അമേരിക്കയിലെ ക്രിസ്റ്റ്യന്‍ പള്ളിയില്‍ വെടിവെപ്പ്: 26 പേര്‍ കൊല്ലപ്പെട്ടു

Posted on: November 6, 2017 9:41 am | Last updated: November 6, 2017 at 11:56 am
SHARE

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ക്രിസ്റ്റിയന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വില്‍സണ്‍ കൗണ്ടിയിലുള്ള സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ പ്രാദേശിക സമയം രാവിലെ 11.20നാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് വയസ്സുകാരനും ഗര്‍ഭിണിയും ഉള്‍പ്പെടും.

പള്ളിയില്‍ ഞായറാഴ്ച കര്‍മങ്ങള്‍ നടന്നുകൊണ്ടിരിക്കവേ പുറത്തുനിന്നെത്തിയ അക്രമി തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി ഡെവിന്‍ പാട്രിക് കെല്ലിയെ പിന്നീട് വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് വര്‍ഷം മുന്‍പ് വായുസേനയില്‍ നിന്ന് കോട്ട് മാര്‍ഷല്‍ നേരിട്ട് പുറത്താക്കപ്പെട്ടയാളാണ് കെല്ലി. അക്രമകാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ മാസം അമേരിക്കയിലെ ലാസ് വേഗാസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ 59 പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പള്ളിയിലുണ്ടായ അക്രമങ്ങളില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് . 2015ല്‍ സൗത്ത് കരോലിനയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അക്രമത്തെ അപലപിച്ചു.