Connect with us

Articles

ജന ജാഗ്രതക്കുറവ് യാത്ര

Published

|

Last Updated

ജാഗ്രത. ഇത് പണ്ടേ നാട്ടില്‍ കേട്ടുവരുന്ന വാക്കാണ്. പുതുതായി വലിച്ച വൈദ്യുതി ലൈനിലൂടെ എപ്പോഴും വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുണ്ട്. നാട്ടുകാര്‍ ജാഗ്രത പാലിക്കണം. പുഴ കരകവിഞ്ഞൊഴുകുന്നു, കരയിലുള്ളവര്‍ ജാഗ്രത… റോഡ് മുറിച്ചു കടക്കുമ്പോള്‍ ജാഗ്രത വേണം. പാലം കടക്കുമ്പോഴും…
പിന്നെ പാര്‍ട്ടിക്കാര്‍ ഈ വാക്ക് ഏറ്റെടുത്തു. അത് അവരുടെ കമ്മിറ്റി യോഗങ്ങളില്‍ മേല്‍ത്തട്ട് മുതല്‍ താഴേത്തട്ട് വരെ ചില്ലിട്ടു വെച്ചിട്ടുണ്ട്. യോഗ തീരുമാനങ്ങളെടുക്കുമ്പോള്‍ പറയാനും എഴുതാനും പുറത്ത് അറിയിക്കാനുമാണ്. മാര്‍ട്ടിനോട് പാര്‍ട്ടി പത്രത്തിനായി കോടികള്‍ വാങ്ങിയത് സഖാവിന്റെ ജാഗ്രതക്കുറവായാണ് പിന്നീട് കണ്ടെത്തിയത്. അക്കാര്യം സി സി മുതല്‍ ബ്രാഞ്ച് വരെ അറിയേണ്ടവരെ അറിയിച്ചു.

ഈ സഖാവ് ബന്ധു നിയമനപ്രശ്‌നത്തില്‍ കുടുങ്ങിയപ്പോഴും പാര്‍ട്ടി പറഞ്ഞത് ഇതു തന്നെ. ജാഗ്രതക്കുറവ്. അതുകൊണ്ടാണ് വേഗം മന്ത്രിപ്പണി മതിയാക്കാന്‍ പറഞ്ഞത്. എന്തിനും പറ്റും. വളരെ ഗൗരവത്തില്‍ കാര്യങ്ങളെ അവതരിപ്പിക്കാനും ലളിതവത്കരിക്കാനും ഈ വാക്ക് മതി. കോടികള്‍ വാങ്ങിയപ്പോഴും ബന്ധു നിയമനം വന്നപ്പോഴും ഒരേ വാക്ക് തന്നെ. അവസാനത്തേതാണെന്ന് തോന്നുന്നു വലിയ കുറ്റം.
ഒടുവില്‍ ജനജാഗ്രത ജാഥ തന്നെ നടത്തി. പ്രിയപ്പെട്ട സഖാക്കളെ, പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. ജനരക്ഷായാത്രക്ക് ശേഷമാണ് ജനജാഗ്രത യാത്ര വന്നത്. അവര്‍ നുണ പ്രചരിപ്പിച്ചെന്നും അതിനാല്‍ ജാഗ്രത വേണമെന്നും. ജനങ്ങള്‍ വളരെ ജാഗ്രതയുള്ളവരായി. അപ്പോഴതാ കൊടുവള്ളിയില്‍ നിന്ന് കൂപ്പര്‍ വിവാദം. നേതാവ് കൂപ്പറില്‍ കയറിയതാണ് പുകിലായത്. ജനങ്ങള്‍ ജാഗ്രത കാണിച്ചത് കൊണ്ടാണ് ഇത് നാട്ടുകാര്‍ അറിഞ്ഞതെന്നാണ് അണിയറ സംസാരം. ഒടുവില്‍ പാര്‍ട്ടി പറഞ്ഞു, ജാഗ്രതക്കുറവ്!
പിന്നെയതാ, ഫോട്ടോ വിവാദം. ആദ്യം ഇടതുകാര്‍ ചമ്മി. പിന്നെ വലതുകാര്‍ ചമ്മി. നാട്ടുകാരും നേതാക്കളും മനസില്‍ കരുതി. ജാഗ്രതക്കുറവ്. മെഡിക്കല്‍ കോഴയില്‍ കുടുങ്ങിയ പാര്‍ട്ടി ചര്‍ച്ച ചെയ്തതും ഇത് തന്നെ. ജാഗ്രതക്കുറവുണ്ടായി. കുമ്മനവും കൂട്ടരും കുറെ ദിവസം കോഴയുടെ പിന്നാലെയായതും ഈ ജാഗ്രതക്കുറവ് തന്നെ.
സോളാര്‍ കത്തിപ്പടര്‍ന്നതാണ്. പാര്‍ട്ടിക്ക് ആദ്യമേ പറയാമായിരുന്നു. ജാഗ്രതക്കുറവ്. എളുപ്പം രക്ഷപ്പെട്ടേനേ…ചാണ്ടിയുടെ ജാഗ്രതക്കുറവെന്ന് പറഞ്ഞാല്‍ തീര്‍ന്നില്ലേ സംഗതി. പക്ഷേ എന്ത് ചെയ്യാന്‍, നേതാക്കളെല്ലാവരും ഗ്രൂപ്പുകളെ സംരക്ഷിക്കാനുള്ള ജാഗ്രതയിലായിരുന്നു.
കായല്‍ കൈയ്യേറ്റവും ഇതില്‍പെടുത്താം. ഇതിനായി മറ്റുള്ളവര്‍ ജാഗ്രതക്കുറവ് വരുത്താതെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. അപ്പോഴാണ് മന്ത്രിയുടെ പറപറച്ചില്‍. ഇനിയും കായല്‍ കൈയറുമെന്ന്. അപ്പോള്‍ കാനം ഇളകി, റെഡ്ഡി ഇളകി. സഹായിക്കാനിറങ്ങിയവര്‍ മനസില്‍ പറഞ്ഞു കാണും. ജാഗ്രതക്കുറവ് വിട്ടു പോകുന്നില്ലല്ലോ.
ജാഥ മൂന്നാമത്തേത് തുടങ്ങിയിട്ടുണ്ട്. പടയൊരുക്കം. ഭരണക്കാര്‍ക്കെതിരാണ്. ജാഥ കഴിഞ്ഞാല്‍ ആരോടുമാകാം. ജാഥ തുടങ്ങുന്നതിന് മുമ്പേ, ജാഗ്രത നിര്‍ദേശം വന്നുകഴിഞ്ഞു. കാറില്‍ കയറുമ്പോള്‍, റോഡില്‍ കൂടി നടക്കുമ്പോള്‍, ഫോട്ടോയെടുക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, വര്‍ത്തമാനം പറയുമ്പോള്‍ ജാഗ്രതൈ.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും വേണം ജാഗ്രത. ജാഗ്രതക്കുറവുണ്ടായാല്‍ മറ്റേ ഗ്രൂപ്പുകാരന്‍ വന്ന് തട്ടിത്താഴെയിടും. സമ്മേളനകാലത്ത് പ്രത്യേകിച്ചും.
ഇനി ജാഗ്രത തീരെയില്ലാത്ത ഒരു കാര്യം കൂടി പറയാം. ജാഥ വരുമ്പോള്‍ അലങ്കാരത്തിന് കമ്മിറ്റി ഉണ്ടാക്കും. അവര്‍ തലേന്ന് നന്നായി അലങ്കരിക്കും, നാടും നഗരവും. ജാഥ കഴിഞ്ഞാല്‍ അലങ്കാരങ്ങളും ബാനറുകളും അവിടെത്തന്നെ കിടക്കും. ഇവ മാലിന്യമായി നാട് നിറയും. ഇത് നീക്കം ചെയ്യാന്‍ ഒരു ജാഗ്രതയുമില്ല. ഇപ്പോള്‍ നടക്കുന്നതൊക്കെ ശരിക്കും ജന ജാഗ്രതക്കുറവ് യാത്ര തന്നെ!