നേതാവിന്റെ മകന്‍

Posted on: November 6, 2017 6:32 am | Last updated: November 5, 2017 at 10:46 pm
SHARE

1984ലെ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് രണ്ടംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ബി ജെ പി, 1989ല്‍ 85 സീറ്റിലേക്ക് ഉയര്‍ന്നതിന് പിറകില്‍ ബൊഫോഴ്‌സ് കോഴക്കേസ് വലിയ പങ്കു വഹിച്ചിരുന്നു. സ്വീഡനിലെ എ ബി ബൊഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങാന്‍ 1986ല്‍ കരാറുണ്ടാക്കിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 160 കോടിയിലേറെ കമ്മീഷനായി വാങ്ങിയെന്നായിരുന്നു ആരോപണം. കോഴപ്പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചുവെന്നും. അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിക്കാന്‍ അവസരം നല്‍കുന്ന ബാങ്കുകളെക്കുറിച്ചും അത്തരം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളെക്കുറിച്ചും ഇന്ത്യന്‍ യൂനിയനിലുള്ളവര്‍ അറിഞ്ഞു തുടങ്ങിയത് അന്നുമുതലാണ്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് വി പി സിംഗ് രൂപവത്കരിച്ച ജനമോര്‍ച്ചയും ഇടതുപക്ഷവുമൊക്കെ അഴിമതി ആരോപണം മുഖ്യ വിഷയമാക്കി വലിയ പ്രചാരണം നടത്തിയതിന്റെ ഗുണം കുറച്ചധികം കിട്ടിയതിന്റെ കൂടി ഫലമായിരുന്നു ബി ജെ പിയുടെ ഉയര്‍ച്ച.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അഴിമതിയായിരുന്നു മുഖ്യ വിഷയം. ടെലികോമും കല്‍ക്കരിയുമൊക്കെ വലിയ അഴിമതി ആരോപണങ്ങളായി ഉയര്‍ന്നു, ഖജനാവിന് വരുത്തിയ നഷ്ടത്തിന്റെ കണക്ക് ലക്ഷക്കണക്കിന് കോടികളായി ഉയരുകയും ചെയ്തു. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് നരേന്ദ്ര മോദി നടത്തിയ ശബ്ദഘോഷമായ പ്രചാരണത്തില്‍ ‘ഭ്രഷ്ടാചാര്‍’ ആയിരുന്നു മുഖ്യ ഇനം. ഒരു വര്‍ഷം മുമ്പ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍, അതിന് ന്യായം അഴിമതിക്കും കള്ളപ്പണത്തിനും എതിരായ മിന്നലാക്രമണം എന്നായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി സര്‍ക്കാറുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്ന അഴമതി ആരോപണങ്ങളുടെയൊക്കെ പ്രഭ കെടുത്താന്‍ പാകത്തിലായിരുന്നു നരേന്ദ്ര മോദിയുടെ ശബ്ദ ഘോഷം. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതി ആരോപണമൊന്നും നേരിടുന്നില്ല എന്നത് വലിയ സംഗതിയായി വിശേഷിപ്പിക്കുകയും അഴിമതി ഇല്ലാതായിത്തുടങ്ങിയെന്ന അതിശയോക്തി, ആവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം.
ഇതിനൊക്കെയുള്ള മറുപടികളാണ് ഓണ്‍ ലൈന്‍ പോര്‍ട്ടലായ ‘ദി വയര്‍’ അടുത്തിടെ പ്രസിദ്ധീകരിച്ച രണ്ട് വാര്‍ത്തകള്‍. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കമ്പനി, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടുപിറകെ വലിയ ലാഭമുണ്ടാക്കിയതിലും സംശയം ജനിപ്പിക്കും വിധത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിലും അഴിമതിയുടെ അംശമില്ലേ എന്ന ചോദ്യമാണ് വയര്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്കൊന്നും യുക്തിസഹമായ മറുപടി നല്‍കാന്‍ ജയ് ഷായ്‌ക്കോ അദ്ദേഹം നിയോഗിച്ച അഭിഭോഷകനോ സാധിച്ചില്ല. മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത്, ഇത് സംബന്ധിച്ച തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വയറിനെ വിലക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്ന് മാത്രം. മാനനഷ്ടക്കേസ് പരിഗണിക്കുന്ന കോടതി, തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞത്, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ മകന് കൂടുതല്‍ മാനനഷ്ടമുണ്ടാകരുതെന്ന് കരുതിയാകണം. അതോ തുടര്‍ വാര്‍ത്തകള്‍, അച്ഛന്‍ ഷായെയും മകന്‍ ഷായെയും കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് ഭയന്നിട്ടോ?
ഇതിനേക്കാള്‍ പ്രധാനമാണ് ഇപ്പോഴത്തെ വാര്‍ത്ത. ദേശീയ സുരക്ഷാ ഉപദേഷ്ടാവും നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍ മുമ്പനുമായ അജിത് ദോവലിന്റെ (ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ മുന്‍ മേധാവി) മകന്‍ ശൗര്യ ദോവല്‍ മുഖ്യ നടത്തിപ്പുകാരനായ, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യ – വ്യവസായ മന്ത്രി സുരേഷ് പ്രഭു, വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവരും ബി ജെ പി നേതാവ് റാം മാധവും ഡയറക്ടര്‍മാരായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് ഈ വാര്‍ത്തയുടെ ആധാരം. ചിന്താ സംഭരണിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സ്ഥാപനം രാഷ്ട്ര നിര്‍മാണവും സാമൂഹിക, സാംസ്‌കാരിക ബോധവത്കരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതാണെന്നാണ് ശൗര്യ ദോവലിന്റെ അവകാശവാദം. രാഷ്ട്ര നിര്‍മാണത്തിന് ദിശയും ഗതിവേഗവും നല്‍കാനാകണം വിവിധ വിഷയങ്ങളില്‍, പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളില്‍, സെമിനാറുകളും സമ്മിറ്റുകളുമൊക്കെ ഇവര്‍ സംഘടിപ്പിക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കുന്ന വിവിധ മേഖലകളിലെ പ്രതിനിധികള്‍ക്ക് മന്ത്രിമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സ്വതന്ത്ര ആശയ വിനിമയം സാധ്യമാക്കുകയും ചെയ്യും. ഇത്തരം ചടങ്ങുകളുടെയൊക്കെ സ്‌പോണ്‍സര്‍മാര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റ് കമ്പനികളാണ്.

2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച, ശൗര്യ ദോവലിന്റെ ഇന്ത്യ ഫൗണ്ടേഷന്‍ നടത്തുന്ന സെമിനാറുകളും സമ്മിറ്റുകളുമൊക്കെ സ്‌പോണ്‍സര്‍ ചെയ്യാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റുകള്‍ താത്പര്യം കാട്ടുന്നത് എന്തുകൊണ്ടാകും? മികച്ച മാര്‍ക്കറ്റിംഗ് വിഭാഗമുണ്ടെങ്കില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ പ്രയാസമില്ല. അതുമാത്രമാണോ എന്നതിലാണ് സംശയം. പ്രതിരോധം, വാണിജ്യ – വ്യവസായം, വിദേശകാര്യം, വ്യോമയാനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ഡയറക്ടര്‍മാരായ സ്ഥാപനത്തെ സഹായിക്കാന്‍ ഇത്തരം കമ്പനികള്‍ താത്പര്യം കാട്ടുന്നതാകുമോ? അങ്ങനെ താത്പര്യം കാട്ടുന്നുണ്ടെങ്കില്‍ അതിലൂടെ അവര്‍ ലക്ഷ്യമിടുന്ന ലാഭം എന്തായിരിക്കും. സഹസ്ര കോടികളുടെ കരാറുകള്‍ തീരുമാനിക്കുന്ന വകുപ്പുകളുടെ മന്ത്രിമാരാണ് ഇവരൊക്കെ എന്നത് കൂടി പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും. മന്ത്രിമാരും ജനപ്രതിനിധികളും അവരില്‍ നിക്ഷിപ്തമായ ചുമതല നിര്‍വഹിക്കുന്നതിനെ സ്വാധീനിക്കാന്‍ പാകത്തിലുള്ള സ്വകാര്യ പദവികള്‍ വഹിക്കരുതെന്നാണ് ചട്ടം. അത് ലംഘിച്ച് ഇന്ത്യാ ഫൗണ്ടേഷനില്‍ തുടരാന്‍ ഈ മന്ത്രിമാര്‍ തീരുമാനിച്ചതിന്റെ ഉദ്ദേശ്യം എന്തായിരിക്കും?
ഇന്ത്യന്‍ സമുദ്രത്തെക്കുറിച്ചും അതിര്‍ത്തി കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യത്തെക്കുറിച്ചും ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടികളുടെ സ്‌പോണ്‍സര്‍മാരുടെ പട്ടിക ഇങ്ങനെയാണ് – യാത്ര, പോര്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന അമേരിക്കന്‍ കമ്പനി ബോയിംഗ്, പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഇസ്‌റാഈല്‍ കമ്പനിയായ മഗല്‍, ഡവലപ്‌മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂര്‍, പിന്നെ ഇന്ത്യയിലെ വിവിധ സ്വകാര്യ കമ്പനികള്‍. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് എയര്‍ ഇന്ത്യക്കു വേണ്ടി 111 വിമാനങ്ങള്‍ ബോയിംഗില്‍ നിന്ന് വാങ്ങിയിരുന്നു. ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ അടുത്തിടെയാണ് സി ബി ഐ അന്വേഷണം ആരംഭിച്ചത്. അന്വേഷണം തീരും വരെ ബോയിംഗുമായി ഇടപാടൊന്നും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന് വേണമെങ്കില്‍ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ആ കമ്പനി തീരുമാനിച്ചാല്‍ പ്രതിരോധ, വ്യോമയാന മന്ത്രിമാര്‍ ഡയറക്ടര്‍മാരായ സ്ഥാപനത്തെ സഹായിച്ചൊരു ബന്ധം സ്ഥാപിച്ചെടുക്കുക എന്നത് പ്രധാനമാകും. ഭാവിയിലുണ്ടാകുന്ന വ്യോമ ഇടപാടുകളുടെ കമ്മീഷന്‍ ഇന്ത്യാ ഫൗണ്ടേഷന് വാഗ്ദാനം ചെയ്യുകയുമാകാം.
രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കാവശ്യമായ സ്‌പെക്ട്രം ലേലം ചെയ്തപ്പോള്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണവും തുടര്‍ന്നുള്ള കേസും പരിഗണിച്ചാല്‍, ആരോപണവിധേയര്‍ മന്ത്രിയായിരുന്ന എ രാജയും വകുപ്പിലെ ഉദ്യോഗസ്ഥരും ഡി എം കെ നേതാവായ കനിമൊഴിയും അനര്‍ഹമായ ലാഭം നേടിയ കമ്പനിയുടെ ഉദ്യോഗസ്ഥരുമാണ്. മന്ത്രിയിലേക്കും ഉദ്യോഗസ്ഥരിലേക്കും ഡി എം കെയിലേക്കും (പാര്‍ട്ടിയുടെ ചാനലായ കലൈഞ്ജറിന്) കോഴപ്പണമെത്തിയെന്നാണ് കേസ്. അത്തരമൊരു സാഹചര്യം ഒഴിവാക്കിയെടുക്കാനുള്ള മാധ്യമമാണോ ഇന്ത്യാ ഫൗണ്ടേഷന്‍? അതുപോലൊരു ഇടപാടിന്റെ ഫലമായാണോ ജയ് ഷായുടെ കമ്പനി ഒരു വര്‍ഷം കൊണ്ട് വന്‍ ലാഭത്തിലേക്ക് കുതിച്ചത്? ജയ് ഷായുടെ കമ്പനിക്ക് മൃദു വായ്പ (നാമമാത്ര പലിശ നിരക്ക് ഈടാക്കി നല്‍കുന്ന വായ്പ) നല്‍കിയത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തി ആരംഭിച്ച ധനകാര്യ സ്ഥാപനമാണ്. മൃദുവായ്പ സ്വീകരിച്ച് ഒരു വര്‍ഷം ലാഭം ഔദ്യോഗികമായി കമ്പനീസ് ഓഫ് രജിസ്ട്രാറെ അറിയിച്ച്, അടുത്ത വര്‍ഷം നഷ്ടം കാണിച്ച് പൂട്ടുമ്പോള്‍ ബാക്കിയാവുന്ന സമ്പാദ്യം, അത് കൈക്കൂലിയാണെങ്കില്‍പ്പോലും, കള്ളപ്പണത്തിന്റെ ലേബലില്ലാത്തതാകും. അതുപോലൊരു സൗകര്യമാണ് ഇന്ത്യാ ഫൗണ്ടേഷനിലൂടെ ഇടപാടുകള്‍ നടത്തുമ്പോഴുമുള്ളത്.
വിദേശത്തു നിന്ന് സംഭാവനകള്‍ സ്വീകരിക്കാനുള്ള ലൈസന്‍സ് 2017ല്‍ ഇന്ത്യാ ഫൗണ്ടേഷന് പുതുക്കി നല്‍കിയിട്ടുണ്ടെന്നാണ് രേഖകള്‍. ഈ ലൈസന്‍സുള്ള കമ്പനികള്‍ വിദേശ നാണയ നിയന്ത്രണ നിയമമനുസരിച്ച് എല്ലാ വര്‍ഷവും ആഭ്യന്തര മന്ത്രാലയത്തില്‍ കണക്ക് കാണിക്കണം. 2017ന് മുമ്പ് ഇന്ത്യാ ഫൗണ്ടേഷന്‍ ഇവ്വിധം കണക്ക് കാണിച്ചിട്ടില്ല. ഒന്നുകില്‍ അവര്‍ക്ക് ലൈസന്‍സില്ലായിരുന്നു, അല്ലെങ്കില്‍ നിയമം ലംഘിച്ചുവെന്നാണ് അര്‍ത്ഥം. ഇല്ലാത്ത ലൈസന്‍സ് എങ്ങനെ പുതുക്കും? മുന്‍ വര്‍ഷങ്ങളിലെ കണക്ക് കാണിക്കാത്ത സ്ഥാപനത്തിന് ലൈസന്‍സ് എങ്ങനെ അനുവദിക്കും? ഇതുവരെ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നാണ് ശൗര്യ ഡോവല്‍ നല്‍കുന്ന വിശദീകരണം. അമേരിക്കന്‍ കമ്പനിയും ഇസ്‌റാഈല്‍ കമ്പനിയും സിംഗപ്പൂരിലെ ബാങ്കും സ്‌പോണ്‍സര്‍മാരാകുമ്പോള്‍ അവരില്‍ നിന്ന് സ്വീകരിക്കുന്ന പണം വിദേശ സംഭാവനയായി കാണണ്ടേ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം ശൗര്യ ഡോവലിനില്ല. നാല് മന്ത്രിമാരും ബി ജെ പി നേതാവ് രാം മാധവും ഇതിനോടൊന്നും പ്രതികരിക്കുന്നുമില്ല. വിദേശനാണയ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചു, മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ സമര്‍പ്പിച്ചില്ല എന്നൊക്കെ ചൂണ്ടിക്കാട്ടി നിരവധി സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാറാണ് മോദിയുടേത് എന്നത് ഓര്‍ക്കുക.

പച്ചക്കറിയും മറ്റും കയറ്റി അയക്കുകയായിരുന്നു തന്റെ കമ്പനി എന്നാണ് ജയ് ഷാ വിശദീകരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഓഹരി ഇടപാട് നടത്തിയിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഓഹരി ഇടപാട് നടത്താനുള്ള രജിസ്‌ട്രേഷന്‍ ജയ് ഷായുടെ കമ്പനിക്ക് ഉണ്ടായിരുന്നുമില്ല. പിന്നെങ്ങനെ ഒരു വര്‍ഷം കൊണ്ട് ലാഭം കുത്തനെ ഉയര്‍ന്നുവെന്നാണ് ചോദ്യം. അതിനും മറുപടിയില്ല.
കള്ളപ്പണം വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ച് മൊറീഷ്യസിലോ മറ്റോ രജിസ്റ്റര്‍ ചെയ്യുന്ന പേരിന് മാത്രമുള്ള കമ്പനികളിലൂടെ ഇന്ത്യയിലെ കമ്പനിയിലേക്ക് വിദേശ നിക്ഷേപമായി തിരിച്ചെത്തിച്ച് വെളുപ്പിക്കുക എന്നതായിരുന്നു കോര്‍പ്പറേറ്റുകളും അഴിമതിക്കാരായ ഭരണകര്‍ത്താക്കളും സ്വീകരിച്ചിരുന്ന മാര്‍ഗങ്ങളിലൊന്ന്. അത്രയൊന്നും പ്രയാസം കൂടാതെ കൈക്കൂലിപ്പണം കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗം സൃഷ്ടിച്ചെടുക്കുകയാണോ ബി ജെ പി എന്ന് സംശയിക്കണം. അതിനുള്ള മറയാകണം പൊടുന്നനെ ലാഭമുണ്ടാക്കി പൂട്ടിപ്പോകുന്ന കമ്പനികളും ഇന്ത്യാ ഫൗണ്ടേഷനെപ്പോലുള്ള സര്‍ക്കാറിതര സംഘടനകളും. കമ്മീഷനുകളും കൈക്കൂലിയും കൈകാര്യം ചെയ്യാന്‍ ആസൂത്രിതവും ശാസ്ത്രീയവുമായ മാര്‍ഗം അവലംബിക്കുന്നുവെന്ന് ചുരുക്കം. ഏത് നേതാവിന്റെ മകനും ഇത്തരം കമ്പനികളുണ്ടാക്കാനാകും. ഇന്ത്യാ ഫൗണ്ടേഷന്‍ മാതൃകയില്‍ സര്‍ക്കാറിതര സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രയാസമില്ല. അങ്ങനെ എത്രയെണ്ണം ഇതിനകമുണ്ടായിട്ടുണ്ടാകും?
വിദേശത്തെ ബാങ്കുകളില്‍ സൂക്ഷിച്ച കള്ളപ്പണം മുഴുവന്‍ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നു, രാജ്യത്തിനകത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കുന്നു, അഴിമതി ആരോപണമില്ലാത്ത സര്‍ക്കാര്‍ ഭരിക്കുന്നു, സര്‍വോപരി സര്‍വവും രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമാകുന്നു. ഈ ശബ്ദഘോഷത്തിന്റെ മറ മതി, ജനത്തെ കുറേക്കാലം പറ്റിക്കാന്‍. അതിന് മുന്നില്‍, ഇത്തരം ‘സുതാര്യ’ ഇടപാടുകള്‍, അതാര്യമായി തുടര്‍ന്നോളും. അതാര്യമല്ലാതാകുമെന്നായാല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താനും സംഘടന പിരിച്ചുവിടാനും എളുപ്പം.

LEAVE A REPLY

Please enter your comment!
Please enter your name here