ലോകകപ്പ് വേളയില്‍ വിദേശ പോലീസുകാരുടെ സേവനം

Posted on: November 6, 2017 7:52 pm | Last updated: November 6, 2017 at 7:52 pm

ദോഹ: തെരുവില്‍ അഴിഞ്ഞാടുന്നവരെ തടയുന്നതിന് വിവിധ രാജ്യങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ 2022ലെ ലോകകപ്പ് വേളയില്‍ ഖത്വര്‍ തെരുവുകളിലുണ്ടാകുമെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ ഏറ്റവും സുരക്ഷിത ലോകകപ്പായിരിക്കും ഖത്വറില്‍ അരങ്ങേറുകയെന്നും ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ സുരക്ഷാ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മേജര്‍ അലി മുഹമ്മദ് അല്‍ അലി അറിയിച്ചു.

ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പ് മത്സരങ്ങള്‍ക്കിടെ റഷ്യന്‍, ഇംഗ്ലീഷ് കാണികള്‍ ഏറ്റുമുട്ടിയത് പ്രധാന ടൂര്‍ണമെന്റുകളില്‍ തെരുവു തെമ്മാടിത്തത്തെ സംബന്ധിച്ച ഭയം വര്‍ധിപ്പിക്കുന്നതാണ്. വരാന്‍ പോകുന്ന ടൂര്‍ണമെന്റുകളിലും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ആശങ്ക പലരിലുമുണ്ട്. അതേസമയം 2022ല്‍ ഇത്തരം സംഭവവികാസങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അലി പറഞ്ഞു. ദേശീയ, മേഖലാ, അന്താരാഷ്ട്ര സംഘടനകളുമായും രാജ്യങ്ങളുമായും ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകകപ്പിന് വേണ്ടി പത്ത് വര്‍ഷം തുടര്‍ച്ചയായി തയ്യാറെടുപ്പുകള്‍ നടത്തുന്ന ഏക രാജ്യവും ഖത്വറാണ്.

ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുള്ള അന്താരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങളുണ്ടായാല്‍ സഹായിക്കാന്‍ ഖത്വറിലുണ്ടാകുമോയെന്ന ചോദ്യത്തിന് ഉറപ്പായുമെന്ന് അദ്ദേഹം മറുപടി നല്‍കി. ലോകകപ്പ് യോഗ്യത നേടിയ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി അരങ്ങേറുന്ന ലോകകപ്പ് കാണാന്‍ 13 ലക്ഷം കായിക പ്രേമികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായിക പ്രേമികളില്‍ ഭൂരിപക്ഷവും ദോഹയെന്ന ഏക നഗരത്തിലാകും താമസിക്കുകയെന്ന പ്രത്യേകതയുമുണ്ട്. എല്ലാത്തിനും സജ്ജമാണെന്നും സുരക്ഷിത ലോകകപ്പായിരിക്കും ഇതെന്നും അല്‍ അലി കൂട്ടിച്ചേര്‍ത്തു.