Connect with us

Articles

ജൈവകോണ്‍ഗ്രസിന് കളമൊരുങ്ങുമ്പോള്‍

Published

|

Last Updated

ജൈവ കൃഷിക്ക് ലോകത്തില്‍ എത്രമാത്രം ഭാവിയുണ്ട്?, എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരത്തിലുള്ള കൃഷിയിലേക്ക് കൂടുതലായി തിരിച്ചു പോകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അടുത്ത കാലത്താണ് സജീവമായി ഉയര്‍ന്നു തുടങ്ങിയത്. കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശം സൃഷ്ടിച്ച രോഗങ്ങളുടെയും ദുരന്തങ്ങളുടെയും വലിയ കൂമ്പാരം നമുക്കുചുറ്റും ഉത്തരങ്ങളായുണ്ടെന്നതിനാല്‍ അധികം തിരച്ചിലിന്റെ ആവശ്യം ഈ വിഷയത്തില്‍ വേണ്ടിവരാറില്ല. പരമ്പരാഗതമായി വന്നു ചേര്‍ന്നിരുന്ന പഴയ കാലത്തെ കൃഷിരീതി അധിക വിളയ്ക്കും അധിക ലാഭത്തിനും വേണ്ടി മാറ്റിയെടുത്തപ്പോള്‍ ജീവനു തന്നെ ഹാനിയാകുന്ന തരത്തിലുള്ള വിഷാംശങ്ങള്‍ നിറഞ്ഞ ഉത്പന്നങ്ങളുടെ ലഭ്യതയിലേക്കാണ് കൃഷിക്കാരനെ കൊണ്ടെത്തിച്ചത്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും രാസവളവും കീടനാശിനിയും ഉപയോഗിക്കുന്ന കൃഷി രീതി ഒരു കാലത്ത് തഴച്ചു വളര്‍ന്നിരുന്നു. എന്നാല്‍, എണ്‍പതുകളുടെ ആരംഭത്തോടെ ഇത്തരം കാര്‍ഷികമാര്‍ഗങ്ങള്‍ തെറ്റാണെന്നും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഴയ ജൈവകൃഷി തന്നെയാണ് അഭികാമ്യമെന്നും കണ്ടെത്തുകയും അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്തു തുടങ്ങി. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ ജൈവകൃഷിയുടെ പ്രചാരം ഈ ഘട്ടത്തില്‍ വര്‍ധിച്ചുവന്നു. അത് ജൈവ കൃഷി മേഖലയില്‍ നിര്‍ണായക വഴിത്തിരിവിന് കളമൊരുക്കുകയും ചെയ്തു. പരിസ്ഥിതിയുടെ സ്വാഭാവിക പ്രക്രിയകള്‍, ജൈവ വൈവിധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ ആശ്രയിച്ച് പരമ്പരാഗത രീതികളും പുത്തന്‍ കെണ്ടത്തലുകളും ശാസ്ത്രീയ രീതികളും സംയോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാ വിഭാഗത്തിനും ഉപകാരപ്പെടും വിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും പ്രോത്സാഹിപ്പിക്കുന്ന കൃഷി രീതിയാണ് ജൈവകൃഷി രീതിയെന്നാണ് 1972ല്‍ സ്ഥാപിച്ച ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ മൂവ്‌മെന്റ്‌സ് എന്ന അന്തര്‍ദേശീയ സംഘടന ചൂണ്ടിക്കാട്ടുന്നത്.

മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യം നിലനിര്‍ത്തുന്ന ഈ ഉത്പാദന രീതി പിന്തുടരുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്നുവെന്നത് ജൈവകൃഷിരീതിയോടുള്ള ലോകത്തെ എല്ലാ തലത്തിലുമുള്ള ജനങ്ങളുടെ വര്‍ധിച്ച പിന്തുണയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ജൈവ കീടനാശിനികള്‍, കംപോസ്റ്റ്, പച്ചില വളങ്ങള്‍, ഇടവിള കൃഷി, യാന്ത്രിക നടീല്‍ തുടങ്ങിയവയെ ആശ്രയിക്കുന്ന എന്നാല്‍ രാസവളങ്ങളും കൃത്രിമ രാസ കീടനാശിനികളും തീര്‍ത്തും ഒഴിവാക്കിയുള്ള, ജൈവമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കാത്ത ജൈവകൃഷി രീതിയിലൂടെ ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ വിപണി ദ്രുതഗതിയിലാണ് വളരുന്നതെന്ന് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ മുവ്‌മെന്റ്‌സ് ചൂണ്ടിക്കാട്ടുന്നുണ്ട്. 2007ല്‍ 4600 കോടി അമേരിക്കന്‍ ഡോളറിലെത്തിയ വിപണി അടുത്തിടെ വലിയ നേട്ടമാണ് കൈവരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജൈവ ഉത്പന്നങ്ങളുടെ വര്‍ധിച്ച ആവശ്യം മൂലം ജൈവകൃഷി രീതി സ്വീകരിക്കുന്ന കൃഷിയിടങ്ങളുടെ വ്യാപനം ലോകത്തെ വിവിധ രാജ്യങ്ങളില്‍ വേഗത്തിലായതായും സംഘടന പറയുന്നു. ഇപ്പോള്‍ ലോക വ്യാപകമായി ഏകദേശം 3.22 കോടി ഹെക്ടര്‍ ഭൂമി ജൈവകൃഷി രീതി പിന്തുടരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇത് മൊത്തം കൃഷിഭൂമിയുടെ 0.8 ശതമാനം വരും. ജൈവകൃഷിയില്‍ ലോകത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ഐ എഫ് ഒ എ എമ്മിന്റെ നേതൃത്വത്തിലുള്ള ഓര്‍ഗാനിക് വേള്‍ഡ്‌കോണ്‍ഗ്രസ് ഇക്കുറി ഇന്ത്യയില്‍ നടക്കുമ്പോള്‍ ജൈവകൃഷിയില്‍ രാജ്യത്തിന് പുതിയ ദിശാബോധം പകര്‍ന്നു കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജൈവലോകം ജൈവഭാരതത്തിലൂടെ എന്ന പ്രമേയത്തിലാണ് രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഓര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസിന്റെ പത്തൊമ്പതാം പതിപ്പ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഈ മാസം ഒമ്പതിന് തുടങ്ങുന്നത്. ലോകം ജൈവവിപണിയിലേക്ക് എന്ന ആശയവുമായി ജൈവകൃഷി ലക്ഷ്യം വെക്കുന്ന രാജ്യങ്ങള്‍ക്കും കൃഷിക്കാര്‍ക്കും സംരഭകര്‍ക്കും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനും പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കാനുമെല്ലാം ഈ കൃഷിസമ്മേളനം വഴിയൊരുക്കും. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഓര്‍ഗാനിക് നയം പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജൈവകൃഷിവ്യാപനത്തിന് ഈ സമ്മേളനം ഗുണകരമാകുമെന്നും കാര്‍ഷികവിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. രാജ്യത്തെ ആദ്യ ജൈവസംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട സിക്കിമിന്റെ പാത പിന്തുടര്‍ന്നു കൊണ്ടാണ് മിക്ക സംസ്ഥാനങ്ങളും ജൈവനയം രൂപപ്പെടുത്തിയിട്ടുള്ളത്. 75,000 ഏക്കറില്‍ സമ്പൂര്‍ണ ജൈവകൃഷി നടപ്പാക്കിയാണ് സിക്കിം ഈ പദവി നേടിയത്. 75,000 ഏക്കര്‍ കൃഷിയിടത്തില്‍ ഘട്ടം ഘട്ടമായി ജൈവകൃഷി വ്യാപിപ്പിക്കുകയായിരുന്നു. 13 വര്‍ഷംമുമ്പ് പവന്‍ ചാമ്ലിങ് സര്‍ക്കാറാണ് സിക്കിമിനെ ജൈവസംസ്ഥാനമാക്കാന്‍ തുടക്കമിട്ടത്.

കേരളത്തിലും ജൈവകൃഷിക്ക് മികച്ച ഭാവിയുണ്ടെന്ന്് കാര്‍ഷിക വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലെ മണ്ണും കാലാവസ്ഥയും പച്ചക്കറി കൃഷിക്ക് അനുയോജ്യമാണെന്നതാണ് ഇതിന് ഏറ്റവും അനുകൂല ഘടകം. ശീതകാല പച്ചക്കറി ഇനങ്ങള്‍ വിളയിക്കുന്ന ഹൈറേഞ്ച് പ്രദേശമടക്കം നമുക്കുള്ളതിനാല്‍ ഇത്തരത്തിലുള്ള പച്ചക്കറിയും നമ്മുടെ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കാനാകും. ഈ വിധത്തിലുള്ള അനുകൂല സാഹചര്യമുള്ളതിനാലാണ് ഒരു കുടുംബത്തിന് ഒരുവര്‍ഷത്തേക്കാവശ്യമായ 420 കിലോഗ്രാം പച്ചക്കറി മൂന്നുതവണയായി കൃഷി ചെയ്ത് നമുക്കുണ്ടാക്കാനാകണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. ഇത് ജൈവ കൃഷിയിലധിഷ്ഠിതമായാല്‍ അധികം വൈകാതെ തന്നെ സമ്പൂര്‍ണ ജൈവകൃഷിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാകും. കഞ്ഞിക്കുഴി ഉള്‍പ്പെടെയുള്ള ചില പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ ഇതിനകം മാതൃകയായി നമുക്ക് മുന്നിലുണ്ട്്. മണ്ണ് മുതല്‍ വിളവരെ ജൈവ സാങ്കേതികവിദ്യ പ്രയോഗിക്കാനും കാര്‍ഷികോപാധികളായ ജൈവ വളം, കീട–കുമിള്‍നാശിനികള്‍ അതത് സമയത്ത് അതതിടങ്ങളില്‍ നല്‍കാനും അതിനുള്ള വ്യക്തമായ നിര്‍ദേശങ്ങളും പ്ലാനിംഗും മേല്‍ത്തട്ടുമുതല്‍ കീഴ്ത്തട്ടുവരെ നിര്‍വഹിക്കപ്പെടാനും കേരളത്തില്‍ സംവിധാനമുണ്ടെന്നതും ജൈവകൃഷിക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്ന വിലയിരുത്തലിനുള്ള കാരണങ്ങളിലൊന്നാണ്. വിത്തുമുതല്‍ കൊയ്ത്തുവരെയുള്ള എല്ലാ പരിചരണത്തിനും ഫലപ്രദമായ വളങ്ങളും രോഗ–കീട പ്രതിരോധസംവിധാനങ്ങളും ശാസ്ത്രീയമായി ഉണ്ടാക്കി പ്രയോഗിക്കാന്‍ കര്‍ഷകരെ സന്നദ്ധമാക്കാനുള്ള സംവിധാനങ്ങള്‍ കൂടി കാര്യക്ഷമമായി നടപ്പിലായാല്‍ ജൈവകൃഷിയില്‍ നമുക്ക് സിക്കിമിനൊപ്പമെത്താന്‍ അധികം വൈകേണ്ടിവരില്ലെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. വിഷുവിനും ഓണത്തിനുമെല്ലാം വിഷമില്ലാത്ത പച്ചക്കറി എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ പിന്തുണയോടെ വിവിധസംഘടനകള്‍ നടത്തിയ പ്രയത്‌നങ്ങളെല്ലാം സമ്പൂര്‍ണജൈവകൃഷിയെന്ന ആശയത്തിന് ശക്തി പകരുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷിചെയ്യുന്ന സമയം വേനല്‍ക്കാലമാണ്. വിപണി ലക്ഷ്യമാക്കി വാണിജ്യാടിസ്ഥാനത്തിലും സ്വന്തം ആവശ്യത്തിനായും കുടുംബകൃഷിയും അടുക്കളത്തോട്ടവുമെല്ലാം ഈ സമയത്താണ് ആരംഭിക്കാറുള്ളത്. എന്നാല്‍, ആവശ്യത്തിന്റെ അഞ്ചില്‍ ഒരുഭാഗം പച്ചക്കറിമാത്രമേ നമുക്ക് ഇപ്പോഴും ഉത്പാദിപ്പിക്കാനാകുന്നുള്ളൂ. ബാക്കി അന്യസംസ്ഥാന ഇറക്കുമതിയാണ്. ഇത് താങ്ങാനാകാത്ത അളവില്‍ വിഷം പുരട്ടിയാണ് മാര്‍ക്കറ്റില്‍ എത്തുന്നതെന്ന് നമുക്കറിയാത്ത കാര്യവുമല്ല. എന്നിട്ടും നമ്മള്‍ ഇതിനെ ആശ്രയിക്കേണ്ടിവരുന്നത് കേരളത്തിലെ കൃഷി വളര്‍ന്ന് പടര്‍ന്ന് വികസിക്കാനാകാത്തതിനാലാണ്. രോഗാതുര കേരളത്തിലേക്കുള്ള തിരിച്ചുപോക്കിനെ തടയിടേണ്ടത് ഒരു സാമൂഹിക ആവശ്യമാണെന്ന് കരുതി ജൈവകൃഷിയെന്ന ആശയത്തെ സാക്ഷാത്കരിക്കാന്‍ ഒരുങ്ങിയിറങ്ങിയാല്‍ സാധിക്കുമെന്നത് നമുക്കറിയാത്തതല്ല.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി