ഫലസ്തീന്‍ നേതാവിന് ഐക്യദാര്‍ഢ്യം; തുര്‍ക്കിയില്‍ മുസ്‌ലിം പണ്ഡിത കൂട്ടായ്മ

Posted on: November 6, 2017 11:06 pm | Last updated: November 6, 2017 at 11:06 pm
SHARE

അങ്കാറ: തടവില്‍ കഴിയുന്ന ഫലസ്തീന്‍ രാഷ്ട്രീയ നേതാവ് റാഇദ് സലാഹിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്വര്‍ ആസ്ഥാനമായ മുസ്‌ലിം പണ്ഡിതന്മാരുടെ കൂട്ടായ്മ തുര്‍ക്കിയില്‍ പ്രചാരണം ആരംഭിച്ചു.
ഫലസ്തീന്‍, ലബനാന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള പണ്ഡിതരാണ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. സലാഹിനെ വിട്ടയക്കുക, ജറുസലമില്‍ ഇസ്‌റാഈലിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രചാരണം. ഇതിന്റെ ഭാഗമായി ഇസ്താംബൂളില്‍ പ്രമുഖ മതനേതാവ് യൂസുഫ് അല്‍ ഖര്‍ളാവി പ്രസംഗിച്ചു. കുത്തിയിരിപ്പ് പ്രതിഷേധം, യോഗങ്ങള്‍ എന്നിവക്ക് പുറമെ സാമൂഹിക മാധ്യമങ്ങള്‍ വഴി ബോധവത്കരണവും നടക്കും.

രണ്ടാഴ്ച നീണ്ട ഫലസ്തീനികളുടെ നിയമലംഘന സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഫലമായി അല്‍ അഖ്‌സ പള്ളി പരിസരങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും എടുത്തുമാറ്റാന്‍ ഇസ്‌റാഈല്‍ നിര്‍ബന്ധിതമായിരുന്നു. ഫലസ്തീനികളെ ലക്ഷ്യം വെച്ചുള്ള ഇസ്‌റാഈല്‍ കൈയേറ്റത്തിന്റെ ഭാഗമായി അല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നത് വിലക്കുകയും വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതിഷേധത്തെത്തുടര്‍ന്ന് വെസ്റ്റ് ബേങ്കില്‍ നിന്നും കിഴക്കന്‍ ജറുസലമില്‍ നിന്നും 1,200 ഓളം പേരെ ഇസ്‌റാഈല്‍ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. തടവില്‍ കഴിയുന്ന റാഇദ് സലാഹിനെതിരെ വ്യക്തമായ കുറ്റം ആരോപിക്കാന്‍ ഇസ്‌റാഈലിന് സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here