ജനാധിപത്യം കാര്‍ന്ന് തിന്നുന്ന ചിതലാണ് കോണ്‍ഗ്രസ് : മോദി

Posted on: November 4, 2017 8:27 pm | Last updated: November 5, 2017 at 12:17 pm
SHARE

കാന്‍ഗ്ര:ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ ചിതലിനെപ്പോലെ തുരത്തണമെന്നാണ് കാംഗ്ര ജില്ലയിലെ ചാംബിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മോദി ആരോപിച്ചു.

ന്‌ല തലമുറമാറിയിട്ടും കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. തടി ചിതലരിക്കുന്നതുപോലെ ജനാധിപത്യത്തെ കോണ്‍ഗ്രസ് തിന്നുകൊണ്ടിരിക്കുന്നു.ഇതിനാല്‍ ചിതലിനെ തുരത്തുന്നതുപോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുരത്തണമെന്ന് മോദി പറഞ്ഞു.

ബി.ജെ.പിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കാനല്ല മൂന്നില്‍ രണ്ട് ഭൂരിപക്ഷം നല്‍കണമെന്ന് ആവശ്യപ്പെടാനാണ് താന്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ നവംബര്‍ എട്ട് കരിദിനമായി ആചരിക്കാനും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുവാനുമാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍, സര്‍ദാര്‍ പട്ടേലിന്റെ ശിഷ്യനായ തന്നെ തകര്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് അറിയില്ല.

 

നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പ്രചാരണത്തിനായി നവംബര്‍ ആറിന് സംസ്ഥാനത്തെത്തും. രാഹുല്‍ മൂന്ന് റാലികളില്‍ പങ്കെടുക്കും.