സ്തനാര്‍ബുദം പത്ത് ശതമാനം വരെ ജനിതകവുമായി ബന്ധപ്പെട്ടത്‌

Posted on: November 6, 2017 9:38 pm | Last updated: November 6, 2017 at 9:38 pm

ദോഹ: സ്തനാര്‍ബുദം അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ജനിതകമായി ലഭക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. സ്തന, അണ്ഡാശയ ക്യാന്‍സര്‍, കുടുംബത്തില്‍ സാധാരണയായി കണ്ട് വരുന്നതാണെങ്കില്‍ ഇത് പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. ബ്രാക്ക1, ബ്രാക്ക2 ജീനുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെങ്കില്‍ ഇവരില്‍ അര്‍ബുദം വരാന്‍ സാധ്യത കൂടുതലാണെന്നും എച്ച് എം സി ക്യാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സല്‍ഹ അബു ജാസിം അല്‍ ബദ്ര്‍ വിശദീകരിച്ചു.

സ്തനങ്ങളിലും അണ്ഡാശയങ്ങളിലൂടെയും കൈമാറിക്കിട്ടുന്ന ജനിതക ഘടകങ്ങളാണ് ഇവരില്‍ അര്‍ബുദം ഉണ്ടാക്കുന്നത്. ഇത്തരം പാരമ്പര്യമുള്ളവര്‍ അപകടതലം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നത് ഉചിതമാണ്.
ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും രാജ്യത്ത് നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അര്‍ബുദ രോഗം കണ്ടെത്തിയാല്‍ തന്നെ അവ രോഗിയുടെ സൗകര്യത്തിന് അനുസരിച്ച് ചികിത്സിക്കാനും ഭേദമാക്കാനും ഇന്നത്തെ ചികിത്സാ രീതികള്‍ക്ക് കഴിയും. നേരത്തെ കണ്ടെത്തുകയാണെങ്കില്‍ ഇത് മാരകമായ ഒരു രോഗമേ അല്ല.
സ്തനാര്‍ബുദം വരാതിരിക്കാനുള്ള ജീവിത രീതി അവംലംബിക്കാനും രാജ്യത്തെ സ്ത്രീകള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആശങ്കള്‍ ഇല്ലാതെയും കൂടുതല്‍ സമ്മര്‍ദമേറിയ ജീവിത ചിന്തകളില്‍ നിന്ന് മാറി, സന്തോഷകരവും ആസ്വാദകരവുമായ ജീവിതം നയിച്ചാല്‍ സ്തനാര്‍ബുദത്തിന്റെ അപകടങ്ങളെ തടയാന്‍ കഴിയുമെന്നും അതേസമയം സ്തനാര്‍ബുദങ്ങളില്‍ ഭൂരിപക്ഷവും പാരമ്പര്യവുമായി ബന്ധപ്പെട്ടതല്ലെന്നും ഡോ. സല്‍ഹ പറഞ്ഞു.
രണ്ട് തരം ക്യാന്‍സര്‍ പരിശോധനകളാണ് നിലവില്‍ ഖത്വറിലുള്ളത്. യാതൊരു രോഗ ലക്ഷണങ്ങളുമില്ലാത്ത 45 വയസ്സിന് മുകളിലുള്ളവരില്‍ പരിശോധന നടത്തുന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് അപകട സാധ്യത കണക്കാക്കുന്ന വിഭാഗത്തിന്റെ പരിശോധന. ഇവരുടെ പരിശോധന നിര്‍ബന്ധമായും മെഡിക്കല്‍ പ്രൊഫഷനല്‍മാരുടെ സാന്നിധ്യത്തിലായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.