Connect with us

Eranakulam

ആയുര്‍വേദ ഔഷധങ്ങളുടെ ജി എസ് ടി: അവ്യക്തത തുടരുന്നു

Published

|

Last Updated

കൊച്ചി: രാജ്യം ഏകീകൃത നികുതി സംവിധാനത്തിലേക്ക് മാറി നാല് മാസങ്ങള്‍ പിന്നിട്ടിട്ടും ആയുര്‍വേദ ഔഷധങ്ങളുടെ നികുതിയെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നു. ജനറിക് ഔഷധങ്ങളുടെയും പാറ്റന്റ് ഔഷധങ്ങളുടെയും ജി എസ് ടിയില്‍ മാറ്റമുള്ളതിനാല്‍ ഇവ വേര്‍തിരിക്കാന്‍ ആയുര്‍വേദ ഔഷധ വ്യാപാരികള്‍ ബുദ്ധിമുട്ടുകയാണ്.

ജി എസ് ടി നിബന്ധനകള്‍ പ്രകാരം ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടിന്റെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി. എന്നാല്‍ ഈ മേഖലയില്‍ പൊതുവായി ഉപയോഗിക്കുന്ന പല ജനറിക് ഔഷധങ്ങള്‍ക്കും 12 ശതമാനമാണ് ജി എസ് ടി ചുമത്തിയിരിക്കുന്നത്. ബഹുഭൂരിപക്ഷം പാറ്റന്റ് ആയുര്‍വേദ ഔഷധങ്ങള്‍ക്കും ജി എസ് ടി നിലവില്‍ വരുന്നതിന് മുമ്പ് അഞ്ച് ശതമാനം മാത്രമായിരുന്നു നികുതി. 12 ശതമാനം ജി എസ് ടി ചുമത്തിയതോടെ ഈ മേഖലയില്‍ നിലനില്‍ക്കുന്ന അവ്യക്തത കണക്കിലെടുക്കാതെ ഭാവിയില്‍ തങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഈ പ്രതിസന്ധി മറികടക്കാന്‍ എല്ലാ ആയുര്‍വേദ ഔഷധങ്ങള്‍ക്കും ഒരുപോലെ ജി എസ് ടി നിജപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഔഷധങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് നോട്ട്, ഡെബിറ്റ് നോട്ട്, കാലാവധി കഴിഞ്ഞതും വില്‍പ്പന യോഗ്യമല്ലാത്തതുമായ ഔഷധങ്ങളുടെ നികുതി ബാധ്യത, ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി വരുന്ന സൗജന്യ മരുന്നുകളുടെ നികുതി ബാധ്യത തുടങ്ങിയ വിഷയങ്ങളിലും അവ്യക്തത തുടരുകയാണ്.
അതേസമയം, ജി എസ് ടി നിലവില്‍ വരുന്നതോടെ മിക്കവാറും മരുന്നുകള്‍ക്കും വില കുറയുമെന്ന ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റിയുടെ കണ്ടെത്തല്‍ ആയുര്‍വേദ ഔഷധ മേഖലയില്‍ പ്രതിഫലിച്ചില്ല. ആയുര്‍വേദ ഔഷധങ്ങള്‍ക്ക് വില കുറഞ്ഞില്ലെന്ന് മാത്രമല്ല, അഞ്ച് ശതമാനം ഔഷധ നിര്‍മാണ കമ്പനികളും വില വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി എസ് രഞ്ജിത്ത് കുമാര്‍ പറഞ്ഞു. പരമ്പരാഗത ആയുര്‍വേദ ഔഷധങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന 12 ശതമാനം നികുതി, ജി എസ് ടി വന്നതിന് പിന്നാലെ അഞ്ച് ശതമാനമായി കുറഞ്ഞെങ്കിലും ഇത് ഉപോഭോക്താക്കള്‍ക്ക് പ്രയോജനപ്പെട്ടില്ല. ഉത്പാദകര്‍ നികുതിയിളവ് നല്‍കുന്നില്ലെന്നാണ് ആക്ഷേപം.

 

Latest