Connect with us

Kerala

കേരളത്തില്‍ ആത്മഹത്യാ പ്രവണത കൂടുന്നു

Published

|

Last Updated

കേരളത്തില്‍ ആത്മഹത്യാ പ്രവണത ദേശീയ ശരാശരിയേക്കാള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ ആറ് ശതമാനമായിരിക്കുമ്പോള്‍ കേരളത്തിലിത് 12.6 ശതമാനമാണ്. ബെംഗളുരു നിംഹാന്‍സ് നടത്തിയ പഠനത്തെത്തുടര്‍ന്ന് പ്രസിദ്ധീകരിച്ച നാഷനല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേ കേരള ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട 12 സംസ്ഥാനങ്ങളില്‍ നിംഹാന്‍സില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ കേരളത്തില്‍ ഇംഹാന്‍സ് ആണ് സര്‍വേ നടത്തിയത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം പഠനങ്ങളൊന്നും കാര്യമായി നടക്കാത്തത് കേരളത്തിലെ വര്‍ധിച്ച കണക്കിന് കാരണമാകുന്നുണ്ടെങ്കിലും എന്തുകൊണ്ട് കേരളത്തിലേതെന്ന് പരിശോധിക്കണമെന്ന് വിദഗധര്‍ പറയുന്നു.

സാധാരണ മാനസിക രോഗങ്ങളുടെ നിരക്ക് കേരളത്തില്‍ 11 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി മൂലമുള്ള രോഗങ്ങള്‍ പുരുഷന്‍മാരില്‍ വര്‍ധിക്കുമ്പോള്‍ വിഷാദ രോഗം സ്ത്രീകളിലാണ് കൂടുതല്‍. ഗാര്‍ഹിക പീഡനങ്ങള്‍ ഉള്‍പ്പെടെ ഇതിന് കാരണമാകുന്നു.

സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍ ചേര്‍ന്നുള്ള ഗുരുതരമായ മാനസിക രോഗം 0.44 ശതമാനം പേര്‍ക്കുണ്ട്. മദ്യപാനം മൂലമുള്ള മാനസിക പ്രശ്‌നങ്ങളും കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഇതേ സമയം പുകവലി മൂലമുള്ള പ്രശ്‌നങ്ങള്‍ കേരളത്തില്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

കേരളത്തില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും മാനസിക രോഗം വന്നവരുടെ നിരക്ക് 14.4 ശതമാനം ആണ്. സ്‌കിസോഫ്രീനിയ, വിഷാദരോഗം, വിഷാദ-ഉന്മാദ രോഗം, ഉത്കണ്ഠ രോഗങ്ങള്‍ എന്നിവ ഈ കണക്കില്‍ ഉള്‍പ്പെടുന്നു.

ഗുരുതരമായ മാനസിക രോഗങ്ങള്‍ കേരളത്തില്‍ 0.44 ശതമാനമാവുമ്പോള്‍ ദേശീയ തലത്തില്‍ ഇത് 0.77 ശതമാനം ആണ്. ഉത്കണ്ഠ രോഗങ്ങള്‍ കേരളത്തില്‍ 5.43 ശതമാനവും ദേശീയ തലത്തില്‍ 3.5 ശതമാനവുമാണ്.

കേരളത്തില്‍ തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഈ വാര്‍ഡുകളിലെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളിലാണ് പഠനം നടത്തിയത്. അതുകൊണ്ട് തന്നെ കുട്ടികള്‍ ഈ പഠനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ജില്ലകളും വാര്‍ഡുകളും വീടുകളും തിരഞ്ഞെടുത്തത് ശാസ്ത്രീയമായ രീതിയിലാണ്. അതുകൊണ്ട് തന്നെ ഈ ഡാറ്റ കേരളത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന റപ്രസെന്റിറ്റീവ് സാമ്പിള്‍ ആണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഷിബു പറഞ്ഞു.

 

 

Latest