Connect with us

Gulf

അപകടം കൂടാതെ 50 ലക്ഷം മണിക്കൂര്‍ പിന്നിട്ട് അല്‍ റയ്യാന്‍ സ്റ്റേഡിയം നിര്‍മാണം

Published

|

Last Updated

ദോഹ: ഫിഫ ലോകകപ്പിന് വേണ്ടി തയ്യാറാകുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം നിര്‍മാണം അപകടം കൂടാതെ അമ്പത് ലക്ഷം മണിക്കൂറുകള്‍ പിന്നിട്ടു. സ്റ്റേഡിയത്തിന്റെ നിര്‍മാണം നടക്കുന്നിടത്ത് യാതൊരു അപകടവുമുണ്ടായിട്ടില്ലെന്നതാണ് ഇത് അര്‍ഥമാക്കുന്നത്. അതിനാല്‍ തന്നെ പ്രധാന കെട്ടിട നിര്‍മാണ സുരക്ഷാ നാഴികക്കല്ലാണ് അല്‍ റയ്യാന്‍ സ്റ്റേഡിയം പിന്നിട്ടത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി)യിലെ പ്രൊജക്ട് മാനേജര്‍ അബ്ദുല്ല അല്‍ ഫിഹാനിയുടെ നേതൃത്വത്തില്‍ ആരോഗ്യ, സുരക്ഷ, പരിസ്ഥിതി (എച്ച് എസ് എസ് ഇ) സംഘത്തിന്റെ നേതൃത്വത്തില്‍ ഈ നേട്ടം ആഘോഷിച്ചു.

റയ്യാന്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ 2700 ലേറെ തൊഴിലാളികളാണ് ഏര്‍പ്പെട്ടത്. 2019 പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നിര്‍മാണ സൈറ്റിലെ ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് അല്‍ ഫിഹാനി പറഞ്ഞു. സുരക്ഷിത അന്തരീക്ഷത്തില്‍ തൊഴില്‍ ചെയ്യുന്നുവെന്ന് മാത്രമല്ല ആരോഗ്യ, സുരക്ഷ വിഷയങ്ങള്‍ ശക്തമാക്കിയത് ലോകകപ്പിന്റെ യഥാര്‍ഥ നേട്ടത്തെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നിക്കല്‍ ഡെലിവറി ഓഫീസ് വൈസ് ചെയര്‍മാന്‍ യാസിര്‍ അല്‍ ജമാല്‍, കോംപിറ്റീഷന്‍ വെന്യൂസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യൂസുഫ് അല്‍ മുസ്‌ലിഹ് തുടങ്ങിയവരും പങ്കെടുത്തു.

എസ് സിയുടെ മൊത്തം പദ്ധതികളില്‍ 83 മില്യന്‍ മണിക്കൂര്‍ തൊഴില്‍ പൂര്‍ത്തിയായെന്നും അപകട നിരക്ക് 0.04 ആണെന്നും ഇതില്‍ തന്നെ കഴിഞ്ഞ 12 മാസത്തിനിടെ 0.03 ആണെന്നും എസ് സി സൈറ്റ് കണ്‍സ്ട്രക്ഷന്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി പ്രോഗ്രാം മാനേജര്‍ നീഗല്‍ വാല്‍വോന പറഞ്ഞു. ഇത് ചില പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നിര്‍മാണയിടങ്ങളിലെ അപകടനിരക്കിനേക്കാള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടുബ്രോ ലിമിറ്റഡ് ഉള്‍പ്പെട്ട സംയുക്ത സംരംഭമാണ് അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാര്‍. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍ അരങ്ങേറുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം നാല്‍പ്പതിനായിരം സീറ്റിംഗ് ശേഷിയുള്ളതാണ്. ലോകകപ്പിന് ശേഷം സീറ്റുകള്‍ കുറച്ച് വിദേശ രാജ്യങ്ങളിലെ ഫുട്‌ബോള്‍ വികസന പദ്ധതികള്‍ക്ക് സംഭാവന നല്‍കും.

 

---- facebook comment plugin here -----

Latest