സഊദിയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി; 11 രാജകുമാരന്മാര്‍ അറസ്റ്റില്‍

Posted on: November 5, 2017 11:56 am | Last updated: November 5, 2017 at 10:02 pm
SHARE
സൽമാൻ രാജാവ്

ജിദ്ദ: സഊദി അറേബ്യയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന്‍ മിത്അബ് അബ്ദുല്ല രാജകുമാരനെ നാഷണല്‍ ഗാര്‍ഡിന്റെ ചുമലതയുള്ള മന്ത്രി പദവിയില്‍ നിന്ന് നീക്കി. ഖാലിദ് ഇയാഫ് ആലുമുഖ്രിന്‍ രാജകുമാരനാണ് നാഷണല്‍ ഗാര്‍ഡിന്റെ പുതിയ ചുമതല. മുന്‍ തൊഴില്‍ മന്ത്രിയും നിലവില്‍ ഇക്കോണമി ആന്‍ഡ് പ്ലാനിംഗ് വകുപ്പ് മന്ത്രിയുമായ എന്‍ജിനീയര്‍ ആദില്‍ മുഹമ്മദ് ഫഖീഹിനെ നീക്കി പകരം മുഹമ്മദ് അല്‍ തുവൈജിയെ തത്സ്ഥാനത്ത് നിയമിച്ചു. നാവിക സേനയുടെ തലവനായ അബ്ദുല്ല അല്‍ സുല്‍ത്താനെ മാറ്റി ഫഹദ് അല്‍ ഖഫീലിക്കും ചുമതല നല്‍കി.

അതിനിടെ, മുന്‍ മന്ത്രിമാരായ ഏഴ് പേര്‍ അടക്കം 11 രാജകുമാരന്മാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സഊദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അഴിമതിക്ക് എതിരായ ശക്തമായ നീക്കത്തിന്റെ ഭാഗമായാണ് നടപടികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി രൂപീകരിച്ച അഴിമതിവിരുദ്ധ കമ്മീഷന്‍ അധ്യക്ഷനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചുമതലയേറ്റതിന് പിറകെയാണ് നടപടികള്‍.

ഉന്നതര്‍ക്ക് എതിരെ നടപടി എടുത്തതിന് പിന്നാലെ ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യ വിമാനങ്ങളുടെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നടപടി നേരിടുന്നവര്‍ രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here