Connect with us

Malappuram

സി പി ഐയില്‍ ഗ്രൂപ്പ് പോര്: നേതാക്കളടക്കം നിരവധി പേര്‍ പാര്‍ട്ടി വിട്ടു

Published

|

Last Updated

മലപ്പുറം: കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ സി പി ഐ വിട്ടു. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഴിമതിയിലും ഗ്രൂപ്പ് പോരിനും മനംമടുത്താണ് രാജിയെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ച മലപ്പുറത്ത് നടക്കുന്ന കണ്‍വെന്‍ഷനില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കും. സി പി ഐ സംസ്ഥാന സമ്മേളനം മാര്‍ച്ചില്‍ മലപ്പുറത്ത് നടക്കാനിരിക്കെയാണ് കൂട്ടരാജി. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പാലോളി അബ്ദുര്‍റഹ്മാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം മൊയ്തീന്‍, കെ എം മുഹമ്മദലി, യുവകലാസാഹിതി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അജയ് കൊടക്കാട് എന്നിവരാണ് സി പി ഐ വിട്ടത്. അഴിമതി ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഇവര്‍ നേതൃത്വത്തിനെതിരെ ഉന്നയിച്ചു.
ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലാണ് അബ്ദുര്‍റഹ്മാന്‍. മറ്റുള്ളവര്‍ക്ക് ഇപ്പോഴും അംഗത്വമുണ്ട്. ഒന്നര വര്‍ഷത്തോളമായി ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ ചെയ്തികള്‍ക്കെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച് വരികയാണെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

സി പി ഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് താത്ക്കാലിക നിയമനങ്ങള്‍ക്കും വയല്‍ നികത്തലിനും ഭൂമി തരം മാറ്റലിനും പണം വാങ്ങല്‍, മണല്‍ കച്ചവടം, ക്വാറികളിലെ പിരിവ് ഉള്‍പ്പെടെ ആരോപണങ്ങള്‍ പാര്‍ട്ടി വിട്ടവര്‍ ഉന്നയിക്കുന്നു. ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങള്‍ പലയിടത്തും പൊട്ടിത്തെറിയിലാണ് കലാശിച്ചത്. നേതൃത്വവുമായി കലഹിച്ചു നില്‍ക്കുന്നവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും നിലവിലെ അംഗങ്ങളില്‍ 60 ശതമാനത്തോളം പാര്‍ട്ടി വിടുമെന്നും ഇവര്‍ അവകാശപ്പെട്ടു. വൈകുന്നേരം നാലിന് പ്രശാന്ത് ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍.