Connect with us

National

കള്ളപ്പണക്കാരില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും അമിതാഭ് ബച്ചനും; 714 പേരുടെ പട്ടിക പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: നികുതി വെട്ടിച്ച് വിദേശത്ത് ശതകോടികള്‍ നിക്ഷേപിച്ച കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്ത്. ജര്‍മന്‍ ദിനപത്രമായ സിഡ്ഡോയിച്ചെ സെയ്തൂങ്ങും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റ്‌ഗേറ്റീവ് ജേര്‍ണലിസ്റ്റും (ഐസിഐജെ) 96 മാധ്യമസ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് കള്ളപ്പണക്കാരായ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ പുറത്തുവന്നത്. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍കെ സിന്‍ഹ എന്നിവരുള്‍പ്പെടെ 714 കമ്പനികളുടെയും ആളുകളുടെയും പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, വിജയ് മല്ല്യ, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത, കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ എന്നിവരുടെ പേരും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ കമ്പനികളില്‍ സണ്‍ ടി വി, കേരളത്തിലെ ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍, രാജസ്ഥാനില്‍ ആംബുലന്‍സ് കുംഭകോണത്തില്‍ ഉള്‍പ്പെട്ട സിക്കിസ്റ്റ തുടങ്ങിയവയുടെ പേരുകളും പാരഡൈസ് പേപ്പറുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവര്‍ സ്ഥാപകരായിട്ടുള്ള കമ്പനിയാണ് സിക്കിസ്റ്റ. കോന്‍ ബനേഗാ ക്രോര്‍പതിയുടെ ആദ്യ എപ്പിസോഡ് കഴിഞ്ഞതിന് ശേഷം 2002ല്‍ അമിതാഭ് ബച്ചന്‍ ഒരു ബെര്‍മുഡ കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നും ഇപ്പോള്‍ ഈ കമ്പനി അടച്ചുപൂട്ടിയെന്നുമാണ് പാരഡൈസ് രേഖകളില്‍ പറയുന്നത്.