എത്യോപ്യയില്‍ വിവിധ പദ്ധതികള്‍ക്ക് ഖത്വര്‍ റെഡ് ക്രസന്റ് സഹകരണം

Posted on: November 5, 2017 8:03 pm | Last updated: November 5, 2017 at 8:03 pm
SHARE
എ എന്‍ ഇ, ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റി
പ്രതിനിധികള്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നു.

ദോഹ: എത്യോപ്യയില്‍ മാനവിക പദ്ധതികള്‍ക്ക് ആക്ഷന്‍ ഫോര്‍ ദി നീഡി ഇന്‍ എത്യോപ്യ (എ എന്‍ ഇ)യുമായി ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു ആര്‍ സി എസ്) ധാരണാപത്രം ഒപ്പുവെച്ചു. അഭയാര്‍ഥികള്‍ക്കും എത്യോപ്യക്കാര്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതികളാണ് നടപ്പാക്കുക. ഖത്വര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റു (ക്യു എഫ് എഫ് ഡി)മായി കഴിഞ്ഞ ജൂണില്‍ ഒപ്പുവെച്ച 30 ലക്ഷം ഡോളറിന്റെ പദ്ധതി നടപ്പാക്കുന്നതിനാണ് ഇത്. ക്യു ആര്‍ സി എസ് സെക്രട്ടറി ജനറല്‍ അലി ഹസന്‍ അല്‍ ഹമ്മാദിയും എ എന്‍ ഇ മാനേജിംഗ് ഡയറക്ടര്‍ സലിഹു സുല്‍ത്താനുമാണ് കരാര്‍ ഒപ്പുവെച്ചത്.

അഭയകേന്ദ്രം, വെള്ളം, ശുചിത്വ പദ്ധതി, ഭക്ഷണം, ജീവിതോപാധി തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പാക്കുക. പുതിയ പദ്ധതിയിലൂടെ 38000 പേര്‍ക്ക് പ്രയോജനം ലഭിക്കും. എത്യോപ്യയുടെ വിവിധ ഭാഗങ്ങളിലുള്ള ദുരന്തങ്ങള്‍ കാരണം കഷ്ടതയനുഭവിക്കുന്ന ആയിരക്കണക്കിന് പേരുടെ ജീവനും ജീവിതോപാധിയും സംരക്ഷിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്ന് സുല്‍ത്താന്‍ പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ എത്യോപ്യയിലെ ഗാമ്പിലെ, ഒറോമിയ മേഖലകളിലാണ് ഈ പദ്ധതി നടപ്പാക്കുക. നേരത്തെ തന്നെ ദരിദ്രരും കഷ്ടതയനുഭവിക്കുന്നവരുമായ സമൂഹം എട്ട് ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ട്.

അഭയാര്‍ഥിക്യാമ്പില്‍ 24 മാസം കൊണ്ട് 768 ശൗചാലയങ്ങള്‍, രണ്ട് കിണറുകള്‍, രണ്ടായിരം ശുചിത്വ കിറ്റുകള്‍, പരമ്പരാഗതവും നിലവാരമുള്ളതുമായ അഭയ കേന്ദ്രങ്ങള്‍, ജലജന്യ രോഗങ്ങളെ സംബന്ധിച്ച് 240 പരിശീലന, വിദ്യാഭ്യാസ യോഗങ്ങള്‍, ഇടപഴക്കത്തിലൂടെ ശുചിത്വ പ്രോത്സാഹനം തുടങ്ങിയവ ക്യു ആര്‍ സി എസും എ എന്‍ ഇയും നടപ്പാക്കും.

ഒപ്പുവെക്കല്‍ ചടങ്ങില്‍ എത്യോപ്യ അംബാസിഡര്‍ മിസ്ഗാനു അര്‍ഗ മോഷ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഫൈസല്‍ അലിയി അബ്‌റാഹിം, ക്യു ആര്‍ സി എസ് കമ്യൂനിക്കേഷന്‍ ഡയറക്ടര്‍ ഈസ മുഹമ്മദ് അല്‍ ഇസ്ഹാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here