Connect with us

National

രാജ്യത്തെ അപായപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം: ദേവഗൗഡ

Published

|

Last Updated

സഅദിയ ഫൗണ്ടേഷന്റെ കീഴില്‍ ഫിസ ഗ്രൂപ്പിന്റെ സഹായത്തോടെ നിര്‍മിച്ച ആയിഷുമ്മ മെമ്മോറിയല്‍ ഓര്‍ഫനേജ് മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്യുന്നു.

ബെംഗളൂരു: രാജ്യത്തെ അപകടപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ മതേതര കക്ഷികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ.
ബെംഗളൂരു സഅദിയ ഫൗണ്ടേഷന്റെ കീഴില്‍ ബന്നാര്‍ഘട്ട ശാംഭോഗനഹള്ളിയില്‍ സഅദിയ വിദ്യാഭ്യാസ ഫൗണ്ടേഷന്റെ കീഴില്‍ ഫിസ ഗ്രൂപ്പിന്റെ സഹായത്തോടെ നിര്‍മിച്ച ആയിഷുമ്മ മെമ്മോറിയല്‍ ഓര്‍ഫനേജിന്റെ ഉദ്ഘാടനവും ബി എ അഹമ്മദ് ഹാജി മെമ്മോറിയല്‍ ഹാപ്പി ലിവിന്‍ഗ് സോണ്‍ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഈയടുത്ത കാലത്തായി കണ്ടു വരുന്ന പ്രവണതകള്‍ വളരെ ദു:ഖകരമാണ്.

ഒരു പ്രത്യേക സമുദായത്തെ കരുവാക്കിയുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് അനിവാര്യം. അടുത്ത തിരഞ്ഞെടുപ്പ് ഇത്തരം വര്‍ഗീയ ശക്തികളെ പാഠം പഠിപ്പിക്കാന്‍ ഉപയോഗിക്കണമെന്നും അതിന് വേണ്ടി തന്റെ അവസാന ശ്വാസം വരെ പോരാടുമെന്നും ദേവഗൗഡ പറഞ്ഞു. ഓരോ മത സ്ഥാപനങ്ങളും അവരവരുടെ മത ദര്‍ശനങ്ങള്‍ അനുയായികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും മതസൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് ജനാധിപത്യപരമായ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫിസാ ഗ്രൂപ്പ് ചെയര്‍മാന്‍ ബി എം ഫാറൂഖിനെ ആദരിച്ചു.മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ബി എം ഫാറൂഖ്, കുമ്പോല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശാഫി സഅദി സ്വാഗതവും ശുക്കൂര്‍ ഹാജി നന്ദിയും പറഞ്ഞു.

 

Latest