ദര്‍ശന സാംസ്‌കാരിക വേദി മാധ്യമശ്രീ പുരസ്‌കാരം സിറാജ് ലേഖകൻ റാശിദ് പൂമാടത്തിന്

Posted on: November 7, 2017 4:21 pm | Last updated: November 7, 2017 at 4:21 pm
റാഷിദ് പൂമാടം

അബുദാബി: ദര്‍ശന സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ മാധ്യമശ്രീ പുരസ്‌കാരം സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടത്തിന് ലഭിച്ചു. യു എ ഇ യില്‍ കലാ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായ ദര്‍ശന സാംസ്‌കാരിക വേദി അബുദാബി പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള കര്‍മ്മശ്രീ പുരസ്‌കാരത്തിന് നാട്ടിലും,വിദേശത്തും ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൂയിസ് കുര്യാക്കോസ് അര്‍ഹനായി.

നവംബര്‍ ഒമ്പതിന് അബുദാബി മുസഫ്ഫ മലയാളി സമാജത്തില്‍ നടക്കുന്ന നിത്യവസന്തം പ്രേംനസീര്‍ നൈറ്റില്‍ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡണ്ട് അഷ്റഫ് പട്ടാമ്പി, സെക്രട്ടറി കൃഷണലാല്‍,സല്‍മാന്‍, സതീഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.

നീലേശ്വരം ആനച്ചാല്‍ സ്വദേശിയായ റാഷിദ് പൂമാടം മൂന്ന് വര്‍ഷമായി സിറാജ് ദിനപത്രത്തിന്റെ അബുദാബി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുന്നു. യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അച്ചടി മാധ്യമ അവാര്‍ഡ്, യു എ ഇ. ഐ എം സി സി കമ്മറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ടി വി കുഞ്ഞഹമ്മത് – ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പയ്യന്നുര്‍ സ്വദേശി ഫാത്തിമത്ത് സഫീദ. മകന്‍ ഐമന്‍ അഹമ്മദ്.