വിമാനയാത്രക്കാരെ പാതി വഴിയില്‍ ഇറക്കിവിട്ടു; ബസ് പിടിച്ച് പോകാന്‍ നിര്‍ദേശവും

Posted on: November 4, 2017 8:10 pm | Last updated: November 4, 2017 at 8:10 pm

ലാഹോര്‍: വിമാനയാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട് ബസ് പിടിച്ച് പോകാന്‍ നിര്‍ദേശം. പാക്കിസ്ഥാന്റ ഔദ്യോഗിക വിമാന സര്‍വീസായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സാണ് പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചത്.

അബൂദബിയില്‍ നിന്ന് റഹീം യാര്‍ ഖാനിലേക്ക് പുറപ്പെട്ട വിമാനം ലാഹോറില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരോട് അവരവരുടെ സ്ഥലങ്ങളിലേക്ക് ബസിന് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനായി ബസ് ഏര്‍പ്പെടുത്തിയതായി വിമാന ജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചെങ്കിലും യാത്രക്കാര്‍ വഴങ്ങിയില്ല. അവര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ലാഹോറില്‍ നിന്ന് 625 കിലോമീറ്റര്‍ അകലെയാണ് റഹീം യാര്‍ ഖാന്‍.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പൈലറ്റിന് കാഴ്ചക്ക് തടസ്സം നേരിട്ടതിനാലാണ് വിമാനം ലക്ഷ്യസ്ഥാനത്തിന് മുമ്പ് ഇറക്കിയതെന്നാണ് വിമാന അധികൃതരുടെ വിശദീകരണം.