പാരഡൈസ് വെളിപ്പെടുത്തല്‍

Posted on: November 7, 2017 6:39 am | Last updated: November 6, 2017 at 10:40 pm
SHARE

നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനമായ നാളെ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കെ സര്‍ക്കാറിനെ വെട്ടിലാക്കുന്ന വിവരങ്ങളാണ് പാരഡൈസ് പേപ്പേഴ്‌സ് പുറത്തു വിട്ട കള്ളപ്പണക്കാരുടെ ലിസ്റ്റ്. ബി ജെ പിയിലെ പ്രമുഖനും വ്യോമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹ, പാര്‍ലിമെന്റിലെ ബി ജെ പി പ്രതിനിധി ആര്‍ കെ സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗമോഹന്‍ റെഡ്ഡി, വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിങ്ങനെ രാഷ്ട്രീയ, സിനിമാ, ബിസിനസ് രംഗത്തെ പല പ്രമുഖരും ഉള്‍പ്പെടുന്നുണ്ട് മാധ്യപ്രവര്‍ത്തകരുടെ സംയുക്ത കൂട്ടായ്മയായ പാരഡൈസ് പേപ്പേഴ്‌സ് ഞായറാഴ്ച അര്‍ധരാത്രി പുറത്തു വിട്ട കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍. ഇന്ത്യയിലെ കള്ളപ്പണക്കാരില്‍ ബഹുഭൂരിഭാഗവും ബര്‍മുഡയിലെ ആപ്പിള്‍ബൈ എന്ന സ്ഥാപനത്തിലാണ് പണം നിക്ഷേപിച്ചതത്രേ. 714 ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. നികുതി വെട്ടിപ്പ്, റിയല്‍ എസ്റ്റേറ്റ്, എസ്‌ക്രോ അക്കൗണ്ടുകള്‍ തുടങ്ങിയ ലക്ഷ്യത്തോടെ രാജ്യാന്തര തലത്തില്‍ അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍, ബേങ്കുകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് ആപ്പിള്‍ബൈ പ്രവര്‍ത്തിക്കുന്നത്.

ജര്‍മന്‍ പത്രമായ സെഡ്യൂസെ സിറ്റിംഗും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയും 96 കമ്പനികളുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രമുഖരുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ മാനേജിംഗ് ഡയറക്ടറായ ഓമിധ്യാര്‍ നെറ്റ്‌വര്‍ക്ക് യു എസ് കമ്പനിയായ ഡി ലൈറ്റ് ഡിസൈനില്‍ നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഓംഡിയാര്‍ സ്ഥാപിക്കുന്നതിന് മുമ്പ് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഡി ലൈറ്റ് ഡിസൈന്‍ ഡയറക്ടറായിരുന്നു സിന്‍ഹ. അന്ന് അദ്ദേഹം നെതര്‍ലാന്‍ഡ് ആസ്ഥാനമായ കമ്പനിയില്‍ നിന്നും മൂന്ന് മില്യന്‍ യു എസ് ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും രേഖകളിലുണ്ട്. 2014ല്‍ ഹസാരിബാഗില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സിന്‍ഹ ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ സ്വത്ത് വിവരങ്ങളുടെ ഗണത്തിലും ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എം ജി എഫ്, വിഡിയോകോണ്‍, ഡി എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിയയ്മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജി എം ആര്‍ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ കോര്‍പറേറ്റുകളുടെ പേരും രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സ്വിറ്റ്‌സര്‍ലാന്‍ഡ്, മൗറീഷ്യസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ നികുതി മുക്ത ബേങ്കുകളില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളും ബിസിനസുകാരും അതിസമ്പന്നരും വന്‍തോതില്‍ പണം നിക്ഷേപിച്ചു വരുന്നുണ്ട്. നികുതിയില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ അത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. പേര് വിവരം ബേങ്കുകള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നത് അവര്‍ക്കൊരു സംരക്ഷണവുമാണ്. രണ്ടുലക്ഷം കോടി ഡോളര്‍ (120 ലക്ഷം കോടി രൂപ)വരും വിദേശങ്ങളിലെ ഇന്ത്യക്കാരുടെ കള്ളപ്പണമെന്നാണ് വ്യവസായികളുടെ സംഘടനയായ അസോചമിന്റെ വിലയിരുത്തല്‍. രാജ്യത്തിന്റെ ദേശീയ വരുമാനത്തിന് തുല്യം വരുമിത്.

ഇന്ത്യന്‍ സമ്പദ്ഘടനക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്ന ഈ നിക്ഷേപം തിരികെ കൊണ്ടു വരുമെന്ന് മാറിമാറി വരുന്ന ഭരണാധികാരികള്‍ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ ശ്രമം ഒരു സര്‍ക്കാറും ഇതുവരെ നടത്തിയിട്ടില്ല. ലഭ്യമായവരുടെ പേരുകള്‍ പോലും പുറത്തു വിടാറുമില്ല. പാര്‍ട്ടിയിലെ പ്രമുഖരും വേണ്ടപ്പെട്ടവരുമുണ്ട് കള്ളപ്പണ നിക്ഷേപകരുടെ കൂട്ടത്തില്‍. മാത്രമല്ല, പ്രമുഖ പാര്‍ട്ടികളെല്ലാം കള്ളപ്പണക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നവരാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പുവേളയില്‍. ഓരോ കക്ഷിയും കണക്കില്‍ കാണിക്കുന്നതിന്റെ പതിന്മടങ്ങോളം വരും കള്ളപ്പണക്കാര്‍ നല്‍കുന്ന വിഹിതം. അവരെ തൊടാന്‍ ആരും മുന്നോട്ട് വരാത്തതിന്റെ കാരണവുമിതാണ്.

കള്ളപ്പണക്കാരെ വെളിച്ചത്തു കൊണ്ടു വരുമെന്നും അഴിക്കുള്ളിലാക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് മോദി അധികാരത്തിലേറിയത്. അധികാരമേറ്റ ഉടനെ തന്നെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കള്ളപ്പണക്കാരെ കണ്ടെത്തുന്നതിന് ജസ്റ്റിസ് എം ബി ഷാ അധ്യക്ഷനായി 11 അംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സമിതിയുമായി സഹകരിക്കാമെന്നും ലിസ്റ്റ് സമിതിക്ക് കൈമാറാമെന്നും സ്വിസ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതുമാണ്. അതോടെ അവസാനിച്ചു മോദിയുടെ ഈ വഴിക്കുള്ള നീക്കങ്ങള്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു തന്ത്രമായിരുന്നു ഇതെല്ലാം? എന്തുകൊണ്ടാണ് സര്‍ക്കാറിന്റെ ഒളിച്ചു കളിയെന്ന് പുതിയ വെളിപ്പെടുത്തലോടെ കൂടുതല്‍ വ്യക്തമാണ്. സര്‍ക്കാറിലെയും പാര്‍ട്ടിയിലെയും പ്രമുഖരാണല്ലോ ലിസ്റ്റിലുള്ളവരില്‍ പലരും. കള്ളപ്പണത്തിനെതിരായ മോദിയുടെ പ്രഖ്യാപനത്തില്‍ തെല്ലെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇപ്പോള്‍ പേര് വെളിച്ചത്തു വന്നവരുടെ പേരില്‍ നടപടിയെടുക്കുയും അവരുടെ പണം തിരിച്ചെത്തിക്കാന്‍ ഊര്‍ജിത നടപടി സ്വീകരിക്കുകയും ചെയ്യട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here