തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

Posted on: November 7, 2017 10:36 am | Last updated: November 7, 2017 at 5:10 pm

കോഴിക്കോട്: തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാണ്ടിയെ സംരക്ഷിക്കുന്നതു സര്‍ക്കാരിന്റെ രാഷ്ട്രീയ അഴിമതിയാണെന്നും പാര്‍ട്ടിക്കു വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച ഇ.പി. ജയരാജനു നല്‍കാത്ത സൗകര്യം എന്തിനാണു തോമസ് ചാണ്ടിക്കു നല്‍കുന്നതെന്നു സിപിഎം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ കലക്ടര്‍ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാരിന് ഒരു അനക്കവുമില്ല. കുറ്റവാളിയെ മന്ത്രിസഭയില്‍ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നതു നാണംകെട്ട പണിയാണെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭരിക്കുന്ന മന്ത്രി കലക്ടര്‍ക്കെതിരെ കേസുകൊടുത്ത അസാധാരണ നടപടിയും കേരളത്തിലുണ്ടായി. തോമസ് ചാണ്ടിയുടെ രാജി അടിയന്തരമായി മുഖ്യമന്ത്രി വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിലെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയതിന്റെ പേരിലാണു റേഷന്‍ വ്യാപാരികള്‍ സമരം ചെയ്യുന്നത്. റേഷന്‍ വിതരണം പുനരാരംഭിക്കാന്‍ സര്‍ക്കാരും സമരക്കാരും വിട്ടുവീഴ്ചയ്ക്കു തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗെയില്‍ സമരക്കാരുടെ പേരിലെ മുഴുവന്‍ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണം. എരഞ്ഞിമാവില്‍ പൊലീസ് നടത്തിയതു നര നായാട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് സമരം നടത്തില്ല. അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതിക്കെതിരെ സമരം നടത്താനുള്ള രാഷ്ട്രീയ മൗഢ്യം യുഡിഎംഫിനില്ല. പദ്ധതി നടപ്പാക്കണം. അതു മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു കൊണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.