Connect with us

Kerala

തോമസ് ചാണ്ടിയുടെ ഭാവി ഇന്നറിയാം; നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: കൈയേറ്റ വിവാദത്തില്‍ കുരുങ്ങിയ തോമസ് ചാണ്ടിയുടെ രാഷ്ട്രീയ ഭാവി ഇന്നറിയാം. ഇതുള്‍പ്പെടെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സി പി എം സെക്രട്ടേറിയറ്റ് ഇന്ന് ചേരും. കലക്ടറുടെ റിപ്പോര്‍ട്ടും വിജിലന്‍സിന്റെ ത്വരിതാന്വേഷണവും കുരുക്ക് മുറുക്കിയ സാഹചര്യവും കുട്ടനാട്ടിലെ വെല്ലുവിളി പ്രസംഗത്തിലൂടെ നഷ്ടപ്പെട്ട രാഷ്ട്രീയ പിന്തുണയും സി പി എം സെക്രട്ടേറിയറ്റിന്റെ തീരുമാനങ്ങളെ സ്വാധീനിക്കും. നാളെ എല്‍ ഡി എഫ് യോഗവും ചേരുന്നുണ്ട്. അതേസമയം, തോമസ് ചാണ്ടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എന്‍ സി പി ദേശീയ നേതൃത്വം രംഗത്തുവന്നു. തോമസ് ചാണ്ടിക്കെതിരെ പരസ്യ പ്രതികരണം പാടില്ലെന്ന് സംസ്ഥാനത്തെ എന്‍ സി പി നേതാക്കള്‍ക്ക് നിര്‍ദേശവും നല്‍കി. പരസ്യ പ്രതികരണം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കുന്നുണ്ട്.
എന്‍ സി പി നേതാക്കള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. മന്ത്രിക്കെതിരെ എന്‍ സി പിയില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായാല്‍ ദോഷകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഇല്ലാതാക്കരുതെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

തോമസ് ചാണ്ടിക്കെതിരെ ശബ്ദമുയര്‍ത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നേതൃത്വം നടപടി തുടരുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട നേതാവിനെ പുറത്താക്കിയതിനു പിന്നാലെ പരസ്യ അഭിപ്രായം പ്രകടിപ്പിച്ച മറ്റ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട യുവ നേതാവ് മുജീബ് റഹ്മാനെ എന്‍ സി പിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യോഗം വിളിച്ചുചേര്‍ത്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, തൃശൂര്‍, കോട്ടയം പ്രസിഡന്റുമാര്‍, സതീഷ് കല്ലക്കുളം, സാംജി പഴയപറമ്പില്‍ എന്നിവര്‍ക്കാണ് ഇതുവരെ നോട്ടീസ് ലഭിച്ചത്. നേതാക്കള്‍ക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയെന്നതാണ് ആക്ടിംഗ് പ്രസിഡന്റ് ടി പി പീതാംബരന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. എന്നാല്‍, മന്ത്രിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടിനെതിരെ ശക്തമായി മുന്നോട്ടുപോകാനാണ് നോട്ടീസ് ലഭിച്ചവരുടെ തീരുമാനം. മന്ത്രിയുടെ താത്പര്യത്തിനു വഴങ്ങാത്തവരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയാണ് നേതൃത്വമെന്നാണ് ഇവരുടെ നിലപാട്.
വിജിലന്‍സ് കോടതി ഉത്തരവുണ്ടായെങ്കിലും എന്‍ സി പി ദേശീയ നേതൃത്വം മന്ത്രിയെ കൈവിടുന്നില്ല. മന്ത്രി അഴിമതിയോ നിയമലംഘനമോ നടത്തിയില്ലെന്ന വാദമാണ് കേന്ദ്ര നേതൃത്വത്തിന്റേത്. സംസ്ഥാന ഘടകത്തില്‍ ഒരു വിഭാഗത്തിന് ചാണ്ടി വിരുദ്ധ സ്വരമുണ്ടെങ്കിലും അതൊന്നും കേന്ദ്ര നേതൃത്വം കണക്കിലെടുക്കുന്നില്ല. മന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് എതിര്‍ സ്വരം ഉയരാനേ പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. പരസ്യ പ്രതികരണം ഉയര്‍ന്നാല്‍ അച്ചടക്ക നടപടിയെന്നാണ് മുന്നറിയിപ്പ്. തോമസ് ചാണ്ടിയുടെ രാജിയോടുള്ള എതിര്‍പ്പ് പാര്‍ട്ടി നേതൃത്വം സി പി എമ്മിനെയും അറിയിച്ചിട്ടുണ്ട്.
റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് സി പി എം നേതാക്കളുടെ അഭിപ്രായം. ജനജാഗ്രതാ യാത്രക്കിടെ ഇനിയും നിലം നികത്തുമെന്ന് മന്ത്രി വെല്ലുവിളി നടത്തിയതും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ തെളിവുകള്‍ പുറത്തുവന്നപ്പോള്‍ സംരക്ഷിച്ചുനിര്‍ത്തുന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്. രാജിക്കാര്യത്തില്‍ ഇനിയും കണ്ണടക്കാന്‍ കഴിയില്ലെന്ന നിലപാടാകും യോഗത്തിലുണ്ടാകുക. വിഷയത്തില്‍ ഇതുവരെ മൗനം തുടര്‍ന്ന മുഖ്യമന്ത്രിയുടെ നിലപാടും യോഗത്തില്‍ നിര്‍ണായകമാകും. ബന്ധുനിയമന വിവാദത്തില്‍ ജയരാജനെതിരെ വേഗത്തില്‍ നടപടി സ്വീകരിച്ചപ്പോള്‍ തോമസ് ചാണ്ടി വിഷയത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നതും സി പി എമ്മിനുള്ളില്‍ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.

Latest