Connect with us

Articles

കിച്ചഡി: അഥവാ, ഒരു ദേശീയ ഭക്ഷണത്തിനു വേണ്ട ചേരുവകള്‍

Published

|

Last Updated

1600-കളുടെ തുടക്കത്തില്‍ ഫ്രഞ്ച് യാത്രികനായ ജീന്‍ ബാറ്റിസ്റ്റ് ആറ് തവണ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വൈകുന്നേരങ്ങളില്‍ പതിവായി പാചകം ചെയ്ത് ഭക്ഷിക്കുന്ന കിച്ചഡി എന്ന വിഭവത്തെക്കുറിച്ച് ഒരോ യാത്രയിലും അദ്ദേഹം കൗതുകത്തോടെ അന്വേഷിച്ചുകൊണ്ടിരുന്നു. അരി, പരിപ്പ്, ചെറുപയര്‍, നെയ്യ്, ബാര്‍ലി തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന കിച്ചടിക്ക് ഓരോ നാട്ടിലും വ്യത്യസ്തമായ രുചിയാണുണ്ടായിരുന്നത് എന്നും ജീന്‍ ബാറ്റിസ്റ്റ് എഴുതി.

പതിനാറാം നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തിയെക്കുറിച്ച് തയ്യാറാക്കിയ അയ്‌നെ അക്ബര്‍ എന്ന ഗ്രന്ഥത്തില്‍ മുഗള്‍ രാജാക്കന്മാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ഏഴിനം കിച്ചഡികളെ പരിചയപ്പെടുത്തുന്നുണ്ട്. സാധാരണക്കാരന്റെ തീന്മേശയില്‍ നിന്ന് രാജകീയ വിഭവമായി മാറിയ കിച്ചഡിയുടെ കഥയായിരുന്നു അയ്‌നെ അക്ബര്‍ പരിചയപ്പെടുത്തിയത്. കാലദേശങ്ങള്‍ കടന്ന് കിച്ചഡിക്ക് പുതിയ രൂപവും ഭാവവും കൈവന്നു. ഔറംഗസീബിന്റെ ഭരണകാലത്ത് ഉണ്ടായിരുന്ന ആലംഗീരി കിച്ചഡി മുഗള്‍ രാജവംശ കാലത്തെ തന്നെ ഏറ്റവും ജനകീയമായ ഭക്ഷണമായിരുന്നു. ഉണങ്ങിയ പഴങ്ങളും കടലകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരുന്ന മുഗള്‍ കിച്ചഡിയില്‍ നിന്ന് മുട്ട, മത്സ്യവിഭവങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ബ്രിട്ടീഷ് കിച്ചഡി വരെയുണ്ടായി.
ഇങ്ങനെ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുവന്ന കിച്ചഡിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ രാഷ്ട്രീയ ചര്‍ച്ചകളിലെ സുപ്രധാന വിഭവം. കിച്ചഡി ദേശീയ ഭക്ഷണമാക്കണമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പ്രസ്താവിച്ചതോടെയാണ് തുടക്കം. സംഗതി ഓണ്‍ലൈനിലും ഓഫ്‌ലൈനിലും വൈറലായി. കിച്ചഡി നമ്മുടെ ദേശീയ ഭക്ഷണമാക്കേണ്ടതുണ്ടോ എന്ന കാര്യം ദേശീയ വാര്‍ത്താ ചാനലുകളിലെ പ്രൈം ടൈം സംവാദമായി മാറി. മുപ്പത് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം കമ്പനികളെ പങ്കെടുപ്പിച്ച്, കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ സഹകരണത്തോടെ നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ വെച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം നടന്നത്. ഇതേ പരിപാടിയില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വെച്ച് 800 കിലോഗ്രാമിന്റെ ബ്രാന്റ് ഇന്ത്യാ കിച്ചഡിയും നിര്‍മിക്കുകയുണ്ടായി. പോഷകസമൃദ്ധവും ആരോഗ്യകരവുമായ കിച്ചടി ഇന്ത്യയുടെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഭക്ഷണമായതു കൊണ്ടാണ് ബ്രാന്റ് ഇന്ത്യന്‍ വിഭവമായി അത് തിരഞ്ഞെടുത്തതെന്നും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ നിരീക്ഷിക്കുകയുണ്ടായി. വിവിധ രാഷ്ട്രങ്ങളില്‍ ഈ വിഭവം കൂടുതല്‍ ജനകീയമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറായിക്കഴിഞ്ഞെന്നും മന്ത്രി പ്രഖ്യാപിച്ചു.

പ്രമുഖര്‍ പ്രതികരിച്ചു. മാധ്യമ നിരീക്ഷകരും രാഷ്ട്രീയ ചിന്തകരും കിച്ചഡി എന്ന മഹാഭക്ഷണത്തിന്റെ ജൈവശാസ്ത്രവും നരവംശ ശാസ്ത്രവും ചര്‍ച്ച ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കിച്ചഡി കഴിച്ചാലുണ്ടാകുന്ന ആരോഗ്യഗുണഗണങ്ങള്‍ വിശദീകരിച്ചു ലേഖനങ്ങള്‍ നിറഞ്ഞു. സംഗതി സംഘ്പരിവാര്‍ പ്രചാരകരും മോദി ഭക്തരും ഏറ്റുപിടിച്ചു. ചുരുക്കത്തില്‍ ഒരു ദേശീയ ഭക്ഷണത്തിനുള്ള എല്ലാ യോഗ്യതകളും കിച്ചഡിക്കുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സംവാദങ്ങള്‍. ഒന്നാമതായി കിച്ചഡി ഒരു വെജിറ്റേറിയന്‍ വിഭവമാണ്. ഒപ്പം ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ ആരോഗ്യദര്‍ശനമായ വൈദ്യശാസ്ത്ര നിര്‍ദേശപ്രകാരമുള്ള ധാന്യങ്ങളും ഔഷധങ്ങളുമാണ് ഈ വിഭവത്തിന്റെ ചേരുവകള്‍. മുസ്‌ലിംകള്‍ ഇവിടെ പരിചയപ്പെടുത്തിയ ബിരിയാണി പോലുള്ള ഭക്ഷണത്തിന് ഒന്നാന്തരമൊരു ബദല്‍. അത്തരം “വിദേശി”കള്‍ കഴിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളൊന്നുമില്ലാത്ത ശുദ്ധമായ ഐറ്റം. സംസ്‌കൃതത്തില്‍ ഖിച്ച എന്നതിനര്‍ഥം തന്നെ പഥ്യം എന്നാണ്. മിക്ക ദൈവങ്ങളുടെയും ഇഷ്ടവിഭവമായ കിച്ചഡിയുടെ പ്രാധാന്യം പുരാണഗ്രന്ഥമായ ചാരക് സംഹിതയില്‍ പോലും വിവരിച്ചിരിക്കുന്നു. നോമ്പനുഷ്ഠിക്കുന്ന ഹിന്ദുക്കള്‍ക്ക് കഴിക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് സാബൂധന കിച്ചഡി. കിച്ചഡിയുടെ ചരിത്രത്തിന് ഒരു ഗുജറാത്ത് കണക്ഷനും ഉണ്ട്. ഇക്കാലത്ത് എല്ലാ കാര്യങ്ങള്‍ക്കും ഒരു ഗുജറാത്ത് കണ്ക്ഷന്‍ നല്ലതുമാണ്. ബാബാ രാംദേവിനാണെങ്കില്‍ ഒരു പതഞ്ജലി കിച്ചഡി മിക്‌സ് വിപണിയില്‍ ഇറക്കാവുന്നതുമാണ്. മിക്ക സംസ്ഥാനങ്ങളിലെയും കിച്ചഡിയില്‍ നെയ്യ് ഉപയോഗിക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ കിച്ചഡിയുടെ പ്രമോഷന്‍ ഗോമാതാവിന്റെ കൂടി പ്രമോഷനാണ്. ഒരു ദേശീയ ഭക്ഷണമായി ഉയര്‍ത്തപ്പെടാന്‍ ഇതിലും വലിയ യോഗ്യതകള്‍ ഉണ്ടോ?
ഇനി നിങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയും പരിപാടികളെയും വിമര്‍ശിക്കുന്ന വല്ല മുസ്‌ലിംകളോ മമതാ ബാനര്‍ജി ഫാനോ അതുമല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ആളോ ആണെങ്കില്‍ പോലും കിച്ചഡിയെ നിങ്ങള്‍ക്ക് തള്ളിപ്പറയാന്‍ കഴിയില്ല. കിച്ചഡി കീമ ഹൈദരാബാദിലെ മുസ്‌ലിംകള്‍ക്കിടയില്‍ ജനകീയ വിഭവമാണ്. കൊല്‍ക്കത്തയിലെ കിച്ചൂരി മമത ബാനര്‍ജി പോലും തള്ളിപ്പറയില്ല. പല സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കിച്ചഡി ഉള്ളതുകൊണ്ട്, ഇത് ഒരുത്തരേന്ത്യന്‍ ഭക്ഷണ അജന്‍ഡയായി വിമര്‍ശിക്കാനും പറ്റില്ല. ബീഫ് രാഷ്ട്രീയം നടപ്പിലാക്കാന്‍ നടത്തിയ കൊലപാതകങ്ങളുടെ ഒരു റിസ്‌കുമില്ലാതെ രാജ്യത്തുടനീളം നടപ്പിലാക്കാന്‍ പറ്റിയ സൂപ്പര്‍ ഡിഷ്. ഇങ്ങനെത്തന്നെയല്ലേ ഒരു ദേശീയ ഭക്ഷണം തിരഞ്ഞെടുക്കേണ്ടതും അവതരിപ്പിക്കേണ്ടതും? ദേശസ്‌നേഹമില്ലാത്ത ദുഷ്ടന്മാരെ ഇതൊക്കെ ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനുള്ള ബുദ്ധിമുട്ട് മാത്രമാണ് ഒരേയൊരു പ്രശ്‌നം.

രാജ്യത്തെ ക്ഷീണം സാമ്പത്തികാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ വിലകുറഞ്ഞ വിഭവമാണ് കിച്ചഡി എന്ന് ചില ദേശവിരുദ്ധര്‍ പറഞ്ഞുപരത്തിയേക്കാം. എന്നാല്‍ ദേശസ്‌നേഹികള്‍ ആത്മാഭിമാനത്തോടെ മൂന്ന് നേരവും മുദ്രാവാക്യം വിളിച്ച് കഴിക്കേണ്ട ദേശീയ ഭക്ഷണമാണ് കിച്ചഡി. ഇങ്ങനെയാണെങ്കില്‍ നാളെ പശുവിന്‍ പാല്‍ ദേശീയ പാനീയമാക്കുമോ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കളിയാക്കിയത് മോദിയുടെ ജനകീയതയിലുണ്ടായ അസൂയകൊണ്ടാണ്. ഇരുന്നൂറ് മില്യന്‍ പാവപ്പെട്ട ജനങ്ങള്‍ ഒന്നും കഴിക്കാനില്ലാതെ കിടന്നുറങ്ങുന്ന ഒരു രാജ്യത്താണ് നമ്മള്‍ കിച്ചഡി വെച്ച് കളിക്കുന്നതെന്ന്് സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തതും കാര്യമാക്കേണ്ടതില്ല. അന്ധമായ മോദി വിരോധം. എന്തുകൊണ്ടാണ് മറ്റു വിഭവങ്ങള്‍ ദേശീയഭക്ഷണമാക്കാന്‍ അയോഗ്യമായതെന്ന് കഥാകൃത്ത് എന്‍ എസ് മാധവന്‍ ചോദിച്ചതും അങ്ങനെത്തന്നെ; പുള്ളിക്കാരന്‍ കേരളത്തില്‍ നിന്നുള്ള ആളാണല്ലോ. കിച്ചഡി ഇഷ്ടപ്പെടാതിരുന്നാല്‍ രാജ്യദ്രോഹക്കുറ്റമാകുമോ എന്ന് ഉമര്‍ അബ്ദുല്ല പരിഹസിച്ചത് അയാള്‍ ഒരു കാശ്മീരി വിഘടനവാദിയായതു കൊണ്ടാണെന്ന് വ്യക്തമാണല്ലോ. ജയ് കിച്ചടി!

 

Latest