Connect with us

Sports

ടീമുകള്‍ക്ക് ആവേശ സ്വീകരണം; കാര്യവട്ടത്ത് കളി 'കാര്യ'മാകും

Published

|

Last Updated

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നാളെ നടക്കുന്ന ട്വന്റി-20 പോരാട്ടത്തിനുള്ള ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് ആവേശകരമായ സ്വീകരണം. ടി 20 പരമ്പരയിലെ അവസാന മത്സരമാണ് നാളെ. രാജ്‌കോട്ടില്‍ നിന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഇന്നലെ രാത്രി 12.30 ഓടെയാണ് കലാശപ്പോരാട്ടത്തിനായി ടീമുകള്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ എത്തിയത്.

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ താരങ്ങളെ സ്വീകരിച്ചു. തുടര്‍ന്ന് ഇരു ടീം അംഗങ്ങളേയും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ താമസസ്ഥലമായ കോവളം ലീലാ ഹോട്ടലിലേക്ക് കൊണ്ടുപോയി. വിപുലമായ സൗകര്യങ്ങളാണ് ടീമുകള്‍ക്ക് ലീലാ ഹോട്ടലില്‍ തയ്യാറാക്കിയത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരമാണ് നാളെ നടക്കുന്നത്. ജയിക്കുന്ന ടീമിന് പരമ്പര നേടാനാകുമെന്നതിനാല്‍ മത്സരം ആവേശകരമാകും. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 53 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ രാജ്‌കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ 40 റണ്‍സിന് പരാജയപ്പെട്ടു. ഇന്ന് രാവിലെ മുതല്‍ ഇരു ടീമുകള്‍ക്കും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും പരിശീലനത്തിന് ഇറങ്ങുമോയെന്ന് വ്യക്തമല്ല.
രാവിലെ മുതല്‍ ഉച്ചവരെ ന്യൂസിലാന്‍ഡ് ടീമും ഉച്ചക്ക് ശേഷം ഇന്ത്യന്‍ ടീമും പരിശീലനം നടത്തുന്ന രീതിയിലാണ് നിലവിലെ ക്രമീകരണം. റണ്ണൊഴുകുന്ന പിച്ചില്‍ മത്സരം തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റിംഗ് വെടിക്കെട്ടിന് കളമൊരുങ്ങുമെന്ന് പിച്ചില്‍ അവസാനവട്ട പരിശോധന നടത്തിയ ക്രിക്കറ്റ് വിദഗ്ധരും ഉറപ്പുനല്‍കുന്നു.
ലൈറ്റടക്കമുള്ള സൗകര്യങ്ങള്‍ പലവട്ടം പരീക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ പെയ്ത ശക്തമായ മഴ ചെറിയതോതില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. എന്നാല്‍ വേഗത്തില്‍ ഉണങ്ങുന്ന ഔട്ട്പിച്ചും ഡ്രയിനേജ് സംവിധാനവുമുള്ളതിനാല്‍ മഴ പ്രതിസന്ധിയാകില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

മൂന്ന് പതിറ്റാണ്ടിനുശേഷം വിരുന്നെത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ വരവേല്‍ക്കാന്‍ തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. ദേശീയ ഗെയിംസിനായി നിര്‍മിച്ച സ്‌പോര്‍ട്‌സ് ഹബ്ബിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് നാളെ നടക്കുക. അഞ്ച് പിച്ചുകളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നെണ്ണമാണ് മല്‍സരത്തിനായി സജ്ജമാക്കിയത്. മത്സരത്തിനുള്ള ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്കു മുമ്പേ വിറ്റുതീര്‍ന്നിരുന്നു. 80 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാണ് വിറ്റത്. ഇന്നു സംസ്ഥാന സര്‍ക്കാറും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി നടപ്പാക്കുന്ന യെസ് ക്രിക്കറ്റ്, നോ ഡ്രഗ്‌സ് എന്ന പരിപാടിയിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും.