ശബരിമല സര്‍വീസിന് 16 മുതല്‍ കെ എസ് ആര്‍ ടി സി ബസുകളെത്തും

  • ആദ്യഘട്ടം 135 ബസുകള്‍ പിന്‍വലിക്കും.
  • നിലവിലെ റൂട്ടുകളില്‍ ബദല്‍ സംവിധാനമില്ല
Posted on: November 7, 2017 8:22 am | Last updated: November 6, 2017 at 11:24 pm
SHARE

കണ്ണൂര്‍: ശബരിമല തീര്‍ഥാടനത്തിനായി പമ്പയിലേക്ക് സര്‍വീസ് നടത്താനായി ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്ന 135 കെ എസ് ആര്‍ ടി സി ബസുകള്‍ പമ്പയിലേക്കെത്തിക്കും. സംസ്ഥാനത്തെ അഞ്ച് സോണലുകളില്‍ നിന്നുമായി സര്‍വീസിനായി ഏറ്റെടുക്കുന്ന ബസുകള്‍ക്ക് പകരം ബസുകളയക്കാന്‍ സംവിധാനമാകാത്തത് നിരവധി റൂട്ടുകളില്‍ യാത്രാക്ലേശം സൃഷ്ടിക്കും.

ആദ്യ പത്ത് ദിവസത്തേക്കാണ് 80 സര്‍വീസുകള്‍ക്കായി 135 ബസുകള്‍ ഏറ്റെടുക്കുക. കണ്ണൂര്‍, തൃശ്ശൂര്‍ സോണലുകളില്‍ നിന്ന് 20 വീതം ബസുകളാണ് സര്‍വീസിനായി ഏറ്റെടുക്കുക. തിരുവനന്തപുരം-19, കൊല്ലം-18, എറണാകുളം-50 എന്നിങ്ങനെയും ബസുകള്‍ ഏറ്റെടുക്കും. നിലവില്‍ ഇവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ നിന്ന് പിന്‍വലിച്ചാണ് പമ്പ സര്‍വീസിനായി കൊണ്ടു പോകുന്നത്. എന്നാല്‍ ഇവിടെ ബദല്‍ സര്‍വീസിനായി കൂടുതല്‍ ബസുകള്‍ എത്തിക്കാനുള്ള നടപടിക്ക് ഇതുവരെയും സംവിധാനമായില്ല. യാത്രാ സൗകര്യം കുറഞ്ഞ റൂട്ടുകളില്‍ നിന്നടക്കം ഒറ്റയ
ടിക്ക് ബസുകള്‍ പിന്‍വലിക്കുന്നത് കനത്ത യാത്രാ പ്രശ്‌നമാണ് സൃഷ്ടിക്കുക.

തീര്‍ഥാടക ബാഹുല്യം കണക്കിലെടുത്ത് രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ബസുകള്‍ പിന്‍വലിക്കാനാണ് ധാരണ. എല്ലാക്കാലത്തും ഇത് യാത്രാപ്രശ്‌നം സൃഷ്ടിക്കാറുണ്ടെങ്കിലും കൂടുതല്‍ ബസുകള്‍ ശബരിമല സര്‍വീസിനായി വാങ്ങാന്‍ അധികൃതര്‍ തയ്യാറാകാറില്ല. ശബരിമല സര്‍വീസ് മൂലം കെ എസ് ആര്‍ ടി സിക്ക് നല്ല വരുമാനമാണ് മിക്ക വര്‍ഷങ്ങളിലും ലഭിക്കാറുള്ളത്. തിരക്കുള്ള റൂട്ടുകളില്‍ ഓടുമ്പോള്‍ കിട്ടുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ പമ്പ സര്‍വീസ് നഷ്ടത്തിലാകാറുമുമുണ്ട്.

കഴിഞ്ഞ തവണ തീര്‍ഥാടനത്തിനു നടതുറന്നശേഷം 10.83 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്കു ലഭിച്ച വരുമാനം. 1.74 ലക്ഷം യാത്രക്കാരുമായി 19,76,265 കിലോമീറ്ററാണ് ബസുകള്‍ ഓടിയത്. അതേസമയം കഴിഞ്ഞ ജനുവരിയില്‍ മകരവിളക്ക് സീസണില്‍ മാത്രം കെ എസ് ആര്‍ ടി സിക്ക് 4.42 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 ലക്ഷത്തോളം രൂപയുടെ അധിക വരുമാനമായിരുന്നു ഇത്. മകരവിളക്ക് ദിവസമായ 14നും പിറ്റേദിവസവും കൂടി ലഭിച്ചത് 45 ലക്ഷമാണ്. ഇത്തവണ 80 സര്‍വീസുകള്‍ പമ്പ നിലക്കല്‍ റൂട്ടിലും 15 സര്‍വീസുകള്‍ പഴനി, കോയമ്പത്തൂര്‍, മധുര തുടങ്ങിയ അന്തര്‍സംസ്ഥാന റൂട്ടിലുമാണ് നടത്തുന്നത്.