‘കേരളത്തില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ബി ജെ പി ശ്രമിക്കുന്നു’

മതത്തിന്റെയും ഭക്ഷണത്തിന്റെയും മറ്റും പേരില്‍ ഇന്ത്യന്‍ സമൂഹത്തെ ബി ജെ പി വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും ഗ്രന്ഥകാരനുമായ ജയറാം രമേശ് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രഭാഷണത്തിനെത്തിയ ജയറാം രമേശ് സിറാജിനോട് സംസാരിക്കുകയായിരുന്നു. ഇന്ത്യ എന്തായിരിക്കണമെന്ന് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കാട്ടിത്തന്നിട്ടുണ്ട്. വിവിധ മത സമൂഹങ്ങള്‍ സാഹോദര്യത്തോടുകൂടി കഴിയുന്ന സംസ്ഥാനമാണ് കേരളം. അവിടെയും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ അതിനെ പ്രതിരോധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ബുദ്ധിജീവികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചുവരുന്നു. അക്രമികളെ പിടികൂടാനോ തള്ളിപ്പറയാനോ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകുന്നില്ല. അപകടകരമായ സ്ഥിതി വിശേഷമാണ് ഇന്ത്യയിലുള്ളത്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നുകൊണ്ടിരിക്കുന്നു. നോട്ട് നിരോധനംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നാണ് മനസിലാകുന്നത്. ഗുജറാത്തിലെ ജനങ്ങള്‍ ഇത്തവണ ബി ജെ പിയെ ഉപേക്ഷിക്കും. ഇന്ത്യയെന്നാല്‍ സഹിഷ്ണുതയുടെ മാതൃകാരാജ്യമായി മാറണമെന്ന് ഇന്ദിരാഗാന്ധി അടക്കമുള്ള പ്രധാനമന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രവര്‍ത്തനങ്ങള്‍ ചെയ്തത് ഇന്ദിരാഗാന്ധിയാണ്. കേരളത്തില്‍ സൈലന്റ് വാലി പദ്ധതിക്കെതിരെ നിലപാട് എടുത്തത് ഉദാഹരണം, ജയറാം രമേശ് പറഞ്ഞു.
ഷാര്‍ജ
Posted on: November 6, 2017 6:46 pm | Last updated: November 6, 2017 at 6:46 pm
SHARE

LEAVE A REPLY

Please enter your comment!
Please enter your name here