അക്ഷര്‍ധാം ഭീകരാക്രമണ‌ം: മുഖ്യ സൂത്രധാരന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

Posted on: November 4, 2017 9:38 pm | Last updated: November 4, 2017 at 9:38 pm
SHARE

അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം ക്ഷേത്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുല്‍ റഷീദ് അജ്മീരി എന്നയാളാണ് പിടിയിലായത്. സംഭവം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അറസ്റ്റിലാകുന്നത്.

ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് റഷീദെന്ന് അഹമ്മദാബാദ് ഡിവൈഎസ്പി ദീപന്‍ ഭദ്രന്‍ പറഞ്ഞു. ഇയാള്‍ സഹോദരനെ കാണാന്‍ അഹമ്മദാബാദില്‍ എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണം നടത്താന്‍ ലഷ്‌കറെ ത്വയ്യിബക്ക് ഇയാള്‍ സഹായം നല്‍കിയെന്നും പോലീസ് പറഞ്ഞു.

ഭീകരാക്രമണം നടക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ റിയാദിലേക്ക് രക്ഷപ്പെട്ടിരുന്നു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പേര്‍ടക്കം ആറ് പ്രതികളെ 2014ല്‍ സുപ്രീം കോടതി വെറുതെവിട്ടിരുന്നു.

2002 സെപ്തംബര്‍ 24ന് അക്ഷര്‍ധാം ക്ഷേത്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ മരിക്കുകയും 80ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.