Connect with us

International

ട്രംപ് കാലുകുത്തുമ്പോള്‍, 'മറന്നുപോയ' ബോംബ് ഭീതിയില്‍ ജപ്പാന്‍

Published

|

Last Updated

ടോക്യോ: ഹിരോഷിമയും നാഗസാക്കിയും മാരകമായ പ്രഹരം ഏറ്റുവാങ്ങിയ നഗരമാണെങ്കിലും അതിന് ശേഷം ജപ്പാനില്‍ അത്ര പരിചിതമല്ല ബോംബുകള്‍. ബോംബ് സ്‌ഫോടനമെന്നോ ഭീഷണിയെന്നോ ഉള്ള വാര്‍ത്തകള്‍ കേട്ട് നടുങ്ങേണ്ടി വന്നിട്ടില്ല ഹിരോഷിമക്കും നാഗസാക്കിക്കും ശേഷം ജപ്പാന്‍കാര്‍. പക്ഷേ, ഇന്നലെ അപൂര്‍വമായ ആ വാര്‍ത്തയും കേള്‍ക്കാനിടയായി ആണവ സ്‌ഫോടനത്തിന്റെ രക്തസാക്ഷിയായ ഈ രാജ്യം. അതിന് കാരണക്കാരനായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ട്രംപ് ജപ്പാനിലെത്തിയപ്പോഴാണ് ആ വാര്‍ത്ത പുറത്തുവന്നത്. ബോംബ് ഭീഷണി. ഒന്നല്ല, ഒറ്റ ദിവസം നാലിടങ്ങളില്‍.

പടിഞ്ഞാറന്‍ ഷിഗയിലെ വിനോദ നൗക കമ്പനിയിലേക്കാണ് അജ്ഞാതന്റെ ആദ്യ ബോംബ് ഭീഷണി സന്ദേശം എത്തിയത്. അടുത്ത മണിക്കൂറിനുള്ളില്‍ വിനോദ നൗകകളില്‍ ഒന്നില്‍ സ്‌ഫോടനമുണ്ടാകും എന്നായിരുന്നു ഭീഷണി. ഒട്ടും വൈകിയില്ല, പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി. 290 യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ച് ബോട്ടില്‍ പരിശോധന തുടങ്ങി. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
അതിനിടെ, ഹിരോഷിമയിലെ മറ്റൊരു നൗക കമ്പനിക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി ആ ബോട്ട് സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്തു. അവിടെയും ഭീഷണി കബളിപ്പിക്കല്‍ തന്നെയായിരുന്നു.
ഒസാകയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന് നേരെയാണ് മറ്റൊരു ഭീഷണി. അവിടെയും ബോംബുകളൊന്നും കണ്ടെത്താനായില്ല.
ക്യോറ്റോയിലെ ട്രെയിന്‍ ഓപറേറ്റര്‍ക്ക് ലഭിച്ച സമാന ഭീഷണി സന്ദേശം വലച്ചത് 8000ത്തോളം യാത്രക്കാരെയാണ്. ഒരു മണിക്കൂറിനുള്ളില്‍ സന്‍ജോ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടാകും എന്നായിരുന്നു ഭീഷണി. വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട ഇവിടേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചാണ് ഈ ഭീഷണി അധികൃതര്‍ നേരിട്ടത്. പക്ഷേ, അവിടെയും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

 

 

Latest