നമ്മള്‍ ടീം കൊല്‍ക്കത്ത അതാണ് എടികെ !

Posted on: November 7, 2017 6:28 am | Last updated: November 6, 2017 at 11:29 pm
SHARE

കൊല്‍ക്കത്ത: അമ്‌റ ടീം കൊല്‍ക്കത്ത (വി ആര്‍ ടീം കൊല്‍ക്കത്ത) ! ഐ എസ് എല്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസി എടികെയുടെ പൂര്‍ണ രൂപം ക്ലബ്ബിന്റെ ഉടമയായ സഞ്ജീവ് ഗോയങ്ക പരിചയപ്പെടുത്തിയത് ഇങ്ങനെ.
സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ ഡി മാഡ്രിഡുമായുള്ള സഖ്യം പിരിഞ്ഞ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക പേര് എടികെ എന്നായിരിക്കും. എന്നാല്‍ ടീമിന്റെ ടാഗ് ലൈന്‍ നമ്മള്‍ ടീം കൊല്‍ക്കത്ത എന്നര്‍ഥമുള്ള അമ്‌റ ടീം കൊല്‍ക്കത്ത എന്നായിരിക്കുമെന്നാണ് ഗോയങ്കയുടെ സ്ഥിരീകരണം.

കഴിഞ്ഞ മൂന്ന് സീസണിനിടെ രണ്ട് തവണ ചാമ്പ്യന്‍മാരായത് കൊല്‍ക്കത്തയായിരുന്നു. ഇത്തവണ കിരീടം നിലനിര്‍ത്തുന്ന ആദ്യ ഐ എസ് എല്‍ ടീം ആവുകയാണ് എടികെയുടെ ലക്ഷ്യം. പരിശീലക സ്ഥാനത്ത് ടെഡി ഷെറിംഗ്ഹാമിനെയും ക്യാപ്റ്റന്റെ റോളില്‍ റോബി കീനിനെയും നിയോഗിച്ച് എടികെ പടയൊരുക്കം ഗംഭീരമാക്കുന്നു. ഇന്നലെ ക്ലബ്ബിന്റെ ഔദ്യോഗിക ജഴ്‌സി ടെഡി ഷെറിംഗ്ഹാമും റോബി കീനും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ക്ലബ്ബ് ഉടമകളായ സഞ്ജീവ് ഗോയങ്കയും ഉത്സവ് പരേഖും ചടങ്ങില്‍ സംബന്ധിച്ചു.
മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ടെറി ഷെറിംഗ്ഹാം ആത്മവിശ്വാസത്തിലാണ്. ദുബൈയിലെ മൂന്നാഴ്ച നീണ്ടു നിന്ന പ്രീ സീസണ്‍ ക്യാമ്പ് ഫലപ്രദമായിരുന്നു. മൂന്ന് മത്സരങ്ങള്‍ അവിടെ കളിച്ചു. നാളെയും പരിശീലന മത്സരമുണ്ട്. കുറച്ച് സന്നാഹ മത്സരങ്ങള്‍ കൂടി കളിക്കണമെന്നുണ്ട്. ഐ എസ് എല്‍ 2017 സീസണ്‍ കിക്കോഫിനായുള്ള കാത്തിരിപ്പിലാണ് ക്ലബ്ബ് –
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിനും മേജര്‍ ലീഗ് സോക്കറില്‍ ലാ ഗാലക്‌സിക്കായും കളിച്ചിട്ടുള്ള ഐറിഷ് ഫുട്‌ബോളര്‍ റോബി കീന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്. കൊല്‍ക്കത്ത വലിയ ആവേശത്തിലാണ്. പുതിയ സീസണിനായും ക്ലബ്ബ് അനുകൂലികുമായുള്ള കൂടിക്കാഴ്ചക്കായും കാത്തിരിക്കുന്നു. ഈ സീസണില്‍ ചാമ്പ്യന്‍ഷിപ്പ് കൊല്‍ക്കത്തയിലേക്ക് കൊണ്ടു വരുവാന്‍ സാധിക്കുമെന്നാണ് വിശ്വാസം – റോബി കീന്‍ പറഞ്ഞു.
ദുബൈയില്‍ നടന്ന മൂന്ന് പരിശീലന മത്സരവും എടികെ ജയിച്ചു. ദിബ അല്‍ ഹിന്‍ സ്‌പോര്‍ട്‌സ് & കള്‍ച്ചറുമായിട്ടുള്ള രണ്ട് കളിയും ജയിച്ചു. 2-1, 3-2 മാര്‍ജിനിലായിരുന്നു ജയം. അവസാന മത്സരത്തില്‍ എതിരാളി തുര്‍ക്‌മെനിസ്ഥാന്റെ അണ്ടര്‍ 19 ടീം ആയിരുന്നു. എ ടികെ 5-1ന് തുര്‍ക്‌മെനിസ്ഥാന്‍ ടീമിനെ പരാജയപ്പെടുത്തി.
കഴിഞ്ഞ കാലങ്ങളില്‍ കാണികള്‍ നല്‍കിയ പിന്തുണയായിരുന്നു എടികെയെ മുന്നോട്ട് നയിച്ചത്. ഇത്തവണ, നൂറ് രൂപക്കും അതിന് താഴെയുമുള്ള പത്തായിരം ടിക്കറ്റുകളാണ് ക്ലബ്ബ് കൗണ്ടര്‍ മുഖേന നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഷെറിംഗ്ഹാമിന്റെ ബ്രിട്ടീഷ് ടീം..

ആദ്യ മൂന്ന് സീസണിലും കൊല്‍ക്കത്ത ഫ്രാഞ്ചൈസിക്കൊപ്പം സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡുണ്ടായിരുന്നു. അക്കാലയളവില്‍ സ്പാനിഷ് മേധാവിത്വം കൊല്‍ക്കത്ത ടീമില്‍ കാണാം. ബ്രിട്ടീഷ് കോച്ച് ടെഡി ഷെരിംഗ്ഹാം പറയുന്നത് എടികെ ഇത്തവണ ഇംഗ്ലീഷ് ക്ലബ്ബായി മാറുമെന്നാണ്. ഇന്ത്യന്‍ കളിക്കാര്‍ വളരെ പെട്ടെന്ന് തന്റെ ബ്രിട്ടീഷ് രീതികളോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇത് ടീമിന് ഗുണം ചെയ്യും – ഷെറിംഗ്ഹാം പറഞ്ഞു.
അത്‌ലറ്റിക്കോ ഡി മാഡ്രിഡുമായി സഖ്യത്തിലായിരുന്നപ്പോള്‍ സ്പാനിഷ് പരിശീലകരായിരുന്നു കൊല്‍ക്കത്ത ക്ലബ്ബിന്. ആ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ കൊല്‍ക്കത്ത പരിശീലകരുടെ കാര്യത്തിലും സ്പാനിഷ് കൂട്ട് ഒഴിവാക്കി.
ക്യാപ്റ്റന്‍ റോബി കീന്‍ പത്താം നമ്പര്‍ ജഴ്‌സിയില്‍ കളിക്കും. കീന്‍ വളരെ ആവേശത്തോടെയാണ് സീസണിനെ നോക്കിക്കാണുന്നത്. അതിന് കാരണം സുഹൃത്ത് ഡെല്‍ പിയറോ നല്‍കിയ സന്ദേശമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ആസ്വാദ്യകരമാകും, ഉറപ്പ്. ഇതായിരുന്നു ഡല്‍ഹി ഡൈനമോസിന്റെ മാര്‍ക്വു താരമായിരുന്ന ഡെല്‍ പിയറോ ഐറിഷ് താരത്തോട് പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here