കമല്‍ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്‌ക്കെതിരായ കൊലവിളി : പിണറായി വിജയന്‍

Posted on: November 4, 2017 8:07 pm | Last updated: November 4, 2017 at 8:45 pm
SHARE
*

കമല്‍ഹാസനെ വെടിവെച്ചുകൊല്ലണമെന്ന ഹിന്ദു മഹാസഭയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മത നിരപേക്ഷതയ്‌ക്കെതിരായ കൊലവിളി തന്നെയാണിതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കൊലപാതക ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത വര്‍ഗീയ ശക്തികളെ നിയമപരമായി നേരിടണം. കമല്‍ ഹാസനെതിരെ വധഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ല.
മഹാത്മജിക്കും ഗോവിന്ദ് പന്‍സാരെ, ധാബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങള്‍ക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തി ജനങ്ങള്‍ അണിനിരക്കുന്ന മുന്നേറ്റമാണ് ഈ കുടില ശക്തികള്‍ക്കെതിരെ രാജ്യത്താകെ ഉയരേണ്ടത്.
വര്‍ഗീയ വിഭാഗീയ അജണ്ടയുമായി ജനങ്ങളെ വിഭജിക്കാനും സാമൂഹിക ജീവിതം കലുഷമാക്കാനും അശാന്തി വിതയ്ക്കാനും മുതിരുന്ന ഒരു ശക്തിയെയും അംഗീകരിക്കാനാവില്ല.
കമല്‍ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്‌ക്കെതിരായ കൊലവിളി തന്നെയാണ്. ശക്തമായി പ്രതിഷേധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here