരിട്ടതോടെ ഉത്പാദന നഷ്ടം കൂടി. വായ്പ കുടിശ്ശികയുടെ തോത് വര്‍ധിച്ചു. കിട്ടാക്കടത്തിന്റെ ശതമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തി. വിനിമയം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ഷിക, ചെറുകിട മേഖലയിലെ സ്തംഭനാവസ്ഥ ഇപ്പോഴും തുടരുകയാണ്. സഹകരണ ബേങ്കിംഗ് മേഖലയിലെ നിക്ഷേപത്തിലും വായ്പയിലും വര്‍ഷാന്തം ഉണ്ടാകാറുള്ള 10 ശതമാനത്തിന്റെ വര്‍ധനവിലും കഴിഞ്ഞ വര്‍ഷം ഭീമമായ കുറവുണ്ടായി.
കള്ള നോട്ട് ശൃംഖലകള്‍ തകര്‍ക്കുമെന്ന സര്‍ക്കാര്‍ അവകാശവാദവും പാഴായെന്ന് റിസര്‍വ് ബേങ്ക് രേഖകള്‍ കാണിക്കുന്നു. വ്യാജകറന്‍സിയുടെ എണ്ണത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20.4 ശതമാനം വര്‍ധനയുണ്ടെന്നാണ് ബേങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ആഴ്ചകള്‍ക്കകം തന്നെ ഒറിജിനലിനെ വെല്ലുന്ന വ്യാജനിറങ്ങിയിട്ടുണ്ട്. പാര്‍ലിമെന്റില്‍ അടുത്തിടെ സര്‍ക്കാര്‍ വെച്ച കണക്ക് പ്രകാരം, പിടിച്ചെടുത്ത പുത്തന്‍ നോട്ടുകളുടെ വ്യാജന്‍മാരുടെ മൂല്യം 6 കോടി 49 ലക്ഷം രൂപക്ക് മുകളിലാണ്. ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകള്‍ കണ്ടെടുത്ത സംസ്ഥാനം പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തും.

രാജ്യത്തെ വളിര്‍ച്ചാ നിരക്കിനെ നോട്ട് നിരോധം ബാധിക്കുമെന്നും ഡി ജി പിയില്‍ പ്രതിഫലിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് അക്ഷരംപ്രതി യാഥാര്‍ഥ്യമായിരിക്കയാണ്. മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇപ്പോള്‍. ഒരു വര്‍ഷം മുമ്പ് 7.9 ശതമാനമായിരുന്ന വളര്‍ച്ച 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഉത്പാദന മേഖലയിലെ വളര്‍ച്ച 5.3 ശതമാനത്തില്‍ നിന്നും 1.2 ശതമാനത്തിലേക്കും മൈനിംഗ് മേഖല 6.4 ശതമാനത്തില്‍ നിന്ന് 0.7 ശതമാനത്തിലേക്കും, നിര്‍മാണ മേഖല 3.7 -ല്‍ നിന്ന് രണ്ട് ശതമാനത്തിലേക്കും ഫൈനാന്‍ഷ്യല്‍, റിയല്‍ എസ്‌റ്റേറ്റ്, മേഖലകള്‍ 6.4 ല്‍നിന്ന് 2.2 ലേക്കും പൊതു ചെലവ്, പ്രതിരോധം തുടങ്ങിയ സേവനങ്ങള്‍ 17ല്‍ നിന്ന് 9.5 ലേക്കും നിക്ഷേപ വളര്‍ച്ച 2.01ല്‍ നിന്ന് 1.6 ലേക്കും കുറഞ്ഞു.

തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കയാണെന്ന് അതിര്‍ത്തിയില്‍ നിന്നുള്ള ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആക്രമണം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും തീവ്രവാദികളെ അടിച്ചമര്‍ത്തുമെന്നും അവകാശപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ മാധ്യസ്ഥ ചര്‍ച്ചക്ക് കളമൊരുക്കിയതും സ്ഥിതി മോശമാണെന്നതിന്റെ സൂചനയാണ്. നോട്ട് നിരോധം ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഡിജിറ്റല്‍ ഇടപാടുകളില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. തുടക്കത്തില്‍ കറന്‍സി ലഭ്യതക്കുറവ് കാരണം പലരും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയിരുന്നെങ്കിലും കറന്‍സികള്‍ ആവശ്യത്തിന് ലഭ്യമായതോടെ ഇവരില്‍ ഏറെ പേരും കറന്‍സി ഇടപാടിലേക്ക് തന്നെ മടങ്ങുകയുണ്ടായി. കഴിഞ്ഞ നവംബറില്‍ 85,000 കോടി രൂപയായിരുന്നു രാജ്യത്തെ എ ടി എമ്മില്‍ നിന്ന് പിന്‍വലിച്ചതെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 2.26 ലക്ഷം കോടിയായി വര്‍ധിച്ചത് കറന്‍സി ഇടപാടുകളിലേക്കുള്ള ജനത്തിന്റെ മടക്കം വന്‍തോതില്‍ വര്‍ധിച്ചതിന്റെ സാക്ഷ്യമാണ്. അല്ലെങ്കിലും 90 ശതമാനം പേരും അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ഇന്ത്യയില്‍ പൊടുന്നനെയുള്ള നോട്ട് നിരോധത്തിലൂടെ ജനങ്ങളെ ഡിജിറ്റല്‍ ഇടപാടുകളിലെത്തിക്കാമെന്ന ധാരണ തന്നെ ഭീമാബദ്ധമല്ലേ? ഒരു വിപ്ലവകരമായ തീരുമാനമെന്ന തെറ്റിദ്ധാരണയില്‍ തുടക്കത്തില്‍ നോട്ട് നിരോധത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ അതൊരു ദുരന്തമായെന്ന് മാറ്റിപ്പറയുകയാണ്. പ്രധാനമന്ത്രിക്ക് തന്നെ ഇപ്പോള്‍ നന്നായി ബോധ്യമായിട്ടുണ്ട് നോട്ട് നിരോധം ലക്ഷ്യം കണ്ടില്ലെന്നും അതൊരു ഭീമാബദ്ധമായിപ്പോയെന്നും. തന്റെ ആഖ്യാനം അദ്ദേഹത്തിന് പല തവണ തിരുത്തിപ്പറയേണ്ടി വന്നത് അതുകൊണ്ടാണല്ലോ. ദുരഭിമാനം തെറ്റ് സമ്മതിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്ന് മാത്രം.