Connect with us

Sports

മഴ കാര്യത്തില്‍; വട്ടം ചുറ്റി കളി !

Published

|

Last Updated

കേരള പോലീസ് ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ച നിറപറ കൗതുകത്തോടെ നോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരട് കോഹ്‌ലി

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ കലാശപ്പോരാട്ടം ഇന്ന്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഇരുടീമുകളും ഒരോ ജയം സ്വന്തമാക്കിയതിനാല്‍ കാര്യവട്ടത്തെ കളി കാര്യമാകും – ശരിക്കും ഫൈനല്‍പ്പോര്. പക്ഷേ, തിമിര്‍ത്ത് പെയ്യുന്ന മഴ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ആശങ്ക നിറയ്ക്കുന്നു. ഇന്നലെ ഉച്ചയോടെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പോലും രൂപപ്പെട്ടു.
മഴയെ തുടര്‍ന്ന് രണ്ടു ടീമുകളുടെയും പരിശീലനവും ഉപേക്ഷിച്ചു. ഇന്നും മഴ വില്ലന്‍ വേഷത്തിലെത്തുമോയെന്ന ആശങ്ക പങ്കുവെക്കുകയാണ് ആരാധകര്‍. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തിമിര്‍ത്ത് പെയ്താണ് അവസാനിച്ചത്. കനത്ത ഇടിയുടെ അകമ്പടിയോടെയാണ് മഴ എത്തിയത്. ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.
രണ്ടു ടീമുകളും മികച്ച ഫോമിലായതിനാല്‍ ഇന്നത്തെ മത്സരം തീപാറും. റണ്ണൊഴുകുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇന്നലെയും പെയ്ത തോരാമഴ മത്സരത്തിന് മേല്‍ കരിനിഴലായിട്ടുണ്ട്. മഴ മൂലം ഇന്നലെ നിശ്ചയിച്ച പരിശീലനവും ഒഴിവാക്കി.

മൂന്നു പതിറ്റാണ്ടിനു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര മല്‍സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇരുടീമുകളും ഞായറാഴ് രാത്രി പതിനൊന്നരയോടെ പ്രത്യേകം ചാര്‍ട്ടുചെയ്ത വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. രാത്രി ഏറെ വൈകിയിട്ടും വിമാനത്താവളത്തില്‍ ടീമുകളെ സ്വീകരിക്കാന്‍ ആരാധകര്‍ എത്തിയിരുന്നു.
ആര്‍പ്പുവിളികളോടെയാണ് ക്രിക്കറ്റ് ആരാധകര്‍ താരങ്ങളെ വരവേറ്റത്. തുടര്‍ന്ന് ടീം താമസസ്ഥലമായ കോവളത്തെ റാവിസ് ലീല ഹോട്ടലിലേക്ക് പോയി. ഇരുടീമുകളും ഇന്നലെ രാവിലേയും ഉച്ചയ്ക്കുമായി സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മഴമൂലം റദ്ദാക്കുകയായിരുന്നു. പകരം ഹോട്ടലിലെ ജിമ്മില്‍ പ്രത്യേക പരിശീലനം ഒരുക്കി. എന്നാല്‍, ടീം ഒഫീഷ്യല്‍സും പരിശീലകരും പിച്ച് പരിശോധിക്കാനെത്തി.
ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 53 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. എന്നാല്‍ രാജ്‌കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ 40 റണ്‍സിന് ന്യൂസിലന്റ് ജയം കൂടെ നിര്‍ത്തി. മല്‍സരം രാത്രി ഏഴിനാണെങ്കിലും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബും പരിസരവും കഴിഞ്ഞ ഒരാഴ്ചയായി ക്രിക്കറ്റ് ലഹരിയിലാണ്.

സ്‌പോര്‍ട്‌സ് ഹബ്ബില്‍ അഞ്ച് പിച്ചുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം മല്‍സരത്തിനായി സജ്ജമാക്കിയിട്ടുണ്ട്. മല്‍സരത്തിനുള്ള ടിക്കറ്റുകളും ദിവസങ്ങള്‍ക്കു മുമ്പെ വിറ്റുതീര്‍ന്നിട്ടുണ്ട്. 80 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാണ് വിറ്റത്.
മഴപ്പേടിയിലും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ മികച്ച ഡ്രെയിനേജ് സംവിധാനം . കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണ് സ്‌റ്റേഡിയത്തിലുള്ളത്. പിച്ചുകള്‍ ഇപ്പോള്‍ പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്.
മൂന്ന് സൂപ്പര്‍ സോപ്പറുകള്‍ സ്‌റ്റേഡിയത്തിലുണ്ട്. മത്സരത്തിനിടെ മഴ പെയ്താലും മഴ നിന്ന് 20 മിനുട്ടിനുള്ളില്‍ മത്സരം പുനരാരംഭിക്കുവാനാകുമെന്ന് കെ സി എ വൃത്തങ്ങള്‍ പറഞ്ഞു.