Connect with us

Editorial

ഓണ്‍ലൈന്‍ തട്ടിപ്പുകാരും

Published

|

Last Updated

ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നത് ബേങ്കിംഗ് ഉപഭോക്താക്കളെ ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്ത് മാത്രം രണ്ട് പേര്‍ക്കായി ഏകദേശം 1.7 ലക്ഷം രൂപയാണ് നഷ്ടമായത്. എന്നാല്‍ ഈ സംഭവത്തില്‍ ഏറെ ആശ്ചര്യപ്പെടുത്തുന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുതിയമാനം കൈവന്നിരിക്കുന്നുവെന്നതാണ്. സാധാരണ രീതിയില്‍ ഒ ടി പി (ഒറ്റത്തവണ പാസ്‌വേര്‍ഡ്) നമ്പര്‍ ചോര്‍ത്തിയാണ് തട്ടിപ്പുകള്‍ നടക്കാറുള്ളതെങ്കില്‍ ഒ ടി പി ചോര്‍ത്താതെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നതാണ് ഞെട്ടിപ്പിക്കുന്നത്. തലസ്ഥാനത്ത് തട്ടിപ്പിനിരയായവരില്‍ ഒരാളുടെ കാര്‍ഡില്‍ വിദേശത്താണ് പണമിടപാട് നടന്നതെങ്കില്‍ മറ്റെയാളുടെ കാര്‍ഡുപയോഗിച്ച് ഇ വാലറ്റിലേക്ക് പണം മാറ്റുകയാണ് ചെയ്തിട്ടുള്ളത്. ഒറ്റത്തവണ പാസ്‌വേര്‍ഡ് ഇല്ലാതെ തന്നെ തട്ടിപ്പ് നടന്നിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് വ്യക്തതയില്ല. പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി എത്തിയ വിനോദ് എന്നയാള്‍ക്ക് 1,00,300 രൂപയാണ് വിവിധ ഇടപാടുകളിലായി നഷ്ടമായത്. ഓരോ ഇടപാടുകള്‍ക്കും അദ്ദേഹത്തിന്റെ ഫോണില്‍ ഒറ്റത്തവണ പാസ്‌വേര്‍ഡ് ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് ആര്‍ക്കും കൈമാറിയിരുന്നില്ല. ഇതു സംബന്ധിച്ച് ഫോണിലൂടെ പരാതി പറയുന്നതിനിടെയാണ് പണം നഷ്ടമായതെന്നാണ് വിനോദ് പറയുന്നത്. എസ് ബി ഐയുടെ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ-വാലറ്റുകളിലേക്ക് ഇടപാട് നടത്തിയിരിക്കുന്നുവെന്ന സന്ദേശവും ലഭിച്ചിരുന്നു. പാസ്‌വേര്‍ഡ് കൈമാറാതെ തന്നെ പണം നഷ്ടമായ സ്ഥിതിക്ക് അദ്ദേഹത്തിന്റെ ഫോണിലെ വിവരങ്ങള്‍ ഹാക്ക് ചെയ്താണോ പുതിയ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പോലീസ് പരിശോധിക്കുന്നത്.

ഏതാനും മാസങ്ങളായി പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായാണെന്ന് പോലീസും വ്യക്തമാക്കുന്നു. പട്ടം സ്വദേശിയായ പ്രമോദ് എന്നയാള്‍ക്ക് 68,000 രൂപ നഷ്ടമായതില്‍ ഇടപാടുകളെല്ലാം അമേരിക്കന്‍ ഡോളറിലായിരുന്നു നടന്നതെന്നാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. ഈ ഇടപാടുകള്‍ നടന്നത് സംബന്ധിച്ച് സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ക്രെഡിറ്റ്കാര്‍ഡ് സാധാരണ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തരത്തില്‍ ഒ ടി പി ലഭിച്ചിരുന്നുമില്ല. എന്നാല്‍, ഇടപാട് സംബന്ധിച്ച സന്ദേശം ലഭിച്ചിരുന്നുവെങ്കിലും എവിടെയാണെന്ന് വ്യക്തമാകാത്ത തരത്തിലായിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ബേങ്ക് ലയനത്തിന്റെപേരിലും അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന്റെ പേരിലും ബേങ്ക് അക്കൗണ്ട് പരിശോധനയുടെ പേരിലും വ്യാജ ഫോണ്‍വിളികള്‍ നടത്തി മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ ടി പി മനസ്സിലാക്കിയാണ് സാധാരണ രീതിയില്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇത്തരത്തില്‍ ഒ ടി പി മനസ്സിലാക്കിയ ശേഷം അക്കൗണ്ട് ഉടമയുടെ പണം തട്ടിപ്പുകാരുടെ മൊബൈല്‍ വാലറ്റിലേക്ക് മാറ്റും. തുടര്‍ന്ന് അവരുടെ കൂട്ടാളികളുടെ മൊബൈല്‍ വാലറ്റിലേക്കോ അക്കൗണ്ടുകളിലേക്കോ മാറ്റുകയാണ് പതിവ്. ഇത്തരത്തില്‍ കൈമാറുന്ന പണം ഉടന്‍തന്നെ എ ടി എം വഴി പിന്‍വലിക്കുകയോ ഓണ്‍ലൈന്‍വഴി സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുകയോ ചെയ്യും.

എന്നാല്‍, പതിവില്‍ നിന്ന് വ്യത്യസ്തമായി ഇവിടെയുള്ള കാര്‍ഡ് ഉപയോഗിച്ച് ഒറ്റത്തവണ പാസ്‌വേര്‍ഡ് പോലുമില്ലാതെ വിദേശത്ത് എങ്ങനെ ഇടപാട് നടന്നുവെന്നതാണ് പോലീസിനെയും ഞെട്ടിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിക്കാത്തതും ആശങ്കയുടെ ആഴം കൂട്ടുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പണം നഷ്ടമായിരിക്കുന്നവരില്‍ മിക്കവര്‍ക്കും അക്കൗണ്ടുള്ളത് പൊതുമേഖലാ ബേങ്കുകളിലാണെന്നതും ദുരൂഹത ഉയര്‍ത്തുന്നതാണ്. അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ, എത്ര തുക അക്കൗണ്ടില്‍ ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം തട്ടിപ്പ് സംഘം എങ്ങനെ മനസ്സിലാക്കുന്നുവെന്നുള്ളതാണ് സംശയം ജനിപ്പിക്കുന്നത്. അതേസമയം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന് റിസര്‍വ് ബേങ്ക് പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം തട്ടിപ്പിലൂടെയോ അനധികൃത ഡിജിറ്റല്‍ ഇടപാടിലൂടെയോ സ്വന്തം പണം നഷ്ടമായെന്ന് ബേങ്കിനെ അറിയിച്ചാല്‍ പിന്നെ ഇടപാടുകാരന് അതില്‍ യാതൊരു ബാധ്യതയും ഉണ്ടാവില്ലെന്നും നഷ്ടപ്പെട്ട പണത്തിന്റെ ഉത്തരവാദിത്വം അതത് ബേങ്കുകള്‍ക്ക് മാത്രമാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ആര്‍ ബി ഐ ഉള്‍പ്പെടെ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ബേങ്കിംഗ് സുരക്ഷയെ സംബന്ധിച്ച് വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പോലീസിന് നിലവിലുള്ള നിയമങ്ങള്‍ മുഖേന സമയോചിത ഇടപെടല്‍ സാധ്യമല്ലെന്ന് മാത്രമല്ല, ഈ കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ആവശ്യമായ പരിജ്ഞാനം എല്ലാ പോലീസ് സ്റ്റേഷനുകളിലും ബേങ്കിന്റെ എല്ലാ ശാഖകളിലും ഉണ്ടാവണമെന്നുമില്ല. അതിനാല്‍ സൈബര്‍ സെല്ലുകളുടെയും ബേങ്കിന്റെ കേന്ദ്രീകൃത സംവിധാനങ്ങളുടെയും സഹായത്തോടെ സത്വര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. തട്ടിപ്പുകള്‍ നിരന്തരമാകുന്നതിനാലും കുറ്റവാളികള്‍ പിടിക്കപ്പെടാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലും ആധുനിക ബേങ്കിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് സാധാരണക്കാര്‍ക്ക് മടി ഉണ്ടാവാം. തട്ടിപ്പിന് ഇരയായാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ വേറെയും. അതിനാല്‍ ഇതുപോലുള്ള തട്ടിപ്പുകള്‍ തടയാന്‍ ശാശ്വതമായ പ്രതിവിധികള്‍ കണ്ടേ മതിയാകൂ.

Latest