Connect with us

International

ഉ. കൊറിയക്കെതിരെ ജപ്പാന്റെ പിന്തുണ; വീണ്ടും യു എസ് താക്കീത്

Published

|

Last Updated

ജപ്പാനിലെത്തിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മലാനിയ ട്രംപിനെയും ജാപ്പനീസ് ചക്രവര്‍ത്തി അകിഹിതോയും ചക്രവര്‍ത്തിനി മിചികോയും ചേര്‍ന്ന് ഇംപീരിയല്‍ പാലസിലേക്ക് സ്വാഗതം ചെയ്യുന്നു

ടോക്യോ: ഉത്തര കൊറിയയോടുള്ള നയതന്ത്ര ക്ഷമയുടെ സമയം കഴിഞ്ഞെന്ന മുന്നറിയിപ്പുമായി വീണ്ടും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ ജപ്പാന്റെ കൂടി പിന്തുണ ഉറപ്പാക്കിയ ശേഷമാണ് ട്രംപ് തന്റെ ഭീഷണി ആവര്‍ത്തിച്ചത്. 12 ദിവസത്തെ എഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയതാണ് ട്രംപ്. ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ പരിഷ്‌കൃത ലോകത്തിനും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്കെതിരെ നയതന്ത്രത്തിന് അപ്പുറമുള്ള പരിഹാര മാര്‍ഗം തേടേണ്ടിവരുമെന്ന്, യുദ്ധ സൂചനകള്‍ നല്‍കി നേരത്തെ ട്രംപ് പ്രതികരണം നടത്തിയിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഈ ഭീഷണി ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു ട്രംപ് ഇന്നലെ.
ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയെ നിലക്ക് നിര്‍ത്താന്‍ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികളാണ് ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള യു എസ് മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്.

എന്നാല്‍, ഇത്തരം ആഗോള സമ്മര്‍ദങ്ങള്‍, ആണവ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഉത്തര കൊറിയയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇതിന് ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ട്രംപിന്റെ ഇപ്പോഴത്തെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. ഉത്തര കൊറിയയുടെ മിസൈല്‍ വിക്ഷേപണ പഥം ജപ്പാന് മുകളിലൂടെയാണെന്നതിനാല്‍, അവര്‍ക്കെതിരെ സൈനിക നീക്കം അടക്കമുള്ള നടപടികള്‍ക്ക് അബെ പിന്തുണ അറിയിച്ചെന്നാണ് വിവരം.
ഐക്യരാഷ്ട്രസഭയട ക്കം പലവിധത്തിലുള്ള ഉപരോധങ്ങള്‍ അവര്‍ക്ക് മേല്‍ കൊണ്ടുവന്നെങ്കിലും ഇക്കാലയളവില്‍ മാത്രം ആറ് ആണവ പരീക്ഷണങ്ങളും നിരവധി മിസൈല്‍ പരീക്ഷണങ്ങളുമാണ് ഉത്തര കൊറിയ നടത്തിയത്.