Connect with us

Gulf

ഖത്വറില്‍ ഹരിത നിര്‍മാണ മാനദണ്ഡം ഉടന്‍ നിര്‍ബന്ധമാക്കാന്‍ പദ്ധതി

Published

|

Last Updated

ദോഹ: രാജ്യത്ത് ഹരിത കെട്ടിട നിര്‍മാണ മാനദണ്ഡം വൈകാതെ പ്രാബല്യത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഖത്വര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ (ക്യു ജി ബി സി) ഡയറക്ടര്‍ മിശ്അല്‍ അല്‍ ശംരിയെ ഉദ്ധരിച്ച് ദി പെനിന്‍സുലയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഹരിത കെട്ടിട നിര്‍മാണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും നിലവില്‍ ഖത്വറില്‍ ലഭ്യമാണ്. രാജ്യത്തെ കെട്ടിട നിര്‍മാണ കമ്പനികളെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെയും ഉടന്‍ വളിച്ചിരുത്തി നിര്‍മാണ മേഖലയില്‍ ഹരിത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ക്യു ജി ബി സി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കെട്ടിട നിര്‍മാതാക്കള്‍ക്ക് ഇനിയും ഇത്തരം നിര്‍മാണ രീതികള്‍ സ്വീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. നേരത്തെ കെട്ടിട നിര്‍മാണത്തിന്് ഉള്‍പ്പെടെ പല നിര്‍മാണങ്ങള്‍ക്കും ഹരിത കെട്ടിട നിര്‍മാണ സാമഗ്രികള്‍ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. അതിനാല്‍ തന്നെ കെട്ടിട നിര്‍മാതാക്കളെ ഇത്തരം രീതിയിലേക്ക് മാറാന്‍ നിര്‍ബന്ധിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്.
സുസ്ഥിരതയും ഊര്‍ജ ക്ഷമതയും പ്രകൃതി സംരക്ഷണവും ഉറപ്പ് വരുത്തി, വരും തലമുറകള്‍ക്ക് കൂടി ഇവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി. ഹരിത കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ അനുസരിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പദ്ധതിയുടെ സ്റ്റാര്‍ റേറ്റ് അനുസരിച്ചാണ് ചെലവ് വരുന്നതെന്നും ഹരിത കെട്ടിടത്തിന്റെ മൂല്യം എപ്പോഴും സാധാരണ കെട്ടിടങ്ങളുടേതിനാക്കള്‍ മുകളിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

അടുത്തു തന്നെ, വേണമെങ്കില്‍ ആവാം എന്നതില്‍ നിന്ന് മാറി ഖത്വറില്‍ ഹരിത കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുമെന്നാണ് താന്‍ കരുതുന്നത്. ഖത്വറിലെ നിര്‍മാണ മാനദണ്ഡങ്ങളില്‍ ഹരിത നിര്‍മാണ രീതികള്‍ക്ക് പ്രത്യേക വിഭാഗം തന്നെയുണ്ട്. നിലവില്‍ ഈ വ്യവസ്ഥ പാലിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പൊതു മേഖലയില്‍ ഇത് പാലിച്ച് കൊണ്ടാണ് നിര്‍മാണ രീതികള്‍ തുടരുന്നത്.

അശ്ഗാല്‍, ഖത്വര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം നിലവില്‍ ഹരിത നിര്‍മാണ മാനദണ്ഡം അനുസരിച്ചാണ് നിര്‍മാണങ്ങള്‍ നടത്തുന്നത്. ഇനി സ്വകാര്യ മേഖലയില്‍ മാത്രമേ ഇത് നടപ്പാവാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും സ്വകാര്യ നിര്‍മാതാക്കളും നിലവില്‍ ഹരിത കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ പാലിച്ച് വരുന്നുണ്ട്. ഉദാഹരണത്തിന്, ലുസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന നിര്‍മാണങ്ങളെല്ലാം ഹരിത കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നതെന്നും മിശ്അല്‍ അല്‍ ശമാരി പറഞ്ഞു.