കെ എസ് എഫ് ഇയെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ്: പഞ്ചായത്ത് ജീവനക്കാരനും ഭാര്യയും അറസ്റ്റില്‍

Posted on: November 7, 2017 10:23 am | Last updated: November 7, 2017 at 10:23 am

കൊല്ലം: വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജറാക്കി കെ എസ് എഫ് ഇ ശാഖയില്‍ നിന്ന് കോടികള്‍ തട്ടിയ സര്‍ക്കാര്‍ ജീവനക്കാരനും ഭാര്യയും അറസ്റ്റില്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ക്ലാര്‍ക്ക് മങ്ങാട് ചാത്തിനാംകുളം ജെ എം ജെ ഹൗസില്‍ കെന്‍സി ജോണ്‍സണ്‍ (36), ഭാര്യ ഷിജി (32) എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലത്തുള്ള കെ എസ് എഫ് ഇയുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി തന്റെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ഓഫീസ് സീലും മേലധികാരിയുടെ ഒപ്പും വ്യാജമായി രേഖപ്പെടുത്തി വായ്പയെടുക്കുകയാണ് ഇയാളുടെ രീതി. ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം നാല് കേസുകളിലായി 45ലക്ഷം രൂപയാണ് ഇയാള്‍ തട്ടിപ്പുനടത്തിയത്.
വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജറാക്കി കെ എസ് എഫ് ഇ യുടെ പതിനഞ്ച് ശാഖകളില്‍ നിന്ന് കെന്‍സി വായ്പ എടുത്തിരുന്നു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാരെന്ന വ്യാജേന സുഹൃത്തുകളുടെയും ബന്ധുക്കളുടെയും പേരിലാണ് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ഇതില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അടക്കമുള്ളവരുണ്ട്. കെ എസ് എഫ് ഇ കുണ്ടറ രണ്ടാം ശാഖയില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേ രീതിയില്‍ കെ എസ് എഫ് ഇയുടെ മറ്റ് നാല് ശാഖകളിലും വ്യാജരേഖകള്‍ നല്‍കിയതായി തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി.

ശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജീവനക്കാര്‍ വായ്പയെടുത്താല്‍ വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രത്തിനായി കെ എസ് എഫ് ഇ തപാലില്‍ കത്തയക്കാറുണ്ട്. എന്നാല്‍, ഓഫീസിലെ തപാല്‍ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന കെന്‍സി കത്തുകള്‍ വാങ്ങി അംഗീകരിച്ചതായി സീലടിച്ച് തിരിച്ചയക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ ഒരേ പേരില്‍ രണ്ട് സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതോടെയാണ് തപാല്‍ വഴി സാക്ഷ്യപത്രം സ്വീകരിച്ചതിനൊപ്പം ഫോണ്‍ മുഖേന കൂടി കുണ്ടറ കെ എസ് എഫ് ഇ ശാഖ സ്ഥിരീകരണത്തിന് ശ്രമിച്ചത്. ഇതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു. തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കെന്‍സിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളത്ത് ഒളിവിലായിരുന്ന കെന്‍സി കഴിഞ്ഞ ദിവസം രാവിലെ ഭാര്യ പിടിയിലായതറിഞ്ഞ് ബൈക്കില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതം നയിക്കാനാണ് ഉപയോഗിച്ചത്. ഷിജിയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ജീവനക്കാരി എന്ന വ്യാജേന വായ്പ എടുത്തിട്ടുണ്ട്. കൃത്രിമ മാര്‍ഗത്തിലൂടെ വ്യാജ രേഖ ചമച്ചു കെന്‍സിന്‍ വായ്പ തരപ്പെടുത്തി നല്‍കിയ മറ്റ് അഞ്ച് പേരും ഒളിവിലാണ്.