Connect with us

Articles

ഇന്ത്യന്‍ കായിക രംഗത്തെ ഫിഫ പഠിപ്പിച്ച കളികള്‍

Published

|

Last Updated

സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും വൈദേശികാധിപത്യത്തില്‍ കഴിയുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. വന്‍കിട ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ രാജ്യത്തെ കോളനിവത്കരിച്ചിരുന്ന വിദേശികള്‍ക്ക് വേണ്ടി കൈയടിക്കേണ്ട അവസ്ഥയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. അതിനൊരു മാറ്റം സാധ്യമാണോ എന്നതിനാണ്് ഇക്കഴിഞ്ഞ അണ്ടര്‍-17 ലോകകപ്പ് ഉത്തരം നല്‍കേണ്ടത്. അണ്ടര്‍-17 ആയാലും സീനിയര്‍ ടീമായാലും ഇപ്പോള്‍ ഇന്ത്യയുടെ കളികള്‍ കാണാന്‍ ആളുകളെത്തുന്നു എന്നത് ആശാവഹമാണ്. മെസിക്കും റൊണാള്‍ഡോക്കും നെയ്മറിനുമെല്ലാം കൈയടിച്ച കൈകള്‍ ഇപ്പോള്‍ ജീക്‌സണ്‍ സിംഗിനും രാഹുലിനും സുനില്‍ ഛേത്രിക്കുമൊക്കെ കൈയടിക്കാനുണ്ട്. ഈ ആവേശത്തില്‍നിന്നും കാല്‍പന്തുകളിയില്‍ ഒരു മുന്നേറ്റം സാധ്യമാക്കുകയാണ് ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന അധികാരികള്‍ ചെയ്യേണ്ടത്. ഫുട്‌ബോളിനെ വൈദേശികാധിപത്യത്തില്‍ നിന്നും മോചിപ്പിക്കുകയെന്നതാകണം അണ്ടര്‍-17 ലോകകപ്പ് നല്‍കുന്ന സന്ദേശം. അതിനുള്ള നിലമൊരുങ്ങിയിട്ടുണ്ട്; ഇനി വിത്തിറക്കുകയേ വേണ്ടൂ. ഇത് ശരിവെക്കുന്നതാണ് “ഇന്ത്യ ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ രാജ്യമായി മാറിക്കഴിഞ്ഞു” എന്ന ഫിഫയുടെ വിലയിരുത്തല്‍.

ഫുട്‌ബോളില്‍ നല്ല മേല്‍വിലാസമുള്ള ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ് ചാമ്പ്യന്മാരാകുമ്പോള്‍ അത്തരമൊരു നേട്ടത്തിനായി ആ രാജ്യം അനുവര്‍ത്തിച്ച രീതികള്‍ എന്തൊക്കെയാണെന്ന് നാം അറിയേണ്ടതുണ്ട്. ലോകകിരീടങ്ങള്‍ ലഭിക്കാതായതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ യൂത്ത് ഡവലപ്‌മെന്റ് പദ്ധതിയുടെ ആദ്യത്തെ ഫലമാണ് അണ്ടര്‍-17 ലോകകപ്പ്. 2014ല്‍ ആരംഭിച്ച് മൂന്ന് വര്‍ഷം ആകുമ്പോഴേക്കും അതിന്റെ ഫലം അവര്‍ക്ക് ലഭിച്ചിരിക്കുന്നു. ഇവിടെയാണ് നമ്മുടെ ചിന്തകള്‍ അത്തരമൊരു രീതിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുന്നത്. അത്തരം പദ്ധതികള്‍ക്ക് ഫലം ലഭിക്കുമെന്നതിന്റെ തെളിവ് രാജ്യത്തിനും നല്‍കാനുണ്ട്. അണ്ടര്‍-17 ലോകകപ്പിന് വേണ്ടി ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി ഇന്ത്യ ടീമിനെ ഒരുക്കാന്‍ തുടങ്ങിയിട്ട്. ലോകത്തിലെ വന്‍കിട ടീമുകളോട് പൊരുതാന്‍ തക്കവണ്ണം ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ ഈ കാലയളവില്‍ ഇന്ത്യക്ക് കഴിഞ്ഞിരിക്കുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരവും ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ ടീം നല്ല പ്രകടനം കാഴ്ചവെച്ചു എന്നു തന്നെയാണ് സ്‌പോര്‍ട്‌സ് നിരീക്ഷകരുടെ എല്ലാവരുടെയും വിലയിരുത്തല്‍. മാത്രമല്ല, ഈ ടീമിന് ഭാവിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യന്‍ കായികരംഗത്ത് ക്രിക്കറ്റ് കഴിഞ്ഞേ എന്തുമുള്ളൂ എന്നിടത്തുനിന്ന് ഫുട്‌ബോള്‍ വളരുന്നു എന്നത് ആശാസ്യകരമാണ്. പ്രത്യേകിച്ചും ഇടക്കാലത്ത് ക്രിക്കറ്റ് നടത്തിപ്പിലുണ്ടായ വാതുവെപ്പും കോഴയുമെല്ലാം കായികപ്രേമികളെ അത്തരമൊരു അവസ്ഥയിലേക്ക് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരക്കിടെ പിച്ചൊരുക്കിയ ക്യൂറേറ്റര്‍ കോഴ വിവാദത്തില്‍പ്പെട്ടതും ഇതിനോട് ചേര്‍ത്തി വായിക്കേണ്ടതാണ്.

കളി ഫിഫയോട് വേണ്ട

ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന ആശാസ്യകരമായ ചുറ്റുപാടിലും ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ ലോകകപ്പ് രാജ്യത്തെ ഭരണാധികാരികള്‍ക്കും കായിക സംഘടനകള്‍ക്കും ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. കായികരംഗം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും പാടിപ്പതിഞ്ഞ ചില കാട്ടിക്കൂട്ടലുകള്‍ക്കും അതീതമായിരിക്കണമെന്നതാണ് അതില്‍ പ്രധാനം. ലോക ഫുട്‌ബോള്‍ സംഘടന-ഫിഫ അത്തരമൊരു പാഠം കൂടി രാജ്യത്തെ ഭരണാധികാരികളെ പഠിപ്പിച്ചാണ് കളംവിടുന്നത്. നിശ്ചിത ചട്ടക്കൂടുകള്‍ക്കും നിയമാവലികള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂവെന്ന സന്ദേശം നല്‍കാന്‍ മാത്രമല്ല, അത് പ്രവൃത്തിപഥത്തില്‍ കാണിച്ചുകൊടുക്കാനും ഫിഫക്ക് കഴിഞ്ഞിരിക്കുന്നു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള മോദി സര്‍ക്കാറിന്റെ ശ്രമം തുടക്കത്തില്‍തന്നെ തള്ളിക്കളഞ്ഞത് മുതല്‍ ലോകകപ്പ് നടക്കുന്ന ഓരോ വേദികളിലെയും സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വരെ കര്‍ശന നിബന്ധനകള്‍ പാലിക്കാന്‍ ഫിഫ കാണിച്ച ബദ്ധശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാനും അതൊരു രാഷ്ട്രീയനേട്ടമായി ഉയര്‍ത്തിക്കാണിക്കാനുമുള്ള ശ്രമമാണ് ഫിഫ തടഞ്ഞത്. കൂടുതല്‍ ചെലവ് വരുന്ന പരിപാടികളൊന്നും ഫിഫ അനുവദിച്ചിരുന്നില്ല. ഉദ്ഘാടനവും സമാപനവുമൊക്കെ വളരെ ലളിതമായിട്ട് തന്നെ നടത്തേണ്ടിവന്നു. ഉദ്ഘാടനചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെറുമൊരു പരിചയപ്പെടലിലും സമാപനചടങ്ങ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലും ഒതുക്കേണ്ടിവന്നു.

ലോകകപ്പ് നടന്ന ആറ് വേദികളിലും നിര്‍ദേശിച്ച രീതിയില്‍ തന്നെ സൗകര്യമൊരുക്കാനും ഫിഫയുടെ കര്‍ശന മേല്‍നോട്ടം വേണ്ടിവന്നതും ചിന്തിക്കേണ്ട വിഷയമാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ലഭിച്ച ലോകകപ്പ് കുറ്റമറ്റ രീതിയില്‍ നടത്തി കൂടുതല്‍ ടൂര്‍ണമെന്റുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം അതെല്ലാം അങ്ങനെ നടന്നോളും എന്ന നിലപാടിലായിരുന്നു വിവിധ വേദികളില്‍ സൗകര്യമൊരുക്കേണ്ട അധികാരികള്‍. പലപ്പോഴും രാജ്യത്തെ ഇത്തരം മേളകള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അത് നടന്നില്ലെന്ന് മാത്രമല്ല, സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അലംഭാവം കാണിച്ചവരെ ശക്തമായ താക്കീതുകള്‍ നല്‍കി വരച്ചവരയില്‍ കൊണ്ടുവരാനും ഫിഫക്ക് കഴിഞ്ഞു. ഇതെല്ലാം ഇന്ത്യന്‍ കായികരംഗം കൈയാളുന്ന രാഷ്ട്രീയക്കാരന് പുതിയ അനുഭവമായിരിക്കും. വേദികളിലൊന്നായ കൊച്ചിയില്‍ മെല്ലെപ്പോക്ക് നയം തുടര്‍ന്ന അധികാരികള്‍ക്ക് ലോകകപ്പ് വേദി നഷ്ടപ്പെടുമെന്ന നിലപാടെടുക്കാന്‍ ഒരുവേള ഫിഫ തയ്യാറായതാണ്.

ചരിത്രത്തിലേക്ക്

ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് നടത്താനുള്ള ഭാഗ്യമെന്ന ചരിത്രനിയോഗത്തിന് പുറമേ നിരവധി കാര്യങ്ങള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നതാണ് ഈ ലോകകപ്പ്. ഒരു വനിതാ റഫറി പുരുഷ ടൂര്‍ണമെന്റില്‍ മത്സരം നിയന്ത്രിക്കുക എന്ന വിസ്മയത്തിനും ഈ ലോകകപ്പ് വേദിയായി. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള എസ്തര്‍ സ്‌റ്റോബ്ലിക്കാണ് ഈ അവസരം ലഭിച്ചത്. കാണികളുടെ കാര്യത്തിലും ഇന്ത്യന്‍ ലോകകപ്പ് റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. 1985ല്‍ ചൈനയില്‍ നടന്ന ലോകകപ്പില്‍ 12,31,000 പേര്‍ കളി സ്റ്റേഡിയത്തിലിരുന്നു വീക്ഷിച്ചു എന്ന റെക്കോര്‍ഡാണ് ഇതോടുകൂടി പഴങ്കഥയായത്. 13,28,733 പേര്‍ ആറ് വേദികളിലായി കളി കാണാനെത്തിയിട്ടുണ്ട്. ആദ്യമായി ഒരു ഇന്ത്യന്‍ താരം ഗോള്‍ നേടുന്നതിനും ഈ ലോകകപ്പ് സാക്ഷിയായി. ജീക്‌സണ്‍ സിംഗാണ് 130 കോടി ജനങ്ങള്‍ക്കുവേണ്ടി ലോകകപ്പില്‍ വല കുലുക്കിയത്.

ഫൈനല്‍ മത്സരത്തിന് തലേന്ന് കൊല്‍ക്കത്തയില്‍ നടന്ന ഫിഫയുടെ ജനറല്‍ കൗണ്‍സിലിലെ ആലോചനകള്‍ പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍-17 ലോകകപ്പ് ഈ പ്രായപരിധിയിലെ അവസാന ലോകകപ്പാകാനും സാധ്യതയുണ്ട്. ടൂര്‍ണമെന്റുകളുടെ ആധിക്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി അണ്ടര്‍-17 ലോകകപ്പ് ഒഴിവാക്കാന്‍ ഫിഫ തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് അണ്ടര്‍-17 പരിധിയിലെ അവസാന ലോകകപ്പായി ചരിത്രത്തില്‍ സ്ഥാനംപിടിക്കും.

തനിനിറം കാട്ടി മലയാളി

പഠിച്ചതേ പാടൂ എന്ന മലയാളിയുടെ മനോഭാവത്തിനുള്ള ഉദാഹരണം കൂടിയാണ് കൊച്ചിയിലെ സംഘാടനം. അവസാന മത്സരം കഴിഞ്ഞപ്പോള്‍ റഫറിമാരുടെ ഉപകരണങ്ങളും പരിശീലനത്തിനായി ഉപയോഗിച്ച പന്തും മോഷ്ടിക്കപ്പെട്ട വാര്‍ത്തയാണ് നാം കേട്ടത്. കുഗ്രാമങ്ങളിലെ സെവന്‍സ് ടൂര്‍ണമെന്റുകള്‍ പോലുള്ള ഒന്നാണ് ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് എന്ന മിഥ്യാധാരണ ആയിരിക്കാം ഇത്തരമൊരു പ്രവൃത്തിക്ക് അത്തരമാളുകളെ പ്രേരിപ്പിച്ചത്. നാട്ടിന്‍പുറത്തെ ടൂര്‍ണമെന്റില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയാല്‍ പന്ത് ആര്‍ക്ക് കിട്ടിയോ അവന്‍ സ്വന്തമാക്കുകയെന്ന ശീലം ഇവിടെയും ചിലര്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകകപ്പിന്റെ പ്രചരണാര്‍ഥം “വണ്‍ മില്യന്‍ ഗോള്‍” പരിപാടിയില്‍ പങ്കെടുത്ത് “ആളില്ലാ പോസ്റ്റില്‍” ഗോളടിച്ചവര്‍ തന്നെ ലോകകപ്പ് നടക്കുന്ന സമയം ഹര്‍ത്താല്‍ പ്രഖ്യാപിച്ച നാടാണല്ലോ നമ്മുടേത്. ഇത് കൗമാര ലോകകപ്പല്ലേ, സ്‌കൂള്‍ കുട്ടികളുടെ കളിയല്ലേ എന്നെല്ലാമുള്ള ചിന്തയില്‍ നിന്നാണ് ഇത്തരം ആഹ്വാനങ്ങളും പ്രവൃത്തികളും സംഭവിക്കുന്നത്. ലോകരാജ്യങ്ങളില്‍ ലൈവായി കാണിക്കുന്ന ഒരു ഏര്‍പ്പാടാണ് അണ്ടര്‍-17 ലോകകപ്പെന്നത്. പ്രിന്റ് മീഡിയയിലും ഇതിന് വന്‍ കവറേജാണ് കൊടുക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഇത്തരം മേളകള്‍ നടക്കുമ്പോള്‍ വിവിധ മാധ്യമ റിപ്പോര്‍ട്ടര്‍മാരുടെ ടൂര്‍ ഡയറികള്‍ വായിക്കുന്നവരാണ് മലയാളികള്‍. ഇങ്ങനെയാണ് ആ രാജ്യത്തേയും അവിടങ്ങളിലെ കായികസംസ്‌കാരത്തേയും നാമറിയുന്നത്. അതിനുപകരം നാം ഹര്‍ത്താലും കെടുകാര്യസ്ഥതയുമാണോ ലോകജനതക്ക് മുന്നില്‍ വരച്ചുകാട്ടേണ്ടത്.

ഫിഫയുടെ നിഷ്‌കര്‍ഷ പ്രകാരമുള്ള സൗകര്യമൊരുക്കാത്തതിന്റെ പേരില്‍ അവസാന നിമിഷം കൊച്ചിയില്‍ കാണികളുടെ എണ്ണം കുറച്ചത് നമ്മുടെ അഴകൊഴമ്പന്‍ നയത്തിന്റെ ഭാഗമായിരുന്നു. 41,000 എന്നതില്‍നിന്ന് സുരക്ഷാഉദ്യോഗസ്ഥരും വി ഐ പികളും അടക്കം 32,000ത്തിലേക്ക് കാണികളുടെ എണ്ണം ഫിഫക്ക് ചുരുേക്കണ്ടിവന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുമ്പോള്‍ അമ്പതിനായിരവും അറുപതിനായിരവും വന്ന കൊച്ചിയില്‍ ലോകകപ്പ് നടന്നിട്ട് അനുവദിച്ച 32,000 എന്നതിലേക്ക് ഒരു കളിക്കും കാണികളെത്തിയില്ലെന്നതും കേരളത്തിലെ അധികാരികള്‍ ചിന്തിക്കേണ്ട വിഷയമാണ്. അതും മലയാളികളുടെ ഇഷ്ട ടീമുകളായ ബ്രസീലും സ്‌പെയിനും കളിച്ചിട്ട്. ഫിഫയുടെ കര്‍ശന നിയന്ത്രണങ്ങള്‍ എന്നുപറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അത് വിലപ്പോവില്ലെന്നതാണ് സത്യം. കാരണം അങ്ങനെയാണെങ്കില്‍ കൊല്‍ക്കത്തയിലും കാണികളുടെ കാര്യത്തില്‍ കുറവ് സംഭവിക്കേണ്ടതായിരുന്നു. അവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, ഫിഫയെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു കൊല്‍ക്കത്തയിലെ കാണികളുടെ സാന്നിധ്യവും സപ്പോര്‍ട്ടും. ശക്തമായ താക്കീതുകള്‍ നല്‍കി പ്രാദേശിക സംഘാടകരെ വരച്ചവരയില്‍ നിര്‍ത്തിയ ഫിഫക്ക് “പണി” കൊടുക്കാന്‍ ആരെങ്കിലും ശ്രമിച്ചോ എന്നത് ഇവിടെ ചിന്തനീയമാണ്.
യൂറോപ്പും ലാറ്റിനമേരിക്കയും ഫുട്‌ബോള്‍ വളര്‍ച്ചയുടെ പരമകോടിയില്‍ നില്‍ക്കുമ്പോള്‍ ഇനി വിശാലമായ ഏഷ്യന്‍ മണ്ണാണ് ഫുട്‌ബോള്‍ വികസനത്തിനായിട്ടുള്ളതെന്ന ഫിഫയുടെ കാഴ്ചപ്പാട് പരമാവധി മുതലെടുത്ത് രാജ്യത്ത് കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും വളര്‍ന്നുവരുന്ന തലമുറയെ ചെറുപ്പത്തില്‍ കണ്ടെത്തി പരിശീലനം കൊടുത്ത് വളര്‍ത്താനും അധികാരികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാത്തപക്ഷം അണ്ടര്‍-17 ലോകകപ്പിന് വേണ്ടി ചെലവിട്ട 3000 കോടി വൃഥാവിലാകുമെന്നതില്‍ സംശയമില്ല. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ പതാകകള്‍ ഗ്രാമവീഥികളില്‍ നിറയുന്നതിന് പകരം നമ്മുടെ ദേശീയപതാകയും ദേശീയ ടീമിന്റെ ഫഌക്‌സുകളും നിറയണമെങ്കില്‍ അത്തരം ദീര്‍ഘകാലപദ്ധതികള്‍ ആവശ്യമാണ്. അങ്ങനെ രാജ്യത്തെ ഫുട്‌ബോളിനെ വൈദേശികാധിപത്യത്തില്‍നിന്നും മോചിപ്പിച്ചെടുക്കേണ്ടതുണ്ട്.