Connect with us

Kerala

ഗെയില്‍ സമരം: സ്ഥലമില്ലാത്തവരെ പുനരധിവസിപ്പിക്കും;ചര്‍ച്ച വിജയം: മന്ത്രി എസി മൊയ്തീന്‍

Published

|

Last Updated

കോഴിക്കോട്: കൊച്ചി- മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെടുന്നവര്‍ക്കും വീട് വെക്കാനായി പത്ത് സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍ക്കും പുതിയ പാക്കേജ്. വീടിന്റെ അഞ്ച് മീറ്റര്‍ അടുത്തുകൂടെ ഗെയില്‍ പൈപ്പ് ലൈന്‍ പോകുന്നുണ്ടെങ്കില്‍ ഇത്തരം വീടുകള്‍ക്ക് സംരക്ഷണം നല്‍കും. പത്ത് സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍ക്ക് ഗെയിലുമായി ചര്‍ച്ച നടത്തി പുനരധിവാസം ഉറപ്പ് വരുത്തും. ഗെയിലുമായി ആലോചിച്ച് ഭൂമി വിനിയോഗ നഷ്ടപരിഹാര തുക പരമാവധി വര്‍ധിപ്പിക്കും. ഇന്നലെ കോഴിക്കോട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീനാണ് തീരുമാനം അറിയിച്ചത്. എന്നാല്‍, പദ്ധതിയുടെ അലൈമെന്റ് മാറ്റില്ല.

പുനരധിവാസം എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തി കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. വീടുകളുടെ മുറ്റത്ത് കൂടിയും മറ്റും പൈപ്പ് ലൈന്‍ കടന്നുപോകുന്നുണ്ടെങ്കില്‍ അവിടങ്ങളില്‍ ഇരുപത് മീറ്ററിന് പകരം പത്ത് മീറ്റര്‍ മാത്രം തുരന്ന് പൈപ്പ് സ്ഥാപിക്കും. കേന്ദ്ര അക്യുസേഷന്‍ ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതു പ്രകാരം ന്യായ വിലയുടെ പത്ത് ശതമാനമാണ് നഷ്ടപരിഹാരം.
എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ ഇത് മുപ്പത് ശതമാനമാക്കിയും ഈ സര്‍ക്കാര്‍ അമ്പത് ശതമാനമാക്കിയും ഉയര്‍ത്തി. ഇതും അംഗീകരിക്കാനാകില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരമാവധി തുക വര്‍ധിപ്പിക്കാന്‍ ഗെയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയലുകള്‍ നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കുറവാണെന്ന പരാതി ഉയര്‍ന്നതിനാല്‍ ഇത് പരിഹരിക്കുന്നതിന് പുതിയ പാക്കേജ് തയ്യാറാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി.

നിലവില്‍ പ്രവൃത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ഒരാഴ്ചക്കകം നഷ്ടപരിഹാരം നല്‍കും. ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായ സ്ഥലങ്ങളില്‍, ഭൂമിയുടെ രേഖകള്‍ ഹാജരാക്കിയാല്‍ മൂന്ന് ആഴ്ചക്കകം നഷ്ടപരിഹാരം നല്‍കും. ഇതേക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിക്കും. വാതക പൈപ്പ് കടന്നുപോകുന്നതിന് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കാനും ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായം തേടാം.

പദ്ധതി അലൈന്‍മെന്റ് മാറ്റുന്നത് ഒരുതരത്തിലും പ്രായോഗികമല്ല. പരമാവധി ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് ഇപ്പോഴത്തെ പ്രവൃത്തി നടക്കുന്നത്. കേരളത്തെ പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഏത് ഭാഗത്തേക്ക് അലൈമെന്റ് മാറ്റിയാലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കനോലി കനാല്‍ വഴി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് സുരക്ഷാ മനാദണ്ഡ പരിശോധനകളും സംസ്ഥാന സര്‍ക്കാറിന്റെ ഒരു പരിശോധനയും പൂര്‍ത്തിയാക്കിയ പൈപ്പുകളാണ് ഗെയില്‍ സ്ഥാപിക്കുന്നത്. സുരക്ഷാ വിഷയത്തില്‍ ഒരു ആശങ്കക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തില്‍ പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. എന്നാല്‍, പോലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ നിയമ നടപടികള്‍ തുടരും. സമരത്തെ നേരിടുന്നതില്‍ ചെറിയ വീഴ്ചകള്‍ പോലീസിന് സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് അക്രമം നടത്തിയത് അവിടുത്തെ ജനങ്ങളല്ലെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സമരത്തിന്റെ മറവില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ബോധപൂര്‍വം അക്രമം കാണിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍ ചില സംഘടനകള്‍ വികസന വിഷയത്തില്‍ അനാവശ്യ ഭീതി പരത്തുന്നുണ്ട്. സമരങ്ങള്‍ക്കിടിയില്‍ നുഴഞ്ഞുകയറി ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.